കോഴിക്കോട്: ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസിന് മാര്‍ഗതടസം സൃഷ്ടിച്ച് കാർ ഉടമയ്ക്ക് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്. രോഗിയുമായി ബാലുശേരി താലൂക്ക് ആശുപത്രിയിൽനിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോവുകയായിരുന്ന ആംബുലൻസിനാണ് കാർ മാർഗതടസം ഉണ്ടാക്കിയത്.
രക്ത സമ്മർദം കുറഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്നു രോഗി. നിരന്തരം ഹോൺ മുഴക്കിയിട്ടും കാർ റോഡിന്റെ നടുവിൽനിന്ന് മാറ്റിയില്ല. കാർ തുടർച്ചയായി ബ്രേക്കിട്ടതായി ആംബുലന്‍സിലുണ്ടായിരുന്നവര്‍ പറഞ്ഞു. വൺവേ ആയ കക്കോടി ബൈപാസിൽ വച്ചാണ് ഒടുവിൽ ആംബുലൻസിനു കാറിനെ മറികടക്കാനായത്. നിരന്തരം മാർഗതടസം സൃഷ്ടിച്ചതോടെ ആംബുലൻസിനുള്ളിൽ ഉണ്ടായിരുന്നവർ കാറിന്റെ വിഡിയോ പകർത്തി. ഇത് പിന്നീട് സമൂഹ മാധ്യമങ്ങളില്‍ ഏറെ ചർച്ചയായിരുന്നു.
Also read-കോഴിക്കോട് രോഗിയുമായി പോയ ആംബുലൻസിന് വഴി നൽകാതെ കാർ
KL 11 AR 3542 എന്ന നമ്പറിലുള്ള സ്വിഫ്റ്റ് ഡിസയര്‍ കാറാണ് ആംബുലന്‍സിന്റെ വഴി തടഞ്ഞത്. കോഴിക്കോട് മാവൂര്‍ റോഡിലുള്ള ഹൈലാന്റ് സില്‍വര്‍ സാന്റ്‌സ് എന്ന സ്ഥാപത്തിന്റെ പേരിലുള്ള വാഹനമാണ് ഇതെന്നാണ് നന്മണ്ട ജോയിന്റ് ആര്‍.ടി.ഒ. രാജേഷ് അറിയിച്ചത്.
തരുണ്‍ എന്ന ഡ്രൈവറാണ് സംഭവസമയത്ത് വാഹനമോടിച്ചിരുന്നതെന്നാണ് ആര്‍.ടി.ഒ. അറിയിച്ചിരിക്കുന്നത്. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് മുന്നോടിയായി നേരിട്ട് വിളിച്ച് വരുത്തുമെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇതിനു ശേഷം മൂന്ന് മാസത്തേക്ക് ഡ്രൈവിങ്ങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പാലിയേറ്റീവ് കെയറില്‍ രണ്ട് ദിവസത്തെ സാമൂഹിക സേവനവും നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.