• HOME
  • »
  • NEWS
  • »
  • crime
  • »
  • മണി ചെയിൻ മോഡലിൽ കേരളത്തിലും തമിഴ്നാട്ടിലും തട്ടിപ്പ്; 50 കോടി രൂപയോളം തട്ടിപ്പ് നടത്തിയ മീശ ബാബു പിടിയിൽ

മണി ചെയിൻ മോഡലിൽ കേരളത്തിലും തമിഴ്നാട്ടിലും തട്ടിപ്പ്; 50 കോടി രൂപയോളം തട്ടിപ്പ് നടത്തിയ മീശ ബാബു പിടിയിൽ

ചാരായ കച്ചവടക്കാരനിൽ നിന്നും മണി ചെയിൻ തട്ടിപ്പുകാരനായി വളർന്ന മീശ ബാബു. പറഞ്ഞു പറ്റിച്ച്  നിക്ഷേപം സ്വീകരിച്ചത് 35,000 ത്തോളം പേരിൽ നിന്ന് എന്ന് പോലീസ്

  • Last Updated :
  • Share this:
മലപ്പുറം: മണിചെയിൻ മോഡലിൽ തമിഴ്നാട്ടിലും ബംഗാളിലും കേരളത്തിലെ  വിവിധ ജില്ലകളിൽ നിന്ന് കോടികൾ തട്ടിയ  സംഘത്തിലെ മുഖ്യ കണ്ണി പിടിയിൽ. തൃശ്ശൂർ തൃക്കൂർ തലോർ സ്വദേശി ഊട്ടോളി ബാബു (50) എന്ന മീശ ബാബുവാണ് കൊണ്ടോട്ടി പോലീസിന്റെ പിടിയിലായത്. തൃശ്ശൂരിലെ ഒളിത്താവളത്തിൽ മറ്റൊരു പേരിൽ കമ്പനി നിർമ്മിച്ച് പണം തട്ടാൻ ഉള്ള പദ്ധതി ആസൂത്രണം ചെയ്യവേയാണ്  പ്രത്യേക അന്വേഷണ സംഘം ബാബുവിനെ തിങ്കളാഴ്ച വൈകീട്ടോടെ കസ്റ്റഡിയിൽ എടുത്തത്.

ജൂൺ 13 ന്  കൊണ്ടോട്ടി മുസ്ലിയാരങ്ങാടി സ്വദേശിയുടെ 23 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അന്തർ സംസ്ഥാന തട്ടിപ്പു സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. 2020 ഒക്ടോബർ 15  നാണ് തൃശ്ശൂരും കോഴിക്കോടും കേന്ദ്രീകരിച്ച് ആർ വൺ ഇൻഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ്  എന്ന സ്ഥാപനം പാലക്കാട് പട്ടാമ്പി സ്വദേശി രതീഷ് ചന്ദ്രയും ബാബുവും ചേർന്ന് തുടങ്ങുന്നത്. മൾട്ടി ലവൽ ബിസിനസ് നടത്തുന്ന ചിലരെ കൂടെ കൂടി തട്ടിപ്പിന് ഇവർ വേഗം കൂട്ടി.

കേരളത്തിലെ എല്ലാ ജില്ലകളിലും എക്സിക്യൂട്ടിവുമാരെ വൻ സാലറികളിൽ നിയമിച്ചു. 11,250 രൂപ കമ്പനിയിൽ അടച്ചു ചേരുന്ന ഒരാൾക്ക് 6 മാസം കഴിഞ്ഞ് 2 വർഷത്തിനുള്ളിൽ 10 തവണകളായി 2,70, 000 രൂപ ലഭിക്കും എന്നായിരുന്നു വാഗ്ദാനം. കൂടാതെ ആർപി ബോണസ് ആയി 81 ലക്ഷം രൂപ കൂടാതെ റഫറൽ കമ്മീഷനായി 20% വും ലഭിക്കും. ഒരാളെ ചേർത്താൽ 2000 രൂപ ഉടനടി അക്കൗണ്ടിൽ എത്തും 100 പേരെ ചേർത്താൽ കമ്പനിയുടെ സ്ഥിരം സ്റ്റാഫും വൻ സാലറിയും. കമ്പനിയുടെ മോഹന വാഗ്ദാനത്തിൽ വീണത് ഗൾഫിൽ ജോലി ചെയ്യുന്നവരും വീട്ടമ്മമാരും കുടുംബശ്രീയിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെടെ 35000 ഓളം പേരാണ്.

Also Read- പെരിന്തൽമണ്ണയിൽ വീണ്ടും പോലീസിൻ്റെ വൻ കുഴൽപ്പണ വേട്ട; ഒന്നേകാൽ കോടിയോളം പിടിച്ചെടുത്തു

പലർക്കും കമ്പനി പറഞ്ഞ ലാഭവും നിക്ഷേപിച്ച പണവും തിരികെ ലഭിക്കാതായതോടെ തട്ടിപ്പ് മനസിലായി തുടങ്ങി. പലരും  പരാതിയുമായി പോലീസിനെ സമീപിച്ചു. പോലീസ് സൈബർ ഡോമിന്റെ പേരിൽ വ്യാജ ബ്രൗഷറുകൾ വിതരണം ചെയ്തും വിവിധ ബിസിനസ് മാസികകളില്‍ സ്പോണ്‍സേര്‍ഡ് ലേഖനങ്ങള്‍ പ്രസിദ്ധീകരിപ്പിച്ചും ആണ് പ്രതികൾ തട്ടിപ്പു നടത്തി വന്നത്.

Also Read- 'ലേയ്സ് ചോദിച്ചിട്ട് കൊടുത്തില്ല'; യുവാവിനെ മദ്യപാനികൾ ക്രൂരമായി മര്‍ദിച്ചതായി പരാതി

തട്ടിപ്പിലൂടെ സമ്പാദിച്ച പണം ആഡംബര വാഹനങ്ങൾ വാങ്ങുന്നതിനും ഫ്ലാറ്റുൾപ്പെടെ സ്ഥലങ്ങൾ വാങ്ങുന്നതിനും ഉപയോഗിച്ചതായും ക്രിപ്റ്റോ കറസിയാക്കി വിദേശത്തേക്ക് കടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. തൃശ്ശൂരിൽ വ്യാജ ചാരായം വില്പന നടത്തിവന്ന മീശ ബാബുവിന്റെ വളർച്ച വളരെ പെട്ടന്നായിരുന്നു. ഇയാളുടെ പേരിൽ പുതുക്കാട്, ഒല്ലൂർ, ചാലക്കുടി എക്സൈസ് എന്നിവിടങ്ങളിൽ ചാരായം വില്പന നടത്തിയതിന് കേസുണ്ട്. ഇയാളെ പിടികൂടിയതറിഞ്ഞ് നിരവധി പേരാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. കൂടുതൽ അന്വേഷണങ്ങൾക്കും തെളിവെടുപ്പിനുമായി  ഇയാളെ കസ്റ്റഡിയിൽ വാങ്ങും.

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ പി എസിന്  ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡിവൈഎസ്പി അഷറഫിന്റെ നേതൃത്വത്തിൽ കൊണ്ടോട്ടി ഇൻസ്പക്ടർ മനോജ് എസ് ഐ നൗഫൽ പ്രത്യേക  സംഘാംഗങ്ങളായ പി.സഞ്ജീവ്, ഷബീർ ,രതീഷ് ഒളരിയൻ ,സബീഷ്, സുബ്രഹ്മണ്യൻ , പ്രശാന്ത് എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തി വരുന്നത്.
Published by:Naseeba TC
First published: