• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder| അഗളി സ്വദേശിയായ പ്രവാസിയുടെ കൊലപാതകം; അന്വേഷണം പെരിന്തൽമണ്ണ സ്വദേശി യഹിയയെ കേന്ദ്രീകരിച്ച്

Murder| അഗളി സ്വദേശിയായ പ്രവാസിയുടെ കൊലപാതകം; അന്വേഷണം പെരിന്തൽമണ്ണ സ്വദേശി യഹിയയെ കേന്ദ്രീകരിച്ച്

അബ്ദുൽ ജലീൽ മരിച്ചത് ക്രൂര മർദ്ദനത്തിലേറ്റ പരിക്കുകൾ കാരണം

  • Share this:
മലപ്പുറം: വിദേശത്ത് നിന്ന്‌ നാട്ടിലെത്തിയ പ്രവാസിയെ തട്ടിക്കൊണ്ട് പോയി മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിൻ്റെ അന്വേഷണം ആക്കപ്പറമ്പ് സ്വദേശി യഹിയയെ കേന്ദ്രീകരിച്ച്. ക്രൂരമായ മർദ്ദനത്തിന് ഒടുവിൽ മൃതപ്രായനായ ജലീലിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത് യഹിയ ആണ്. കാറിൽ കൊണ്ട് വന്ന് സ്ട്രക്ചറിൽ കിടത്തുന്ന സിസിടിവി ദൃശ്യങ്ങൾ ആണ് പുറത്ത് വന്നത്. ഇതിൽ യഹിയയുടെ മുഖം വ്യക്തമാണ്.

ഫോൺ നമ്പർ നൽകി മുങ്ങിയ യഹിയ ആണ് പൊലീസ് അന്വേഷണത്തിൻ്റെ ഇപ്പോഴത്തെ കേന്ദ്രബിന്ദു. യഹിയയുടെ കൂടെ ഉള്ളതെന്ന് കരുതുന്ന മൂന്ന് പേരെയും പൊലീസ് ചോദ്യം ചെയ്തു. കേസിൽ കൂടുതൽ പേരുണ്ട് എന്ന നിഗമനത്തിൽ ആണ് പൊലീസ്. ചിലർ തമിഴ്നാട്ടിലേക്ക് കടന്നതായും പൊലീസ് സംശയിക്കുന്നുണ്ട്. സ്വർണക്കടത്ത് തന്നെ ആണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണ സംഘം. യഹിയക്ക് പിന്നിൽ ഒരു സംഘം ഉണ്ടെന്നും പൊലീസ് കരുതുന്നു.

Also Read- Hottest Places| 70.7 ഡിഗ്രി സെൽഷ്യസ് വരെ; ലോകത്തിലെ ഏറ്റവും ചൂടേറിയ പ്രദേശങ്ങൾ അറിയാം

അട്ടപ്പാടി അഗളി സ്വദേശി അബ്ദുൽ ജലീലാണ് ക്രൂര മര്ദനത്തിനിരയായി പെരിന്തൽമണ്ണയിൽ ചികിത്സയിലിരിക്കെ മരിച്ചത്. നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി 4 ദിവസങ്ങൾക്ക് ശേഷം  ക്രൂരമർദനമേറ്റ് അബോധാവസ്ഥയിലാണ്  പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ അബ്ദുൽ ജലീലിനെ പ്രവേശിപ്പിച്ചത്. ദേഹമാസകലം മൂർച്ചയുള്ള ആയുധംകൊണ്ട് വരഞ്ഞ മുറിവുകളും മർദനമേറ്റ പാടുകളുമുണ്ടായിരുന്നു. മസ്തിഷ്ക രക്ത സ്രാവവും  വൃക്കകൾ പ്രവർത്തന രഹിതമായതും മരണത്തിന് കാരണമായി.

വഴിയരികിൽ പരിക്കേറ്റ് കിടന്നയാളാണെന്ന് പറഞ്ഞാണ് യഹിയ അബ്ദുൽ ജലീലിനെ ആശുപത്രിയിൽ എത്തിച്ചത്. നെടുമ്പാശേരി വിമാനം ഇറങ്ങിയത് മുതൽ എല്ലാം ദുരൂഹമാണെന്ന് ബന്ധുക്കൾ പറയുന്നു. ഇന്നലെ രാവിലെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച അബ്ദുൽ ജലീൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ അർധരാത്രിയാണ് മരിച്ചത്.  ഏതെങ്കിലും തരത്തിൽ ശത്രുക്കൾ ഉള്ളയാളല്ല ജലീൽ എന്ന് ബന്ധുക്കൾ പറയുന്നു. ക്രൂര മർദനങ്ങൾക്കിരയായിട്ടുണ്ടെന്നും ‌വിശദമായ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.

നടന്നത് ഇങ്ങനെ... 

കഴിഞ്ഞ ഞായറാഴ്ച ആണ് അബ്ദുൽ ജലീൽ ജിദ്ദയിൽ നിന്ന് നെടുമ്പാശ്ശേരി എത്തിയത്. കൂട്ടിക്കൊണ്ടു പോകാൻ നാട്ടിൽ നിന്ന് എത്തിയവരെ മറ്റ് സുഹൃത്തുക്കളുടെ കൂടെ വരാം എന്ന് പറഞ്ഞ് ഇയാൾ മടക്കി അയച്ചു. പിന്നീട് രണ്ട്  ദിവസത്തിനുള്ളിൽ താൻ വീട്ടിൽ എത്തുമെന്ന് പറഞ്ഞ് ഇയാള് വീഡിയോ കോൾ ചെയ്തു. പക്ഷേ ചൊവ്വാഴ്ചയായിട്ടും ജലീലിനെ കാണാത്തതിനെ തുടർന്ന് കുടുംബം അഗളി പൊലീസിൽ പരാതി നൽകി.  പിറ്റേന്ന് ജലീൽ വിളിച്ചപ്പോൾ ഭാര്യ  ഇക്കാര്യം പറഞ്ഞു. ഉടൻ പരാതി പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ ആണ് ഇയാളെ പരിക്കേറ്റ നിലയിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലക്കും ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിലും പരിക്കേറ്റിട്ടുണ്ട്.

ജലീലിനെ ആശുപത്രിയിൽ പ്രവേശിച്ച കാര്യം വീട്ടിലേക്ക് സാറ്റലൈറ്റ് ഫോൺ വഴി ആരോ വിളിച്ച് പറയുകയും ചെയ്തു. അപ്പോഴാണ് കുടുംബം ഇക്കാര്യം അറിയുന്നത്. ജലീലിന്റെ ഭാര്യ മുബഷീറ പറയുന്നു. " പതിനഞ്ചാം തീയതിയാണ് ഇക്ക നെടുമ്പാശ്ശേരിയിൽ എത്തിയത്. ഞങ്ങളെ വിളിച്ച് വീട്ടിലേക്ക് എത്തിക്കോളാം എന്ന് പറഞ്ഞു. പിന്നീട് രണ്ട് ദിവസവും വീഡിയോ കോൾ ചെയ്തിരുന്നു. ചൊവ്വാഴ്ച ആയിട്ടും വീട്ടിൽ എത്താത്തത് കൊണ്ട് ഞങ്ങൾ അഗളി പൊലീസിന് പരാതി കൊടുത്തു. അക്കാര്യം പിന്നിട് വീഡിയോ കോൾ ചെയ്തപ്പോൾ പറഞ്ഞു. അപ്പോൾ പിന്നിൽ നിന്ന് ആരോ പരാതി പിൻവലിക്കാൻ പറഞ്ഞു. പിന്നെ വ്യാഴാഴ്ച രാവിലെ ആണ് ആരോ വിളിച്ച് പറയുന്നത് ജലീലിനെ ആശുപത്രിയിൽ ആക്കി എന്നാണ്. ഇവിടെ വന്ന് നോക്കിയപ്പോൾ ആൾ വെൻ്റിലേറ്ററിൽ ആണ്. വിളിച്ചത് ഏതോ നാലക്ക നമ്പരിൽ നിന്ന് ആണ് ".
Published by:Rajesh V
First published: