• HOME
  • »
  • NEWS
  • »
  • crime
  • »
  • കോടതി നടപടികൾ മൊബൈലിൽ ചിത്രീകരിച്ചു; കൊലക്കേസ് പ്രതിയുടെ സുഹൃത്ത് അറസ്റ്റിൽ

കോടതി നടപടികൾ മൊബൈലിൽ ചിത്രീകരിച്ചു; കൊലക്കേസ് പ്രതിയുടെ സുഹൃത്ത് അറസ്റ്റിൽ

യുവതിയെ ചുട്ടുകൊന്ന കേസിന്റെ വിചാരണയാണ് പ്രതിയായ ഭർത്താവിന്‍റെ സുഹൃത്ത് മൊബൈലില്‍ ചിത്രീകരിച്ചത്

  • Share this:
തിരുവനന്തപുരം: കോടതി നടപടികൾ മൊബൈലിൽ ഷൂട്ട് ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ ചുട്ടുകൊന്ന കേസിന്റെ വിചാരണയാണ് പ്രതിയായ ഭർത്താവിന്‍റെ സുഹൃത്ത് മൊബൈലില്‍ ചിത്രീകരിച്ചത്. പ്രതിയുടെ സുഹൃത്ത് തിരുമല സ്വദേശി അനീഷാണ് വീഡിയോ ചിത്രീകരിച്ചതിന് അറസ്റ്റിലായത്. ആനാട് സ്വദേശി ജോയി ആന്‍റണിയാണ്(43) ഭാര്യയെ ചുട്ടുകൊന്ന കേസിൽ വിചാരണ നേരിടുന്നത്.

തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ആറിലാണ് സംഭവം. പ്രോസിക്യൂട്ടറാണ് വീഡിയോ എടുക്കുന്നത് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് കോടതിയുടെ നിർദേശം അനുസരിച്ച് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോൺ പരിശോധിച്ചതിൽനിന്ന് കോടതി നടപടികളുടെ ദൃശ്യം കണ്ടെടുത്തിട്ടുണ്ട്. ഫോൺ കൂടുതൽ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

കൂടുതൽ സ്ത്രീധനം ലഭിക്കുന്ന മറ്റൊരു വിവാഹം കഴിക്കുന്നതിനുവേണ്ടിയാണ് 35 കാരിയായ ഭാര്യ സുനിതയെ പ്രതി ജോയി ചുട്ടുകൊന്നത്. സുനിതയ്ക്ക് ഒരു ഫോൺ വന്നുവെന്നു പറഞ്ഞ് ജോയി ക്രൂരമായി മർദിച്ചു. മൺവെട്ടിക്കൈ കൊണ്ടുള്ള ക്രൂരമർദനത്തിൽ ബോധരഹിതയായിവീണ സുനിതയെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയും ശരീരാവശിഷ്ടങ്ങൾ മൂന്നു ദിവസം വീട്ടിനുള്ളിൽ സൂക്ഷിക്കുകയും ചെയ്തു.

പിന്നീട് ശുചിമുറി മാലിന്യം നിക്ഷേപിക്കുന്ന കുഴിയിലേക്ക്‌ മൃതദേഹാവശിഷ്ടങ്ങൾ വലിച്ചെറിയുകയും ചെയ്തു. മാലിന്യക്കുഴിയിൽനിന്ന് ശരീരാവശിഷ്ടങ്ങൾ എടുത്ത് ശാസ്ത്രീയ പരിശോധന നടത്തി അവശിഷ്ടങ്ങൾ സുനിതയുടേതാണെന്ന് ഉറപ്പിച്ചിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ, ദീപാ വിശ്വനാഥ്, മോഹിത മോഹൻ, തുഷാരാ രാജേഷ് എന്നിവരാണ് കോടതിയിൽ ഹാജരാകുന്നത്.

കേസിൽ ആനാട് വേങ്കവിള വേട്ടമ്പള്ളി നാല് സെന്റ് കോളനി സ്വദേശി ജോയിക്ക് പുറമെ, മാതാവ് ലില്ലി ഭായ്, സഹോദരി ജയ എന്നിവരും പ്രതികളാണ്. ലില്ലി ഭായ്, ജയ എന്നിവർ ജാമ്യം എടുത്തശേഷം ഒളിവിൽപ്പോയതിനാൽ ജോയ് ആന്റണി മാത്രമാണ് വിചാരണ നേരിടുന്നത്.
Published by:Anuraj GR
First published: