• HOME
  • »
  • NEWS
  • »
  • crime
  • »
  • മോഫിയ കേസ്: പോലീസിനെതിരെ സമരം ചെയ്ത മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മോഫിയ കേസ്: പോലീസിനെതിരെ സമരം ചെയ്ത മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കേസിൽ പ്രതികൾക്കെതിരെ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലെ പരാമർശങ്ങൾക്കെതിരെ കോൺഗ്രസ് നേതൃത്വം രംഗത്തുവന്നിട്ടുണ്ട്

  • Last Updated :
  • Share this:
നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആലുവ എസ് ഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആലുവ എസ് പി ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തിയ സംഭവത്തില്‍ 3 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. തോട്ടുമുഖം ആശാരിക്കുടിയില്‍ അല്‍ അമീന്‍, പള്ളിക്കുഴിയില്‍ അനസ്, എടയപ്പുറം മനയ്ക്കകലത്തുട്ട് നജീബ് എന്നിവരെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. സമരത്തിനിടെ പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ചു, ഡിഐജിയുടെ വാഹനത്തിനും ജലപീരങ്കിയ്ക്കും കേടുപാടുകള്‍ വരുത്തുക, പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുക തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതോടൊപ്പം പകര്‍ച്ചവ്യാധി നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേരള എപ്പിഡിമിക് ഡിസീസ് ഓര്‍ഡിനന്‍സ് ആക്റ്റ് പ്രകാരവും കേസെടുത്തിട്ടുണ്ട്.

കേസിൽ പ്രതികൾക്കെതിരെ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലെ പരാമർശങ്ങൾക്കെതിരെ കോൺഗ്രസ് നേതൃത്വം രംഗത്തുവന്നിട്ടുണ്ട്. പ്രതികളുടെ തീവ്രവാദ ബന്ധം അന്വേഷിക്കണമെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നത്. പ്രതികളുടെ അഭിഭാഷകൻ ഇക്കാര്യം കോടതിയിൽ ചൂണ്ടിക്കാണിച്ചതിനെ തുടർന്ന് കോടതി ഇക്കാര്യം പരിശോധിക്കും ചെയ്തു. അറസ്റ്റിലായ മുഴുവൻ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു.

റിമാൻഡ് റിപ്പോർട്ടിൽ പ്രതികൾ തീവ്രവാദി ബന്ധം ഉള്ളവരാണെന്ന് സൂചിപ്പിച്ചത് പ്രതിഷേധാർഹവും ഈ രീതിയിൽ റിമാൻഡ് റിപ്പോർട്ട് എഴുതിയ പോലീസിനെതിരെ നടപടി സ്വീകരിക്കുമെന്നും അൻവർ സാദത്ത് എംഎൽഎ ആവശ്യപ്പെട്ടു. ജനാധിപത്യരീതിയിൽ സമരം ചെയ്ത കോൺഗ്രസ് പ്രസ്ഥാനത്തെയും, അതിന്റെ പ്രവർത്തകരോടുമുള്ള അവഹേളനമാണ് റിമാൻഡ് റിപ്പോർട്ടിലൂടെ മനസ്സിലാക്കുന്നത്.  ഈ തീവ്രവാദി ബന്ധം റിമാൻഡ് റിപ്പോർട്ടിൽ സൂചിപ്പിച്ചത് ഗവൺമെന്റിന്റെ അറിവോടുകൂടി ആണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അൻവർ സാദത്ത് എംഎൽഎ ആവശ്യപ്പെട്ടു. SP യെ ഫോണിൽ വിളിച്ച് അൻവർ സാദത്ത് എംഎൽഎ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.

മോഫിയ പര്‍വീണിന് ഭര്‍ത്താവ് സുഹൈലിന്റെ വീട്ടില്‍ നിന്ന് പീഡനങ്ങള്‍ നേരിട്ടതിന്റെ കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. മോഫിയയുടെ ഭര്‍ത്താവ് സുഹൈലിന്റെ ഫോണില്‍ നിന്നാണ് നിര്‍ണാകയക വിവരങ്ങള്‍ കിട്ടിയത്. മോഫിയയെ ഒഴിവാക്കി വേറെ വിവാഹം നടത്താന്‍ സുഹൈലും കുടുംബവും നീക്കം നടത്തിയിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

Also read- 'സഹിയ്ക്കാനാവുന്നില്ല, ഒരു നിമിഷം പോലും ജീവിച്ചിരിക്കില്ല'; മോഫിയ ഭര്‍ത്താവിനയച്ച ശബ്ദസന്ദേശം ശേഖരിച്ച് പോലീസ്

'സഹിയ്ക്കാനാകാത്ത പീഡനമാണ് താന്‍  അനുഭവിക്കുന്നത്. ഇനി ഒരു നിമിഷം പോലും ജീവിച്ചിരിയ്ക്കില്ല.' സ്ത്രീധനത്തിന്റെ പേരില്‍ പീഡനങ്ങള്‍ സഹിക്കേണ്ടി വന്ന മോഫിയ ഭര്‍ത്താവ് സുഹൈലിന് മൊബൈലിലയച്ച ശബ്ദ സന്ദേശമാണിത്. മൂളി കേട്ടതല്ലാതെ മൊഫിയയെ ഒന്ന് ആശ്വസിപ്പിയ്ക്കാന്‍ പോലും സുഹൈല്‍ തയ്യാറായില്ല. വിവാഹം കഴിഞ്ഞ് അധികം കഴിയാതെ സുഹൈല്‍ ഈ ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ ആലോചിച്ചിരുന്നു. സുഹൈലിന്റെ കുടുംബവും ഇതിനുള്ള നീക്കം നടത്തി. ഡോക്ടറല്ലാത്ത ഒരാളെ വിവാഹം കഴിച്ചതിന്റെ ദേഷ്യം പലപ്പോഴും മോഫിയയോട് സുഹൈലിന്റെ കുടുംബം കാണിച്ചിരുന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
Published by:Naveen
First published: