ഇടുക്കി: മൂന്നര വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച (Sexual abuse) കേസില്‍ അമ്മയുടെ കാമുകന് 21 വർഷം തടവ്. തൊടുപുഴ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായാണ് 21 വർഷം തടവാണ് ശിക്ഷയായി കോടതി വിധിച്ചത്. 15 വർഷം കൊണ്ട് ശിക്ഷ അനുഭവിച്ചാൽ മതി. പ്രതിക്ക് 3,81,000 രൂപ പിഴയും വിധിച്ചു. മൂന്നര വയസുകാരന്റെ സഹോദരനായ ഏഴ് വയസുകാരനെ മര്‍ദ്ധിച്ചുകൊന്ന കേസിലും ഇയാള്‍ പ്രതിയാണ്.
ഏഴ് വയസുകാരനെ മർദ്ദിച്ചുകൊന്ന കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതി മൂന്നര വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച വിവരം പുറത്തുവരുന്നത്. ഏഴ് വയസുകാരനെപോലെ മൂന്നര വയസുള്ള കുട്ടിയെയും മർദ്ദിച്ച് കൊല്ലുകയായിരുന്നു പ്രതിയുടെ ഉദ്ദേശ്യമെന്ന് കാണിച്ചാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. പോക്സോയ്ക്കൊപ്പം വധശ്രമം, കുട്ടികൾക്ക് എതിരായ അതിക്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു കുറ്റപത്രം. മാസങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിലാണ് പ്രതിക്കെതിരെ കോടതി 21 വർഷം തടവുശിക്ഷ വിധിച്ചത്.
പ്രണയം നിരസിച്ചതിന് പ്ലസ് ടു വിദ്യാർത്ഥി സഹപാഠിയെ വെട്ടിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രണയം നിരസിച്ചതിനെ തുടർന്ന് പ്ലസ് ടു വിദ്യാർത്ഥി സഹപാഠിയെ വെട്ടിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്നാർ ടൗൺ സ്വദേശിയായ വിദ്യാർത്ഥി സഹപാഠിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെയാണ് വെട്ടിയത്. പെൺകുട്ടിയെ വെട്ടിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിയുടെ നില ഗുരുതരമാണ്.
Also Read-
Murder | കിടപ്പുരോഗിയായ വീട്ടമ്മയുടെ മരണം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ
ക്ലാസ് കഴിഞ്ഞ് സ്കൂൾ ബസിൽ വീടിനു സമീപത്ത് ഇറങ്ങിയ പെൺകുട്ടിയുടെ സമീപം പിന്തുടർന്ന് എത്തിയ വിദ്യാർത്ഥി അടുത്തുള്ള ദേവാലയ പരിസരത്തേക്ക് വിളിച്ചു കൊണ്ടു പോയി. പിൻഭാഗത്തുള്ള ശുചിമുറിയുടെ സമീപം ഇവർ സംസാരിച്ചു നിൽക്കുന്നതിനിടയിൽ പ്രകോപിതനായ വിദ്യാർത്ഥി കൈയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് പെൺകുട്ടിയെ വെട്ടുകയായിരുന്നു. വീടിനു സമീപം കാത്തു നിൽക്കുകയായിരുന്ന അമ്മ ശരീരം മുഴുവൻ രക്തമൊലിച്ച നിലയിൽ ഓടി വരുന്ന മകളെയാണ് കണ്ടത്. അലറി വിളിച്ച അമ്മ അയൽക്കാരെയും കൂട്ടി പെൺകുട്ടിയെ മൂന്നാറിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
പെൺകുട്ടി ഓടിപ്പോകുന്നതു കണ്ട വിദ്യാർത്ഥി ആക്രമിക്കാൻ ഉപയോഗിച്ച കത്തി കൊണ്ട് കഴുത്തു മുറിക്കുകയായിരുന്നു. കൈത്തണ്ടയിലും സ്വയം പരിക്കേൽപ്പിച്ച് ദേഹമാസകലം രക്തം പടർന്നതോടെ അടുത്തുള്ള ഒരു തോടിനു സമീപം വീഴുകയും ചെയ്തു. രക്തമൊലിച്ചു നിന്ന വിദ്യാർത്ഥിയുടെ സമീപത്തേക്ക് എത്തുവാൻ നാട്ടുകാർ ആദ്യം ഭയന്നെങ്കിലും പിന്നീട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു
കഴുത്തിലും കൈയ്ക്കും പരിക്കേറ്റ പെൺകുട്ടിയെ കോയമ്പത്തൂർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിദ്യാർത്ഥിയെ കോലഞ്ചേരി ആശുപത്രിയിലേക്കും കൊണ്ടു പോയി. ഇരുവരും മാട്ടുപ്പെട്ടി കൊരണ്ടക്കാട് സ്കൂളിലെ വിദ്യാർത്ഥികളാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.