ലൈംഗികാതിക്രമത്തെ തുടർന്ന് പതിനൊന്നുകാരിക്ക് മാനസിക വിഭ്രാന്തി ഉണ്ടായ സംഭവത്തിൽ പ്രതിക്ക് 5 വർഷം തടവും 10,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ.പി. ജോയ് ആണ് പോക്സോ നിയമപ്രകാരം പ്രതി മലപ്പുറം അമരമ്പലം ടി.കെ.കോളനി കൊല്ലാരത്തൊടി സുനിൽ ബാബുവിന് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 2 മാസം സാധാരണ തടവും അനുഭവിക്കണം.
2015 ജൂൺ 8ന് ആണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. രാവിലെ മദ്രസയിലേക്ക് പോവുകയായിരുന്ന പതിനൊന്ന് വയസ് പ്രായമുള്ള കുട്ടിയെ മദ്രസയിലാക്കാമെന്ന് പറഞ്ഞ് പ്രതി കൂട്ടി കൊണ്ട് പോയി . തുടർന്ന് ആളൊഴിഞ്ഞ വഴിയിൽവെച്ച് ലൈംഗിക അതിക്രമം നടത്തി. സംഭവത്തെ തുടർന്ന് പെൺകുട്ടിക്ക് മാനസിക വിഭ്രാന്തി ഉണ്ടായി. ഏറെ കാലത്തെ ചികിത്സക്കും കൗൺസിലിംഗിനും ശേഷമാണ് പെൺകുട്ടി സാധാരണ നിലയിൽ തിരിച്ചെത്തിയത്.
പൂക്കോട്ടുപാടം പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. പൂക്കോട്ടുംപാടം സബ് ഇൻസ്പെക്ടറായിരുന്ന സി.മോഹൻദാസാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ സാം കെ ഫ്രാൻസിസ് ഹാജരായി വഴിക്കടവ് പോലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫിസർ പി.സി.ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. മഞ്ചേരി സബ്ജയിൽ മുഖാന്തരം പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Malappuram, Pocso case