കൊച്ചി: ആലുവയിൽ നിയമ വിദ്യാര്‍ഥിനി മൊഫിയ (Mofia Parveen) ആത്മഹത്യ (Suicide) ചെയ്ത കേസിൽ ഒന്നാം പ്രതിയും മൊഫിയയുടെ ഭർത്താവുമായ സുഹൈലിന് ജാമ്യം (Bail). ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ പ്രതികളായ സുഹൈലിന്റെ പിതാവ് യുസൂഫ്, മാതാവ് റുഖിയ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. സ്ത്രീധന പീഡനത്തെ തുടർന്നാണ് കഴിഞ്ഞ നവംബറില്‍ ആലുവ എടയപ്പുറം സ്വദേശിനി മൊഫിയ പർവീണ്‍ ആത്മഹത്യ ചെയ്തത്.
ഭർതൃവീട്ടുകാർക്കും സിഐ സി.എൽ സുധീറിനുമെമെതിരെ നടപടിയെടുക്കണമെന്ന് മൊഫിയ ആത്മഹത്യാ കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു. തൊടുപുഴ അൽ അസ്ഹർ ലോ കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു മൊഫിയ. ആത്മഹത്യക്കുറിപ്പിൽ പേര് പരാമർശിച്ച ആലുവ പൊലീസ് സിഐ സുധീറിനെ കേസിലെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയതിന് എതിരെ മൊഫിയയുടെ മാതാപിതാക്കൾ നിയമ നടപടികൾക്ക് ഒരുങ്ങുകയാണ്. സിഐയെ രക്ഷിക്കാൻ രാഷ്ട്രീയ ഉദ്യോഗസ്ഥ തലത്തിൽ സമ്മർദ്ദം ഉണ്ടായെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും മൊഫിയയുടെ അച്ഛൻ ദിൽഷാദ് വ്യക്തമാക്കായിരുന്നു. മൊഫിയ പർവീണിന്റെ ആത്മഹത്യ കുറിപ്പിൽ ആദ്യ പേര് സി ഐ സുധീറിന്റെതാണ്. പൊലീസ് സ്റ്റേഷനിലെ പെരുമാറ്റം വേദനിപ്പിക്കുന്നതായിരുന്നു. അന്വേഷണം നല്ല രീതിയിൽ ആയിരുന്നു. പക്ഷെ ഇനിയും പ്രതികളെ പിടികൂടാനുണ്ട്. സിഐയെയും മൊഫിയയുടെ ഭർത്താവിന്റെ സഹോദരനും ഉൾപ്പെടെ മൂന്നുപേരെ മൂന്ന് പേരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും മൊഫിയയുടെ അച്ഛൻ ദിൽഷാദ് പറഞ്ഞു.
സിഐ സുധീറിന് എതിരെ സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാൽ തെളിവ് ഉണ്ടാകും. മകളുടെ ആത്മഹത്യാ കുറിപ്പും സിഐക്ക് എതിരായ തെളിവാണ്. ഇതൊന്നും പരിശോധിച്ചില്ല. മാത്രമല്ല അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിനിടെ പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം സ്റ്റേഷനിൽ ഉണ്ടായിരുന്ന സിഐ മോശം ചോദ്യങ്ങൾ ചോദിച്ചതായും ദിൽഷാദ് പറഞ്ഞു. കുറ്റപത്രത്തിന്റെ പകർപ്പ് കിട്ടിയ ശേഷം തുടർ നടപടി ആലോചിക്കാനാണ് തീരുമാനം. മകൾക്ക് നീതി ലഭിക്കാനുള്ള നിയമപോരാട്ടം തുടരുമെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് കേസിലെ മുഴുവൻ പ്രതികൾക്കും ജാമ്യം ലഭിക്കുന്നത്
നവംബര്‍ 23- ന് രാവിലെയാണ് എടയപ്പുറം സ്വദേശി മൊഫിയ പര്വിന് (21) നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. 11 മാസങ്ങള്‍ക്ക് മുന്‍പാണ് മോഫിയ പർവീണിന്റേയും മുഹ്സിന്റെയും വിവാഹം കഴിഞ്ഞത്. ഫേസ്ബുക്കിലെ പരിചയം പ്രണയമാവുകയായിരുന്നു. വിവാഹത്തിനു പിന്നാലെ ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടാവുകയും പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു. തുടര്‍ന്ന് ആലുവ ഡി.വൈ.എസ്.പിക്ക് പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്കി. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും വീട്ടുകാരെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാല്‍ സി. ഐ വളരെ മോശമായാണ് സംസാരിച്ചതെന്ന് ബന്ധുക്കളുടെ ആരോപണം.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.