ലക്നൗ: കൂട്ടബലാത്സംഗത്തിനിരയാക്കപ്പെട്ട പത്താം ക്ലാസുകാരി ജീവനൊടുക്കി. യുപി മീററ്റ് സർധാന കൊട്വാലി സ്വദേശിനിയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. രണ്ട് പേർക്കായി തിരച്ചിൽ തുടരുന്നുണ്ടെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. ട്യൂഷൻ കഴിഞ്ഞ് മടങ്ങിവരികയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ മടങ്ങിയെത്തിയ പെൺകുട്ടി നടന്ന സംഭവങ്ങൾ വീട്ടുകാരെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷം കഴിച്ചത്. അവശനിലയിലായ വിദ്യാര്‍ഥിയെ ഉടൻ തന്ന ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.
പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പിൽ നിന്നും ലഭിച്ച വിവരങ്ങൾ അനുസരിച്ച് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് മീററ്റ് എസ് പി കേശവ് കുമാര്‍ അറിയിച്ചത്. സമീപ പ്രദേശത്തെ താമസക്കാരായ ലഖൻ, വികാസ് എന്നിവരുൾപ്പെടെ നാല് യുവാക്കളുടെ പേരുകളാണ് ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ലഖനെയും വികാസിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് രണ്ട് പേർക്കായി തിരച്ചിൽ ഊർജിതമാക്കിയെന്നാണ് എസ്പി അറിയിച്ചത്.
ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ യുവാക്കൾ വിദ്യാർഥിയുടെ വീടിന് സമീപത്ത് തന്നെയുള്ള ഒരു ടവറിലെത്തിച്ചാണ് പീഡനത്തിനിരയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ തിരിച്ചെത്തിയ കുട്ടി വിവരം വീട്ടുകാരെ അറിയിച്ചു ഇതിനു ശേഷം വിഷമയമായ രാസവസ്തു കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.വീട്ടുകാർ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി) -048-42448830, മൈത്രി (കൊച്ചി)- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ) -044-24640050, സുമൈത്രി -(ഡല്‍ഹി)- 011-23389090, കൂജ് (ഗോവ)- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.