നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • '100 രാജ്യങ്ങള്‍ സന്ദര്‍ശിച്ച ലോക സഞ്ചാരി' മോന്‍സന് പാസ്‌പോര്‍ട്ടില്ലെന്ന് ക്രൈംബ്രാഞ്ച്

    '100 രാജ്യങ്ങള്‍ സന്ദര്‍ശിച്ച ലോക സഞ്ചാരി' മോന്‍സന് പാസ്‌പോര്‍ട്ടില്ലെന്ന് ക്രൈംബ്രാഞ്ച്

    100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്നവകാശപ്പെട്ടുകൊണ്ടാണ് മോന്‍സന്‍ പ്രവാസി സംഘടനയുടെ തലപ്പത്തെത്തുന്നത്.

    monson mavunkal

    monson mavunkal

    • Share this:
      പുരാവസ്തു വില്‍പനക്കാരനെന്ന് അവകാശപ്പെട്ടു കോടികളുടെ സാമ്പത്തിക തട്ടിപ്പു നടത്തിയ മോന്‍സന്‍ മാവുങ്കല്‍ പാസ്‌പോര്‍ട്ടില്ലാെതയാണ് പ്രവാസി സംഘടനാ രക്ഷാധികാരിയായതെന്ന് ക്രൈംബ്രാഞ്ച്. ഇന്ത്യയ്ക്ക് പുറത്ത് ഇതുവരെ പോയിട്ടില്ല. 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്ന് വെറുതെ പറഞ്ഞതാണെന്നും മോന്‍സന്‍ മൊഴി നല്‍കി.

      ഇതു സംബന്ധിച്ച ചോദ്യങ്ങളോട്, ഒന്നോ രണ്ടോ രാജ്യങ്ങളില്‍ പോയിട്ടുണ്ടെന്ന് പറഞ്ഞാല്‍ എന്തെങ്കിലും കാര്യമുണ്ടോ എന്ന് മോന്‍സന്‍ തിരിച്ചുചോദിച്ചു. 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്നവകാശപ്പെട്ടുകൊണ്ടാണ് മോന്‍സന്‍ പ്രവാസി സംഘടനയുടെ തലപ്പത്തെത്തുന്നത്. ബ്രൂണെയ് രാജകുടുംബത്തിനും, ഖത്തര്‍ രാജകുടുംബത്തിനും പുരാവസ്തുക്കള്‍ വിറ്റിട്ടുണ്ടെന്നും മോന്‍സന്‍ അവകാശപ്പെട്ടിരുന്നു. വിദേശത്ത് പുരാവസ്തുക്കള്‍ വിറ്റ വകയില്‍ 1350 കോടി പൗണ്ട് തന്റെ അക്കൗണ്ടിലേക്ക് വന്നു എന്ന് ഇടപാടുകാരെ വിശ്വസിപ്പിച്ചാണ് മോന്‍സന്‍ തട്ടിപ്പുകള്‍ നടത്തിവന്നിരുന്നത്.

      മോന്‍സന്‍ മാവുങ്കല്‍ പലരില്‍നിന്നായി നാലു കോടി രൂപ വാങ്ങിയതിന് തെളിവുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. എന്നാല്‍ പണം വാങ്ങിയത് മോന്‍സന്റെ അക്കൗണ്ട് വഴിയല്ലെന്നും സഹായികളുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയും നേരിട്ട് പണമായുമാണ് വാങ്ങിയതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. മോന്‍സന്‍ പലരില്‍ നിന്നായി പണം വാങ്ങിയതുമായി ബന്ധപ്പെട്ട് കുറേ ശബ്ദരേഖകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. അതില്‍ പണം വേണമെന്ന് മോന്‍സന്‍ ആവശ്യപ്പെടുന്നുണ്ട്. ഫോണ്‍സംഭാഷണം മോന്‍സന്റേതാണെന്ന് ഉറപ്പിക്കുന്നതിനായി ക്രൈംബ്രാഞ്ച് ശബ്ദ സാമ്പിളുകള്‍ ശേഖരിക്കും.

      മോന്‍സണിന്റെ അക്കൗണ്ടില്‍ 176 രൂപ മാത്രം; ഒപ്പമുള്ള ബൗണ്‍സര്‍മാര്‍ക്ക് ശമ്പളം നല്‍കിയിട്ട് ആറുമാസം

      ആകെയുള്ളത് ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണെന്നും അതില്‍ വെറും 176 രൂപ മാത്രമേ ഉള്ളുവെന്നും പുരാവസ്തുവിന്റെ പേരില്‍ കോടികള്‍ തട്ടിയെ മോന്‍സണ്‍ മാവുങ്കല്‍. മകളുടെ കല്യാണത്തിന് സുഹൃത്തായ ജോര്‍ജില്‍ നിന്ന് കടം വാങ്ങിയെന്നും കൂടെയുള്ളവര്‍ക്ക് ആറ് മാസമായി ശമ്പളം പോലും നല്‍കിയിട്ടില്ലെന്നും മോന്‍സണ്‍ മാവുങ്കല്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി.

      ആളുകളെ പറ്റിച്ച് കോടികള്‍ സമ്പാദിച്ച മോന്‍സണിന്റെ ബാക്ക് അക്കൗണ്ട് വിവരങ്ങള്‍ കണ്ട് ഞെട്ടിയിരിക്കയാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍. തട്ടിപ്പ് നടത്തിയുണ്ടാക്കിയ പണമെല്ലാം ആര്‍ഭാട ജീവിതത്തിനാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുന്‍പുള്ള സമയത്ത് കാര്യമായ ഇടപാടുകള്‍ ഒന്നും നടക്കാത്തതിനാല്‍ ഇയാള്‍ സാമ്പത്തിക പ്രതിസന്ധിയിലായി എന്നാണ് വിവരം.

      ഇപ്പോഴത്തെ പരാതിക്കാര്‍ ആറ് മാസക്കാലമായി മോന്‍സണിനെ പിന്തുടര്‍ന്നതും കൂടുതല്‍ തട്ടിപ്പുകള്‍ ഇയാള്‍ നടത്താതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതുമാണ് ഇതിന് കാരണം. ഇതോടെയാണ് മകളുടെ കല്യാണം പോലും നടത്താന്‍ കടം വാങ്ങേണ്ട അവസ്ഥയിലേക്ക് മോന്‍സണ്‍ എത്തിയതെന്നാണ് വിവരം. ഇതു സംബന്ധിച്ച കൂടുതല്‍ അന്വഷണം ക്രൈം ബ്രാഞ്ച് നടത്തുന്നുണ്ട്.

      ഒപ്പം കൊണ്ടുനടക്കുന്ന ബൗണ്‍സര്‍മാര്‍ക്ക് ഉള്‍പ്പടെ കഴിഞ്ഞ ആറ് മാസമായി ശമ്പളം നല്‍കിയിരുന്നില്ല. താമസിച്ചിരുന്ന വീടിന് 50,000 രൂപയാണ് പ്രതിമാസ വാടക. എന്നാല്‍ കഴിഞ്ഞ എട്ട് മാസമായി ഈ വാടക നല്‍കിയിരുന്നില്ല. അത്തരത്തില്‍ സാമ്പത്തികമായി തീര്‍ത്തും ദുര്‍ബലനായ അവസ്ഥയിലാണ് മോന്‍സണ്‍ ഇപ്പോഴുള്ളത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മറ്റ് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപങ്ങള്‍ ഇയാള്‍ നടത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്.
      Published by:Sarath Mohanan
      First published:
      )}