• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder| മദ്യം ചോദിച്ചിട്ട് നൽകാത്തതിന് സെലീനയുടെ പക; അബ്ദുല്‍ സലാമിന്റെ ജീവനെടുത്തത് കാലിലെ ഒറ്റവെട്ട്

Murder| മദ്യം ചോദിച്ചിട്ട് നൽകാത്തതിന് സെലീനയുടെ പക; അബ്ദുല്‍ സലാമിന്റെ ജീവനെടുത്തത് കാലിലെ ഒറ്റവെട്ട്

മദ്യത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ വെട്ടേറ്റതാണെന്ന് പൊലീസ് പറയുന്നു.

  • Last Updated :
  • Share this:
    തൊടുപുഴയിലെ (Thodupuzha) ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ (Bus Stand) കാലിന് പരിക്കേറ്റ് രക്തം വാർന്ന് മധ്യവയസ്കൻ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്.​ സംഭവുമായി ബന്ധപ്പെട്ട് വെള്ളിയാമറ്റം പന്നിമറ്റം തെക്കേതിൽ വീട്ടിൽ സെലീന (50) അറസ്റ്റിലായി. ലഹരിക്കടിമപ്പെട്ട് സ്ഥിരമായി നഗരത്തിൽ അലഞ്ഞ് തിരിയുന്ന ഉടുമ്പന്നൂർ നടൂപ്പറമ്പിൽ അബ്ദുൽ സലാം (അമ്പി- 52) ആണു കൊല്ലപ്പെട്ടത്. മദ്യത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ വെട്ടേറ്റതാണെന്ന് പൊലീസ് പറയുന്നു.

    തിങ്കളാഴ്ച വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. ടൗൺഹാളിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് പിടിച്ചുപറി, മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള അബ്ദുൽ സലാം സ്ഥിരമായി ഉറങ്ങിയിരുന്നത്. തിങ്കളാഴ്ച വൈകിട്ട് സെലീന ഇവിടെയെത്തി അബ്ദുൽ സലാമിന്റെ പക്കലിരുന്ന മദ്യം ആവശ്യപ്പെട്ടു. നൽകാൻ അബ്ദുൽ സലാം തയ്യാറായില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഇതിനിടെ സെലീന അബ്ദുൽ സലാമിന്റെ കാൽക്കുഴക്ക് മുകളിലായി വെട്ടുകയായിരുന്നു.

    ഗുരുതരമായി മുറിവേറ്റ അബ്ദുൽ സലാം രക്തം ഒഴുകുന്ന നിലയിൽ നഗരത്തിലൂടെ നടക്കുകയും വെയിറ്റിങ് ഷെഡിലെത്തി കിടക്കുകയും ചെയ്തു. അപ്പോഴേക്കും സാരമായ തോതിൽ രക്തം വാർന്ന് പോയിരുന്നു. ഇത് കണ്ട യാത്രക്കാർ പൊലീസിനെ അറിയിച്ചു. പൊലീസെത്തി ഇയാളെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും എത്തിച്ചു. എന്നാൽ ചൊവ്വാഴ്ച രാവിലെയോടെ അബ്ദുൽ സലാം മരിച്ചു. പിന്നാലെ പൊലീസ് സെലീനയെ കസ്റ്റഡിയിലെടുത്തു. എന്നാൽ താനല്ല അക്രമിച്ചതെന്ന നിലപാടിൽ സെലീന ഉറച്ച് നിന്നു.

    Also Read- Arrest | പ്രളയകാലത്ത് മുതുക് ചവിട്ടു പടിയാക്കിയ ജൈസൽ സദാചാരപൊലീസായി പണം തട്ടിയതിന് അറസ്റ്റിൽ


    തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പരിക്കേറ്റ ശേഷം അബ്ദുൽ സലാം നഗരത്തിൽ നടക്കുന്നതിനിടെ പലരുടെയും അടുക്കൽ ചെന്ന് സെലീനയാണ് മുറിവേൽപ്പിച്ചതെന്ന കാര്യം പറഞ്ഞിരുന്നു. ഇവരിൽ ചിലരെ കണ്ടെത്തി ഇക്കാര്യത്തിൽ ഉറപ്പ് വരുത്തിയ ശേഷം ഇന്നലെ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സെലീന കുറ്റം സമ്മതിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് സംഭവ സ്ഥലത്തെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ അക്രമം നടത്തിയ രീതി സെലീന പൊലീസിന് മുന്നിൽ വിവരിച്ചു.

    വെട്ടി പരിക്കേൽപ്പിച്ച ശേഷം നഗരസഭാ പാർക്കിന് സമീപത്തെ കംഫർട്ട് സ്റ്റേഷന് സമീപത്തായി പാലത്തിൽ നിന്ന് കത്തി താഴേക്ക് എറിഞ്ഞു. ഇത് തെളിവെടുപ്പിനിടെ പൊലീസ് കണ്ടെത്തി. കത്തി കളഞ്ഞ ശേഷം ജ്യോതി സൂപ്പർ ബസാറിന് സമീപത്ത് സ്ഥിരമായി സെലീന തങ്ങുന്ന കംഫർട്ട് സ്റ്റേഷനിലെത്തി കുളിച്ച് വസ്ത്രം മാറി. അക്രമ സമയത്ത് ഉപയോഗിച്ച ചോര പുരണ്ട വസ്ത്രം ഉൾപ്പെടെയുള്ളവ ഇവിടെയെത്തിച്ചുള്ള തെളിവെടുപ്പിൽ പൊലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം അബ്ദുൽ സലാമിന്റെ ബന്ധുക്കൾക്ക് വിട്ടുനൽകി.
    Published by:Rajesh V
    First published: