നോയിഡ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിൽ ഈ ജനുവരിയിൽ ആറ് പേരുടെ മരണത്തിന് ഇടയാക്കിയതെന്ന് സംശയിക്കുന്ന 'മിസ് ഇന്ത്യ' ബ്രാൻഡ് വ്യാജ മദ്യത്തിനെതിരായ നടപടി ശക്തമാക്കി പൊലീസ്. മദ്യം നിർമ്മിക്കുന്ന ഗ്രേറ്റർ നോയിഡ ആസ്ഥാനമായുള്ള ലൈസൻസുള്ള ഫാക്ടറി പോലീസ് കഴിഞ്ഞ ദിവസം രാത്രി റെയ്ഡ് ചെയ്തു. ആൽഫ 2 സെക്ടറിൽ ഗ്രേറ്റർ നോയിഡ പോലീസും മീററ്റിൽ നിന്നുള്ള എക്സൈസും ചേർന്ന് ഉടമ ഉൾപ്പെടെ അഞ്ച് പേരെ ഫാക്ടറിയിൽ നിന്ന് അറസ്റ്റ് ചെയ്തു.
ആറു പേരുടെ മരണത്തെത്തുടർന്ന്, വ്യാജ മദ്യം നിർമ്മിക്കുന്നതിന് പൊലീസ് റെയ്ഡ് നടത്തിയ മൂന്നാമത്തെ ഫാക്ടറിയാണ് നോയിഡയിലേത്. ജനുവരിയിൽ, ബുലന്ദ്ഷഹറിലെയും ഗ്രേറ്റർ നോയിഡയിലെയും പോലീസിന്റെ സംയുക്ത റെയ്ഡിൽ രണ്ടു ഫാക്ടറികൾ അടച്ചുപൂട്ടിയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ 456 കുപ്പി 'മിസ് ഇന്ത്യ' മദ്യം കണ്ടെടുത്തു. മദ്യം നിർമ്മിക്കാൻ ഉപയോഗിച്ച മറ്റ് വസ്തുക്കൾ - മായം കലർന്ന നിറം, യൂറിയ, ഒഴിഞ്ഞ കുപ്പികൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടനുസരിച്ച്, സൂരജ്പൂരിലെ മക്കോഡ ഗ്രാമത്തിൽ മദ്യവിൽപനശാലയുളള മനോജ് ജോഷിയാണ് മുഖ്യപ്രതിയെന്നും ബിജ്നൂരിൽ എക്സൈസ് നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ 15 വർഷം മുമ്പ് ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചതാണെന്നും തിരിച്ചറിഞ്ഞു. ജയിൽ മോചിതനായ ശേഷം മനോജ് വീണ്ടും ഗ്രേറ്റർ നോയിഡ പ്രദേശത്ത് വ്യാജ മദ്യം നിർമ്മിക്കാൻ തുടങ്ങി.
പ്രതികൾ ഹരിയാനയിൽ നിന്ന് രാജ്യത്ത് നിർമ്മിച്ച മദ്യം കൊണ്ടുവരികയും മായം ചേർത്തതിന് ശേഷം ഒന്നിൽ നിന്ന് നാല് കുപ്പികളിലേക്ക് മാറ്റി വിൽപ്പന നടത്തുകയുമാണ് ചെയ്തിരുന്നതെന്ന് ബീറ്റ 2 പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ രാമേശ്വർ കുമാർ പറയുന്നു. 'പ്രതികളിലൊരാളുടെ വീട്ടിൽ വലിയ വീപ്പയിൽ മദ്യം കലർത്തിയിരുന്നു. മദ്യം ഒറിജിനലാണെന്ന് വിശ്വസിപ്പിക്കാൻ അവർ 'യുപിയിൽ വിൽപ്പനയ്ക്ക്' എന്ന റാപ്പറുകൾ ഒട്ടിക്കുകയും ചെയ്തിരുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.
Also See-
മകന്റെ പോൺ വീഡിയോ ശേഖരം നശിപ്പിച്ച മാതാപിതാക്കൾ 22 ലക്ഷം പിഴയൊടുക്കണമെന്ന് കോടതി
ബുലന്ദ്ഷഹറിൽ മരിച്ച ആറ് പേർ ഉപയോഗിച്ച മദ്യത്തിന്റെ അതേ ബ്രാൻഡാണിത്. ഈ വർഷം ആദ്യം തിരച്ചിൽ നടത്തിയ കസ്ന പ്രദേശത്തെ അനധികൃത ഫാക്ടറികളിൽ ഇതേ മദ്യ ബ്രാൻഡ് കണ്ടെത്തിയിരുന്നു, ”ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
മദ്യ ദുരന്തം റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അതിനെ ശക്തമായി എതിർക്കുകയും പ്രതികൾക്കെതിരെ NSA, ഗുണ്ടാ നിയമങ്ങൾ എന്നിവ പ്രകാരം കർശന നടപടി ആരംഭിക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.