വയനാട്: കാണാതായ യുവാവിനെ അയല്‍വാസിയുടെ പറമ്പിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുടിയംപറമ്പില്‍ ഷിജോ(37)യെയാണ് മാനന്തവാടി നഗരസഭയിലെ പയ്യമ്പള്ളി മുദ്രമൂലയിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ഷിജോയെ കാണ്മാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ മാനന്തവാടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതാണ് ഷിജോ. പപ്പടം കാച്ചിവെക്കണമെന്നും ഭക്ഷണത്തിന് സമയമാകുമ്പോഴേക്കും എത്തുമെന്നും വീട്ടുകാരോട് ഷിജോ പറഞ്ഞിരുന്നതായി വാര്‍ഡ് കൗണ്‍സിലര്‍ സ്മിത പറഞ്ഞു.
ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതോടെ വീട്ടുകാര്‍ വിളിച്ചു നോക്കിയെങ്കിലും ഷിജോയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് ബുധനാഴ്ച അഞ്ചരയോടെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ ജോലി ചെയ്യുന്നവര്‍ കൈ കഴുകാനായി കുളത്തിനരികെ എത്തിയപ്പോഴാണ് മൃതദേഹം കണ്ടതെന്ന് പറയുന്നു.
Also read-ഇടുക്കി വണ്ടിപ്പെരിയാറിൽ പുഴയിൽ കുളിക്കാനിറങ്ങിയ മധ്യവയസ്ക്കൻ മുങ്ങിമരിച്ചു
വിവരമറിഞ്ഞ് മാനന്തവാടി ഫയര്‍ഫോഴ്സ് അംഗങ്ങള്‍ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മാനന്തവാടി പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഇഞ്ചികൃഷിയുമായി ബന്ധപ്പെട്ട് കര്‍ണാടകയിലായിരുന്ന ഷിജോ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയതെന്ന് പറയുന്നു. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.