ഒന്നരവയസ്സുകാരനെ കൊന്ന അമ്മ മരണം ഉറപ്പാക്കാൻ കടലിലേക്ക് രണ്ടു തവണ എറിഞ്ഞ ശേഷം വീട്ടിലെത്തി ഉറങ്ങി

ആസൂത്രണം ചെയ്തത് ഭർത്താവിനെയും കുട്ടിയേയും ഒരുമിച്ച് ഒഴിവാക്കാനുള്ള പദ്ധതി

News18 Malayalam | news18-malayalam
Updated: February 18, 2020, 10:23 PM IST
ഒന്നരവയസ്സുകാരനെ കൊന്ന അമ്മ മരണം ഉറപ്പാക്കാൻ കടലിലേക്ക് രണ്ടു തവണ എറിഞ്ഞ ശേഷം വീട്ടിലെത്തി ഉറങ്ങി
പൊലീസ് അറസ്റ്റ് ചെയ്ത ശരണ്യ
  • Share this:
കണ്ണൂർ: തയ്യിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ കൊന്നത് അമ്മ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുഞ്ഞിനെ പുലർച്ചെ മൂന്ന് മണിയോടുകൂടി കടലിലെറിഞ്ഞു കൊല്ലുകയായിരുന്നു എന്ന് അമ്മ ശരണ്യ പൊലീസിനോട് സമ്മതിച്ചു. തനിക്ക് ഒറ്റയ്ക്ക് ജീവിക്കാൻ വേണ്ടിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണ് ശരണ്യ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോകാൻ ശരണ്യ പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘത്തിന് വ്യക്തമായി.

തിങ്കളാഴ്ച രാവിലെ മൂന്ന് മണിയോടു കൂടിയാണ് ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയത്. മത്സ്യ തൊഴിലാളിയായ അച്ഛൻ വത്സരാജ് കടലിൽ ജോലിക്ക് പോയ ദിവസം അകന്നുകഴിയുന്ന ഭർത്താവ് പ്രണവിനെ ശരണ്യ വിളിച്ചുവരുത്തി. കഴിഞ്ഞ ഞായറാഴ്ച രാത്രി അവർ ശരണ്യയുടെ വീട്ടിൽ ഒരുമിച്ച് താമസിച്ചു.

തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെ ശരണ്യ എഴുന്നേറ്റു . പ്രണവിനൊപ്പം കിടന്നുറങ്ങുകയായിരുന്നു ഒന്നരവയസുകാരൻ വിയാൻ. പതുക്കെ എടുത്തപ്പോൾ കുഞ്ഞ് കരഞ്ഞു. അപ്പോൾ പാലു കൊടുത്ത് ശാന്തനാക്കി. പിന്നീട് കുഞ്ഞുമായി കടൽക്കരയിലേക്ക് നീങ്ങി, എന്നിട്ട് കടലിലേക്ക് വലിച്ചെറിഞ്ഞു. കടൽ ഭിത്തിയിലെ പാറകളിൽ വീണ് പരിക്കേറ്റ കുട്ടി കരഞ്ഞു നിലവിളിച്ചു. ശബ്ദം നാട്ടുകാരെ ഉണർത്തും എന്ന് മനസ്സിലാക്കിയ ശരണ്യ വീണ്ടും ഇറങ്ങി ചെന്ന് കുട്ടിയെ എടുത്ത് ഒന്നുകൂടി കടലിലേക്ക് എറിഞ്ഞു.

Also Read- ഒന്നരവയസുകാരനെ കൊന്നത് 'അമ്മ; ലക്ഷ്യം കാമുകനൊപ്പമുള്ള ജീവിതമെന്ന് പോലീസ്

വീട്ടിലേക്ക് മടങ്ങിയ ശരണ്യ കിടന്നുറങ്ങി. രാവിലെ സാധാരണഗതിയിൽ എന്നപോലെ എഴുന്നേറ്റ് കുട്ടിയെ കാണാനില്ലെന്ന് മുറവിളികൂട്ടി. പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം കടൽഭിത്തിയിൽ കണ്ടെത്തി. വിയാനെ കൊന്നത് പ്രണവ് ആണെന്ന് എല്ലാവരും സംശയിച്ചു.

എന്നാൽ കണ്ണൂർ ഡിവൈഎസ്പി പി പി സദാനന്ദനും സിറ്റി സ്റ്റേഷനിൽ സി ഐ പിആർ സതീശനും ശരണ്യയെ പൂർണമായി വിശ്വസിച്ചില്ല. ശരണ്യയുടെ ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. പരിശോധനയിൽ കടലിലേക്ക് പോയത് ശരണ്യ ആണെന്ന് തെളിഞ്ഞു.

ഭർത്താവ് പ്രണവിന്റെ സുഹൃത്ത് നിതിനുമായി ശരണ്യ അടുപ്പത്തിലായിരുന്നു. പ്രണവ് വിദേശത്ത് ജോലി ചെയ്യുന്ന സമയത്തായിരുന്നു അടുപ്പം തുടങ്ങിയത്. അവർ ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിച്ചു.

കുട്ടിയെയും ഭർത്താവിനെയും ഒരുമിച്ച് ഒഴിവാക്കാനുള്ള ശരണ്യയുടെ പദ്ധതി പക്ഷേ  വിജയിച്ചില്ല. പ്രണവിന്റെ തലയിൽ കൊല കുറ്റം കെട്ടിവെക്കാൻ ശരണ്യ മൊഴി നൽകിയെങ്കിലും പൊലീസ് അതെല്ലാം ആഴത്തിൽ പരിശോധിച്ചു. തെളിവുകളെല്ലാം ശരണ്യയ്ക്ക് എതിരായിരുന്നു. ഒടുവിൽ പൂർണമായും കുടുങ്ങി എന്ന് വ്യക്തമായ ശരണ്യ കുറ്റം ഏറ്റുപറഞ്ഞു.

ഒരു പ്രണയവിവാഹത്തിന്റെ ദുരന്തപൂർണമായ പര്യവസാനത്തിനാണ് കണ്ണൂർ തയ്യിൽ കടപ്പുറം നിവാസികൾ സാക്ഷിയായത്.

 
First published: February 18, 2020, 10:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading