• HOME
  • »
  • NEWS
  • »
  • crime
  • »
  • തൃക്കാക്കരയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യയ്ക്കു ശ്രമിച്ചു

തൃക്കാക്കരയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യയ്ക്കു ശ്രമിച്ചു

ഇരുവരും അപകടനില തരണം ചെയ്തു 

  • Share this:
തൃക്കാക്കരയിൽ (Thrikkakkara) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടിയുടെ (child abuse victim) അമ്മയും അമ്മൂമ്മയും ആത്മഹത്യയ്ക്കു ശ്രമിച്ചു. കൈ മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇരുവരും അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ് കുട്ടിയുടെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചത്. കുളിമുറിയിൽ വച്ചായിരുന്നു ആത്മഹത്യാശ്രമം. രണ്ട് കൈത്തണ്ടകളും മുറിച്ചു. കുട്ടിയുടെ അമ്മൂമ്മ ഇന്ന് രാവിലെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അമ്മൂമ്മയും കൈത്തണ്ട മുറിച്ചു. കഴുത്തിലും മുറിവുണ്ടായിരുന്നു. ഇവർ ഗുളികയും കഴിച്ചിരുന്നു. അമ്മൂമ്മ അത്യാസന്ന നിലയിലായിരുന്നു. അമ്മയും അമ്മൂമ്മയും അപകടനില തരണം ചെയ്തിട്ടുണ്ട്.

അതേസമയം, കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. കുട്ടി കണ്ണ് തുറന്നിട്ടുണ്ട്. വെന്റിലേറ്ററിൽ നിന്ന് കുട്ടിയെ മാറിയിട്ടുണ്ട്.

അമ്മയുൾപ്പെടെയുള്ളവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുട്ടിയുടെ പിതാവ് രംഗത്തെത്തിയിരുന്നു. കുട്ടിയെ ഇല്ലാതാക്കാൻ തന്നെയാണ് വീട്ടിലുള്ളവർ ശ്രമിച്ചതെന്നും, കുട്ടിയെ മർദ്ദിച്ചതിൽ  അമ്മയുൾപ്പെടെ വീട്ടിൽ എല്ലാവർക്കും പങ്കുണ്ടെന്നും കുട്ടിയുടെ പിതാവ്  ന്യൂസ് 18നോട് പറഞ്ഞു.

സഹോദരിയുടെ സുഹൃത്തായ ആൻറണി ടിജിനെതിരെ താൻ നേരത്തെ നൽകിയ പരാതിയിൽ ഇയാൾക്ക് വൈരാഗ്യം ഉണ്ട്. കുട്ടിയുടെ ശരീരത്തിൽ ഉള്ള പരിക്കുകൾ പല കാലങ്ങളിലായി വീട്ടുകാർ ഉപദ്രവിച്ചത് തന്നെയാണ്‌. കൈ ഒടിഞ്ഞ് മകൾ ബോധരഹിതയായതു കൊണ്ടു മാത്രമാണ് ആശുപത്രിയിൽ എത്തിച്ചതെന്നും പിതാവ് പറഞ്ഞു. മകളുടെ ആരോഗ്യം മെച്ചപ്പെട്ടാൽ തിരുവനന്തപുരത്ത് എത്തിച്ച് ചികത്സിക്കുമെന്നും  അദ്ദേഹം പറഞ്ഞു.

കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ സുഹൃത്തായ ആന്റണി ടിജിൻ  മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും ഇയാൾ  കുട്ടിയെ മർദ്ദിക്കാൻ സാധ്യതയുണ്ടെന്നും പിതാവ്  പറഞ്ഞു. ഇയാൾക്കെതിരെ നേരത്തെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ഏഴുമാസമായി ഇയാൾ ഭാര്യയുമായി പിരിഞ്ഞ് ജീവിക്കുകയാണ്. നേരത്തെ എറണാകുളം കുമ്പളത്തായിരുന്നു ഇവർ താമസിച്ചിരുന്നത്.

സഹോദരിയും ഭർത്താവുമായി പിരിഞ്ഞാണ് കഴിയുന്നത്. ഇവരുടെ സുഹൃത്തായ  ആൻറണി ടിജിൻ പിന്നീട്  ഇവർക്കൊപ്പം തന്നെയായി താമസം. ഇയാളെക്കുറിച്ച് കൂടുതൽ ഒന്നും അറിയില്ല. എന്നാൽ വീട്ടിൽ വച്ച്  മയക്കുമരുന്ന്  ഉപയോഗിച്ചതായി സംശയമുണ്ട്. ഇതിനെത്തുടർന്ന്  കുമ്പളത്തെ വീട്ടിൽ താമസിക്കുമ്പോൾ പനങ്ങാട് പോലീസ് സ്റ്റേഷനിൽ  പരാതി നൽകിയിരുന്നതാണ്. സഹോദരിയുടെ ഭർത്താവും താനും  ചേർന്നാണ് പരാതി നൽകിയതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

പിന്നീട് ഇവിടെനിന്നും എറണാകുളത്തേക്ക് മാറുകയായിരുന്നു. അതിനു ശേഷം  കാര്യമായി ഒരടുപ്പവും ഭാര്യയുമായും അവരുടെ വീട്ടുകാരുമായും ഉണ്ടായിരുന്നില്ല. എറണാകുളത്തെ വീട്ടിലേക്ക് ഭാര്യ പോയതിനു ശേഷമാണ് ദുരൂഹത വർദ്ധിച്ചത്. കുഞ്ഞിന് മറ്റ് അസുഖങ്ങൾ ഇല്ലെന്ന് കുട്ടിയുടെ അച്ഛന്റെ മൊഴി നൽകിയിട്ടുണ്ട്. താൻ കുടുംബമായി കഴിയുമ്പോൾ  തികച്ചും സാധാരണ നിലയിൽ പെരുമാറിയിരുന്ന കുട്ടിയായിരുന്നു മകൾ.

അവൾക്ക് അപസ്മാരമോ മറ്റ് അസുഖങ്ങളോ ഉണ്ടായിരുന്നില്ല. അസുഖം ഉണ്ടെന്ന് ഇപ്പോൾ മാത്രമാണ് അറിയുന്നത്. കുട്ടിയുടെ സംരക്ഷണം തനിക്ക് വിട്ടു നൽകണമെന്ന് പൊലീസിനോട് പിതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. തൃക്കാക്കര പോലീസ് മൊഴിയെടുത്ത ശേഷം കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കു മുന്നിലും കുട്ടിയുടെ പിതാവ് എത്തിയിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by:user_57
First published: