• HOME
 • »
 • NEWS
 • »
 • crime
 • »
 • ഫ്രാന്‍സിലെ കത്തോലിക്കാ പുരോഹിതർ ലൈംഗികമായി പീഡിപ്പിച്ചത് മൂന്ന് ലക്ഷത്തിലധികം കുട്ടികളെയെന്ന് റിപ്പോർട്ട്

ഫ്രാന്‍സിലെ കത്തോലിക്കാ പുരോഹിതർ ലൈംഗികമായി പീഡിപ്പിച്ചത് മൂന്ന് ലക്ഷത്തിലധികം കുട്ടികളെയെന്ന് റിപ്പോർട്ട്

ഒരു സ്വതന്ത്ര കമ്മീഷനാണ് ഈ വിവരങ്ങള്‍ ശേഖരിച്ചത്. 2,500 പേജ് വരുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

 • Share this:
  കഴിഞ്ഞ 70 വര്‍ഷങ്ങള്‍ക്കിടയില്‍ ഫ്രാന്‍സിലെ കത്തോലിക്ക സഭയില്‍ ഏകദേശം 3,30,000 കുട്ടികള്‍ ലൈംഗിക ചൂഷണങ്ങള്‍ക്കിരയായതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. പ്രസ്തുത വിഷയത്തിന്‍ മേലുള്ള ആദ്യ കണക്കെടുപ്പിലാണ് പള്ളിയ്ക്കും വിശ്വാസി സമൂഹത്തിനും ദോഷകരമായ ഈ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

  പ്രസ്തുത വിഷയത്തില്‍ അന്വേഷണം നടത്തിയ കമ്മീഷന്റെ ചെയര്‍മാനായ ഴീന്‍-മാര്‍ക്ക് സൗവേയുടെ അഭിപ്രായത്തില്‍, ശാസ്ത്രീയ ഗവേഷണം അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പില്‍, സഭയിലെ നേരിട്ടുള്ള പുരോഹിതന്മാരും, മറ്റ് ആത്മീയ നേതാക്കളും, സഭയുമായി ബന്ധപ്പെട്ടിട്ടുള്ള മറ്റ് ആളുകളും കുറ്റം ചെയ്തതായി കണ്ടെത്തി. ഇരകളില്‍ 80 ശതമാനവും ആണ്‍കുട്ടികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  ''ലൈംഗിക ചൂഷണങ്ങള്‍ക്കിരയായ 60 ശതമാനത്തോളം സ്ത്രീകളും പുരുഷന്മാരും തങ്ങളുടെ വൈകാരിക ജീവിതത്തിലും ലൈംഗിക ജീവിതത്തിലും പ്രശ്നങ്ങള്‍ നേരിടുന്നവരാണ്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ ഗുരുതരമാണ് ' സൗവേ പറയുന്നു.

  ഒരു സ്വതന്ത്ര കമ്മീഷനാണ് ഈ വിവരങ്ങള്‍ ശേഖരിച്ചത്. 2,500 പേജ് വരുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. മറ്റ് പല രാജ്യങ്ങളെയും പോലെ വര്‍ഷങ്ങളായി മൂടി വെയ്ക്കാന്‍ ഫ്രാന്‍സ് ശ്രമിച്ച് കൊണ്ടിരുന്ന അതീവ ലജ്ജാകരമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

  സഭയില്‍ അതാതു സമയങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത് ഏകദേശം 3000ത്തോളം ആളുകളാണ്. അവരില്‍ മൂന്നില്‍ രണ്ട് ഭാഗം പുരോഹിതന്മാരാണ് ഈ ബാല പീഡകരെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പുരോഹിതന്മാരും മറ്റ് മത നേതാക്കളും ചേര്‍ന്ന് ഏകദേശം 2,16,000ത്തോളം കുട്ടികളെയാണ് ചൂഷണത്തിനിരയാക്കിയതെന്ന് സൗവേ പറയുന്നു.

  അന്വേഷണത്തില്‍ സഹകരിച്ച് ആവശ്യമായ വിവരങ്ങള്‍ നല്‍കിയ ഇരകളുടെ കൂട്ടായ്മയായ 'പാര്‍ലര്‍ എറ്റ് റിവിവര്‍' (സംസാരിക്കുക, വീണ്ടും ജീവിക്കുക) എന്ന സംഘടനയുടെ തലവനായ ഒലിവ്യര്‍ സാവിഗ്‌നാക് വിഷയത്തെ കുറിച്ച് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞത് ഇങ്ങനെയാണ് ' ഒരു ചൂഷകന്റെയും അയാളുടെ ഇരകളും തമ്മിലുള്ള അനുപാതം വളരെ ഉയര്‍ന്നതാണ്. പ്രത്യേകിച്ച് ''ഫ്രഞ്ച് സമൂഹത്തെയും, കത്തോലിക്കാ സഭയെയും കണക്കിലെടുക്കുമ്പോള്‍ അത് ഭയാനകമാണ്''.

  ഇരകളുടെയും സാക്ഷികളുടെയും വാക്കുകള്‍ കേള്‍ക്കുകയും 1950 മുതലുള്ള സഭ, കോടതി, പോലീസ്, പ്രസ് ആര്‍ക്കൈവ്‌സ് എന്നിവ പരിശോധിക്കുകയും പഠിക്കുകയും ചെയ്യുന്നതിനായി രണ്ടര വര്‍ഷത്തെ സമയമാണ് കമ്മീഷന്‍ ചെലവഴിച്ചത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ കമ്മീഷന്‍ ഒരു ഹോട്ട്‌ലൈന്‍ സംവിധാനം ആരംഭിച്ചിരുന്നു. ഇതിലൂടെയാണ് ഇരകളെന്ന് ആരോപിക്കപ്പെടുന്നവരില്‍ നിന്നോ ഒരു ഇരയെ അറിയാമെന്ന വിവരം പങ്കു വെയ്ക്കുന്നതിനോ ആയി 6,500ത്തോളം കോളുകള്‍ കമ്മീഷന് ലഭിച്ചത്.

  കത്തോലിക്ക സഭ 2000ത്തിന്റെ തുടക്കം വരെയുള്ള കാലഘട്ടത്തില്‍ ഈ വിഷയത്തില്‍ കാണിച്ചിരുന്ന നിലപാടിനെ സൗവേ വിമര്‍ശിച്ചു. ''ഇരകള്‍ക്ക് നേരെ വളരെ ആഴത്തിലുള്ള, ക്രൂരമായ നിസ്സംഗതയാണ്,'' ഇവര്‍ കാണിച്ചിരുന്നതെന്നാണ് ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഒപ്പം ചില സമയങ്ങളില്‍, സംഭവിച്ച കാര്യങ്ങളില്‍ ''ഭാഗികമായ ഉത്തരവാദിത്വം'' ഇരകള്‍ക്ക് മേല്‍ പള്ളി ചുമത്തിയതായും സൗവേ ആരോപിക്കുന്നു.

  ഇപ്പോഴും ചൂഷകര്‍ക്കെതിരെ നടപടികള്‍ എടുക്കാന്‍ സാധിക്കുന്ന 22 കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് സൗവെ പറഞ്ഞു. വിചാരണ ചെയ്യാന്‍ കഴിയാത്തതും, എന്നാല്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നതുമായ കുറ്റവാളികള്‍ ഉള്‍പ്പെട്ട 40ലധികം കേസുകള്‍ സഭ ഭാരവാഹികള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

  എങ്ങനെയാണ് ഇത്തരം ചൂഷണങ്ങള്‍ തടയേണ്ടത് എന്നത് സംബന്ധിച്ച് 45 നിര്‍ദ്ദേശങ്ങള്‍ കമ്മീഷന്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതില്‍, പുരോഹിതര്‍ക്കും മതനേതാക്കള്‍ക്കും പരിശീലനം നല്‍കുക, കാനോന്‍ നിയമങ്ങള്‍ പുതുക്കുക (അതായത് പള്ളി ഭരിക്കുന്നതിനായി വത്തിക്കാന്‍ ഉപയോഗിക്കുന്ന നിയമപരമായ കാര്യങ്ങള്‍), ഇരകളെ തിരിച്ചറിയുന്നതിനും അവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതും സംബന്ധിച്ച കാര്യങ്ങളും ഈ നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നതായി സൗവേ അറിയിച്ചു.

  ഇപ്പോള്‍ പുരോഹിതപ്പട്ടം ഉപേക്ഷിച്ച മുന്‍ പുരോഹിതനായ ബെര്‍ണാഡ് പ്രെയ്‌നെറ്റുമായി ബന്ധപ്പെട്ട ലൈംഗികാരോപണത്തിന്റെ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന കേസില്‍ കഴിഞ്ഞ വര്‍ഷമായിരുന്നു പ്രെയ്‌നെറ്റിനെതിരായി കോടതി വിധി വന്നത്. ഇതിനെ തുടര്‍ന്ന് പ്രെയ്‌നെറ്റിന് 5 വര്‍ഷത്തെ ശിക്ഷയും വിധിച്ചിരുന്നു. പതിറ്റാണ്ടുകളായി 75ല്‍ കൂടുതല്‍ ആണ്‍കുട്ടികളെ ചൂഷണം ചെയ്തു എന്നാണ് പ്രെയ്‌നെറ്റിനെതിരായി തെളിഞ്ഞ കുറ്റകൃത്യം.

  ''ഈ റിപ്പോര്‍ട്ടിന്റെ പുറത്ത് വന്നതോടെ വഴിതെറ്റിപ്പോയ ഈ സ്ഥാപനം തീര്‍ച്ചയായും അതിനെ സ്വയം പരിഷ്‌കരിക്കേണ്ടതുണ്ട്,'' പ്രെയ്‌നെറ്റിന്റെ ഇരകളിലൊരാളും, ഇരകളുടെ കൂട്ടായ്മയായ ലാ പരോള്‍ ലിബ്രെ എന്ന സംഘടനയുടെ തലവനുമായ ഫ്രാങ്കോയ്‌സ് ഡെവക്‌സ് അസ്സോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. ഡെവക്‌സിന്റെ അഭിപ്രായത്തില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന തിരിച്ചറിയപ്പെട്ട ഇരകളുടെ എണ്ണം വളരെ ''കുറവാണ്.''

  ''ചില ഇരകള്‍ ഇപ്പോഴും തങ്ങള്‍ കടന്നു പോയ പീഡനത്തെക്കുറിച്ച് സംസാരിക്കാനും കമ്മീഷനെ വിശ്വാസത്തിലെടുക്കാനും ധൈര്യം കാണിച്ചിട്ടില്ല,'' ഡെവക്‌സ് പറയുന്നു.

  സഭ സംഭവങ്ങള്‍ അംഗീകരിക്കുക മാത്രമല്ല ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വേണമെന്ന്, ഡെവക്‌സ് പറഞ്ഞു. ''ഈ കുറ്റകൃത്യങ്ങളാല്‍ ഉണ്ടാകുന്ന ദോഷഫലങ്ങള്‍ സഭ പരിഹരിക്കേണ്ടത് അനിവാര്യമാണ്. കൂടാതെ ഇതിന്റെ ആദ്യ ഘട്ടം (സാമ്പത്തിക) നഷ്ടപരിഹാരമാണ്.'' എന്നും അദ്ദേഹം പറയുന്നു.

  പ്രെയ്‌നെറ്റ് കേസായിരുന്നു ലിയോണിലെ മുന്‍ ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദ്ദിനാള്‍ ഫിലിപ്പ് ബാര്‍ബറിന്‍ കഴിഞ്ഞ വര്‍ഷം രാജിവെക്കാന്‍ കാരണമായത്. 2010കളില്‍ ഈ ചൂഷണ പരമ്പരകളെക്കുറിച്ച് അറിഞ്ഞപ്പോള്‍ അത് നീതിന്യായ വകുപ്പിനെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തി എന്നായിരുന്നു ഇദ്ദേഹത്തില്‍ ആരോപിതമായ കുറ്റം. ഈ വര്‍ഷം ആദ്യം ബാര്‍ബറിന്‍ കേസ് മൂടി വെച്ചിട്ടില്ല എന്ന് ഫ്രാന്‍സിലെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചു.

  'പ്രയാസകരമായ സത്യത്തിന്റെ പരീക്ഷണവും ഗൗരവപരമായ നിമിഷവും' എന്നാണ്, പ്രസ്തുത റിപ്പോര്‍ട്ടിന്റെ പ്രസിദ്ധീകരണത്തെക്കുറിച്ച്, ഫ്രഞ്ച് ആര്‍ച്ച്ബിഷപ്പുമാര്‍ രാജ്യമൊട്ടാകെയുള്ള തങ്ങളുടെ ഇടവകകളില്‍ അയച്ച സന്ദേശത്തില്‍ പറയുന്നത്. ഞായറാഴ്ചത്തെ കുര്‍ബാനയിലാണ് ഈ സന്ദേശം വിശ്വാസികളിലെത്തിച്ചത്.

  ''ഞങ്ങളുടെ പ്രവര്‍ത്തികളിലേക്ക് ചേര്‍ത്തുവെയ്ക്കുന്നതിനായി ഈ നിഗമനങ്ങള്‍ ഞങ്ങള്‍ ഗ്രഹിക്കുന്നുവെന്നും അതിനെ വിശദമായി പഠിക്കുകയും ചെയ്യുമെന്നും'' സന്ദേശത്തില്‍ പറയുന്നു. ''ബാല ലൈംഗിക പീഡനത്തിനെതിരെയുള്ള പോരാട്ടം ഞങ്ങളെല്ലാം വളരെ ഗൗരവപരമായി തന്നെയാണ് എടുക്കുന്നത്. പള്ളിയില്‍ പീഡനങ്ങള്‍ക്കിരയായ എല്ലാ ആളുകളെയും ഞങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തുന്നു, ഒപ്പം അവര്‍ക്ക് ഞങ്ങളുടെ പിന്തുണയും രേഖപ്പെടുത്തുന്നു.'' എന്ന് സന്ദേശത്തില്‍ പറയുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

  2019 മെയിലാണ് ഒരു ഞെട്ടിപ്പിക്കുന്ന നിയമവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ എത്തിയത്. അത് ലോകമെമ്പാടുമുള്ള എല്ലാ കത്തോലിക്കാ പുരോഹിതന്മാരും കന്യാസ്ത്രീകളും തങ്ങളുടെ മേലധികാരികളുടെ ലൈംഗിക ചൂഷണവും, അത് സംബന്ധിച്ച മേലധികാരികളുടെ മൂടിവയ്ക്കലും പള്ളി അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഒരു പുതിയ നിയമം ആയിരുന്നു.

  ജൂണില്‍, ജര്‍മ്മനിയിലെ പ്രമുഖ പുരോഹിതന്മാരില്‍ ഒരാളും, മാര്‍പ്പാപ്പയുമായി അടുപ്പമുള്ള ഒരു ഉപദേഷ്ടാവ് കൂടിയായ കര്‍ദിനാള്‍ റെയ്ന്‍ഹാര്‍ഡ് മാര്‍ക്സ്, ചൂഷണക്കേസുകളില്‍ പള്ളിയുടെ കെടുകാര്യസ്തതയിന്മേല്‍ മ്യൂണിക്കിലെയും ഫ്രെയ്‌സിങ്ങിലെയും ആര്‍ച്ച് ബിഷപ്പ് സ്ഥാനം രാജി വെയ്ക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിരസിക്കുകയായികുന്നു. അതേസമയം, സഭയില്‍ ഒരു പരിഷ്‌കരണ പ്രക്രിയ അനിവാര്യമാണെന്നും പ്രതിസന്ധിയുടെ ''ദുരന്ത'' ഉത്തരവാദിത്തം ഓരോ ബിഷപ്പുമാരും ഏറ്റെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
  Published by:Jayashankar AV
  First published: