കൊച്ചി: ആഴക്കടലിലെ ലഹരിക്കടത്തിൽ പിടികൂടിയത് ഇരുപത്തി അയ്യായിരം കോടി രൂപയുടെ മെത്താംഫെറ്റമിൻ. പിടികൂടിയ ലഹരിവസ്തുക്കളുടെ കണക്കെടുപ്പ് പൂർത്തിയായപ്പോൾ പിടികൂടിയത് 2525 കിലോഗ്രാം മെത്താംഫെറ്റമീൻ ആണെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറിയിച്ചു. ഉയർന്ന ഗുണനിലവാരമുള്ളതിനാലാണ് മൂല്യവും വർധിച്ചത്. 23മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിലാണ് കണക്കെടുപ്പ് പൂർത്തിയായത്.
പിടികൂടിയത് പതിനയ്യായിരം കോടിയുടെ ലഹരിവസ്തുക്കൾ എന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. പിടികൂടിയ ലഹരിമരുന്നും പാക്കിസ്ഥാൻ പൗരനേയും നാളെ കോടതിയിൽ ഹാജരാക്കും. ഇയാളുടെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്.
Also Read- Exclusive | കേരളതീരത്ത് 12000 കോടിയുടെ ലഹരിമരുന്ന് പിടികൂടി; രാജ്യത്തെ ഏറ്റവും വലിയ ലഹരിവേട്ട
ലഹരിമരുന്ന് പിടിച്ച സംഭവത്തിൽ എൻസിബിയും ഇന്ത്യൻ നേവിയും അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. രക്ഷപ്പെട്ട രണ്ട് ബോട്ടുകൾ കണ്ടെത്താൻ ഇന്ത്യൻ മഹാസമുദ്രത്തിൽ വ്യാപക പരിശോധനകളും നടക്കുന്നുണ്ട്.
പാക്കിസ്ഥാനിൽ നിന്ന് ലഹരി വസ്തുക്കളുമായി അഞ്ചു ബോട്ടുകളാണ് കൊച്ചിയിൽ സമുദ്രാതിർത്തിയിൽ എത്തിയത്. കേന്ദ്ര ഏജൻസികൾ ബോട്ടുകൾ നിരീക്ഷിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ലഹരി നിറച്ച രണ്ടു ബോട്ടുകൾ സാഹസികമായി രക്ഷപ്പെട്ടതായാണ് കണ്ടെത്തൽ. ബോട്ടുകളിൽ നിന്ന് കോടികൾ വിലമതിക്കുന്ന ലഹരി വസ്തുക്കൾ കടലിലേക്ക് വലിച്ചെറിഞ്ഞതായും സംശയമുണ്ട്.
Also Read- കൊച്ചിയിൽ പിടികൂടിയത് 2500 കിലോ മെതാഫെറ്റമിൻ; പാക് പൗരൻ കസ്റ്റഡിയിൽ
പിടിയിലായ പാക് പൗരന് ഒപ്പം ഉണ്ടായിരുന്ന ലഹരി കടത്ത് സംഘത്തിൽ ഉൾപ്പെട്ട മറ്റുള്ളവർ ഈ ബോട്ടുകളിൽ രക്ഷപ്പെട്ടതായും എൻ സി ബി വൃത്തങ്ങൾ പറയുന്നു. കേരളതീരത്ത് കൂടി ശ്രീലങ്ക ലക്ഷ്യമാക്കിയാണ് ബോട്ടുകൾ നീങ്ങിയത് എന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ പാക് പൗരൻ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിരിക്കുന്നത്.
കേന്ദ്ര ഏജൻസികൾ ഇത് പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല. ആഴക്കടലിൽ വെച്ച് തന്നെ ചെറു യാനങ്ങളിൽ പ്രാദേശിക ലഹരി സംഘങ്ങൾക്ക് ഇത് വീതം വെച്ച് നൽകുകയായിരുന്നു സംഘത്തിൻറെ ലക്ഷ്യമെന്നും സംശയമുണ്ട്. കേരളത്തിൽ നിന്ന് അടക്കം ഈ രാജ്യാന്തര ലഹരി ശൃംഖലയിൽ ഉൾപ്പെട്ടവർക്ക് സഹായം നൽകിയിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. ഓപ്പറേഷൻ സമുദ്രഗുപ്തയുടെ ഭാഗമായി നടന്ന രാജ്യം കണ്ട ഏറ്റവും വലിയ ലഹരി വേട്ടയിൽ ശ്രീലങ്കയുടെയും മാലദ്വീപിന്റെയും രഹസ്യാന്വേഷണ വിഭാഗങ്ങൾ കൈമാറുന്ന വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് അന്വേഷണം തുടരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Drug, Indian navy, Narcotic Control Bureau