കുമളി: ലഹരിക്ക് അടിമയായ മകനെ അമ്മയും ഇളയസഹോദരനും ചേർന്ന് കൊലപ്പെടുത്തി. വിഗ്നേഷ് എന്ന് പേരുള്ള മുപ്പതുകാരനാണ് കൊല്ലപ്പെട്ടത്. തലയും കൈ കാലുകളും വെട്ടിമാറ്റി യുവാവിന്റെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കമ്പത്തെ കനാലിനു സമീപത്തു നിന്നാണ് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമ്മ സെൽവിയും സഹോദരൻ ജയഭാരതും കമ്പം പൊലീസിന്റെ പിടിയിലായത്.
സെൽവിയുടെ മൂത്തമകനായ വിഗ്നേഷ് ലഹരിക്ക് അടിമയായിരുന്നു. ദിവസേന അമിതമായി ലഹരി ഉപയോഗിച്ച് വീട്ടിലെത്തുന്ന ഇയാൾ അമ്മയെയും സഹോദരൻ ജയഭാരതിനെയും ഉപദ്രവിക്കുമായിരുന്നു. പതിവുപോലെ ഞായറാഴ്ചയും ലഹരിക്ക് അടിമയായ വിഗ്നേഷ് അമ്മ സെൽവിയെ മർദ്ദിക്കുന്നതിനിടെ ജയഭാരത് തടസം നിന്നു.
തുടർന്നുണ്ടായ ബലപ്രയോഗത്തിനും മർദ്ദനത്തിനുമിടെ വിഗ്നേഷ് കൊല്ലപ്പെടുകയായിരുന്നു. തുടർന്ന് മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റുന്നതിന്റെ ഭാഗമായി മെഷീൻ വാൾ ഉപയോഗിച്ച് മൃതദേഹം വിവിധ കഷണങ്ങളാക്കി. കൈകളും കാലുകളും തലയും വെട്ടി മാറ്റി. വീടിനു സമീപത്തുള്ള വിവിധ കിണറുകളിൽ കൈകളും കാലുകളും തലയും ഇട്ടു.
അതിനുശേഷം ഉടൽ മാത്രമായി ഒരു ചാക്കിൽ കെട്ടി തൊട്ടമൻതുറൈ കനാലിന് സമീപം തള്ളുകയായിരുന്നു. കനാലിൽ ചൂണ്ടയിട്ടു കൊണ്ടിരുന്നവർ ചാക്കിലെന്താണെന്ന് ചോദിച്ചപ്പോൾ വീട്ടിൽ പൂജ നടത്തിയതിനു ശേഷം ബാക്കി വന്ന സാധനങ്ങളാണെന്ന് ആയിരുന്നു മറുപടി. എന്നാൽ, സംശയം തോന്നിയ ഇവർ ചാക്ക് തുറന്ന് പരിശോധിച്ചപ്പോഴാണ് തലയും കൈ കാലുകളും വെട്ടിമാറ്റപ്പെട്ട ഉടൽ മാത്രം കണ്ടത്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.