കോതമംഗലം: അതിഥി തൊഴിലാളിയുടെ(Migrant Worker) ഇടിയേറ്റ് ഓട്ടോ ഡ്രൈവറുടെ(Auto Driver) മൂക്കിന്റെ പാലം തകര്‍ന്നു. മുളവൂര്‍ കാരിക്കുഴി അലിയാര്‍ക്കാണ്(55) അതിഥി തൊഴിലാളിയുടെ മര്‍ദനമേറ്റത്. വാരപ്പെട്ടി മൈലൂരില്‍ തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം നടന്നത്. കശാപ്പ് കടയിലേക്ക് ആടുമായി ഗുഡ്‌സ് ഓട്ടോയില്‍ എത്തിയതാരുന്നു അലിയാര്‍.
ഇതിനിടെയാണ് മറ്റൊരു കശാപ്പു കടയിലെ സഹായിയായ അതിഥിത്തൊഴിലാളി എത്തി അലിയാരുമായി വാക്കുതര്‍ക്കം ഉണ്ടാകുകയായിരുന്നു. പ്രകോപിതനായ അതിഥിത്തൊഴിലാളി അലിയാരിനെ ആക്രമിക്കുകയായിരുന്നു. മൂക്കിന് ഇടികിട്ടിയ അലിയാരുടെ എല്ലിന് പൊട്ടലേറ്റ് രക്തം ഒലിച്ചു.
ഉടന്‍ അലിയാരെ സ്വകാര്യ ഡിസ്‌പെന്‍സറിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. പിന്നീട് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് സ്റ്റിച്ചിട്ടു. അതേസമയം കശാപ്പ് കടയിലേക്ക് എത്തിച്ച ആട് രാത്രി വൈകിയും ഇറക്കാനാവാതെ ഓട്ടോയില്‍ തന്നെ തുടരുകയായിരുന്നു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ സ്ഥലത്ത് വിന്യസിപ്പിച്ചു. കോതമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kizhakkambalam | കിഴക്കമ്പലം അക്രമസംഭവത്തിൽ 164 പേർ റിമാൻ്റിൽ
കിഴക്കമ്പലത്ത് (Kizhakkambalam) പോലീസിനെ ആക്രമിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ, പോലീസ് സംഘത്തെ തടഞ്ഞുവെച്ച് മർദ്ദിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രധാനമായും പ്രതികൾക്കെതിരേയുള്ളത്. ഇതര സംസ്ഥാനത്തൊഴിലാളികൾ തമ്മിലുള്ള സംഘർഷം അറിഞ്ഞ് കിഴക്കമ്പലത്ത് എത്തിയ പോലീസിനെ മർദ്ദിച്ച സംഭവത്തിൽ പിടിയിലായ പ്രതികളെ കോലഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എൽ. ഉഷയ്ക്കു മുമ്പാകെ തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് എത്തിച്ചത്.
പ്രതികളുടെ എണ്ണം കൂടുതലായതിനാൽ കേസ് പ്രത്യേകമായാണ് പരിഗണിച്ചത്. രണ്ട് കേസുകളാണ് സംഭവത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഘർഷം അറിഞ്ഞത്തിയ കുന്നത്തുനാട് സ്റ്റേഷൻ എസ്.എച്ച്.ഒ. വി.ടി. ഷാജൻ ഉൾപ്പെടെയുള്ള പോലീസുകാരെ തടഞ്ഞുവച്ച് മർദ്ദിച്ച് വധിക്കാൻ ശ്രമിച്ചതിനാണ് ആദ്യത്തെ കേസ്. രണ്ടാമതായി പോലീസ് വാഹനം കത്തിച്ച് പൊതുമുതൽ നശിപ്പിച്ചതിനും.
ആദ്യത്തെ കേസിൽ 51പേരാണ് പ്രതികൾ. ഇവരെയാണ് ആദ്യം കോടതിയിൽ ഹാജരാക്കിയത്. കല്ല്, മരവടി എന്നിവ ഉപയോഗിച്ച് പോലീസിനെ ആക്രമിച്ചു എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. രാവിലെ കോടതിക്കു മുന്നിൽ പ്രതികളെ കൊണ്ടുവന്ന പോലീസ് വാഹനമെത്തിയതോടെ നാട്ടുകാർ പ്രതിഷേധമുയർത്തി സംഘർഷാവസ്ഥയുണ്ടാക്കി. പിന്നീട് പോലീസ് നയപരമായി നാട്ടുകാരെ കൂടുതൽ ബഹളമുണ്ടാക്കാതെ നിയന്ത്രിച്ചു മാറ്റിയ ശേഷമാണ് ശക്തമായ കാവലിൽ പ്രതികളെ കോടതിക്ക് അകത്തക്ക് പ്രവേശിപ്പിച്ചത്.
ആകെ 164 പേരാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്നത്. ഇതിൽ പോലീസുകാരെ ആക്രമിച്ചതുൾപ്പെടെയുള്ള അതിക്രമങ്ങളിൽ തിരിച്ചറിഞ്ഞ പ്രതികളെയാണ് കോടതിയിൽ ഹാജരാക്കിയത്.
തിങ്കളാഴ്ച 25 പ്രതികളെ രാവിലെയും, 25 പേരെ ഉച്ചയ്ക്കും, വൈകിട്ട് അഞ്ചരയോടെ 26 പേരെയും, രാത്രിയിൽ മജിസ്ട്രേട്ടിന്റെ വസതിയിൽ 88 പേരെയും, ഇന്ന് പുലർച്ചെ അഞ്ചു പേരെയും ഹാജരാക്കി. അഡ്വ: ഇ.എൻ. ജയകുമാറാണ് പ്രതികൾക്കു വേണ്ടി കോടതിയിൽ ഹാജരായത്. സർക്കാർ ഭാഗത്തുനിന്നുള്ള നിയമസഹായ വേദിയുടെ (കൈൽസ) വക്കീലാണ് ജയകുമാർ. പ്രതികളുടെ എണ്ണം കൂടുതലുള്ളതിനാൽ വിയ്യൂർ സ്പെഷ്യൽ ജയിലിലാണ് പ്രതികളെ പാർപ്പിക്കുന്നത്.
അക്രമത്തിൽ 200 ഓളം വിവിധ ഭാഷാ തൊഴിലാളികൾ പങ്കെടുത്തതായാണ് പോലീസിൻ്റെ നിഗമനം. പോലിസ് വാഹനം തീവെച്ച സംഭവത്തിൽ ഫോറൻസിക് പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. വാഹനം കത്തിക്കാനുപയോഗിച്ച ദ്രാവകം തിരിച്ചറിയാൻ ഇതിലൂടെ കഴിയും. അതേസമയം, അക്രമകാരികൾ ഉപയോഗിച്ച ലഹരിയെ സംബന്ധിച്ചും സംഘർഷത്തിലേയ്ക്ക് നയിച്ച സാഹചര്യവും അന്വേഷണ സംഘം വിശദമായി പരിശോധിക്കും.
ഇൻസ്പെക്ടറെ ആക്രമിച്ച കേസിൽ മണിപ്പൂർ സ്വദേശി ടി.എച്ച്. ഗുലുസൺ സിങ് ആണ് ഒന്നാം പ്രതി. മണിപ്പുർ സ്വദേശികളായ സെർട്ടോ ഹെൻജാകുപ് കോം, മയിരെമ്പം ബൊയ്പ സിങ് എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. ഐ.പി.സി. 143മുതൽ 149 വരെയും 324, 326, 307, 358, 333 തുടങ്ങിയ വകുപ്പുകൾ പ്രകാരവുമാണ് കേസ്. പൊതുമുതൽ നശിപ്പിച്ചതിനുള്ള പി.ഡി.പി.പി. വകുപ്പും ചുമത്തിയിട്ടുണ്ട്.
ക്രിസ്മസ് ആഘോഷലഹരിയിൽ കിറ്റെക്സ് കമ്പനിയിലെ അതിഥി തൊഴിലാളികൾ തമ്മിൽ സംഘർഷമുണ്ടായി. പിന്നാലെ പോലീസിനെയും ആക്രമിക്കുകയായിരുന്നു. അടുത്ത ദിവസങ്ങളിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Attack, Migrant workers, Police case