ന്യൂഡൽഹി: വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ 52 കാരനായ സംഗീത അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി ദിൽഷാദ് ഗാർഡനിൽ താമസിക്കുന്ന അധ്യാപകനെ 23 കാരിയായ വിദ്യാർഥിനിയുടെ പരാതിയെ തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചാണക്യപുരി സംഗീത പഠന കേന്ദ്രത്തിൽ കഥക്കിൽ ഡിപ്ലോമ വിദ്യാർഥിനിയാണ് പരാതിക്കാരി.
പഖവാജ് സംഗീതോപകരണം പഠിപ്പിക്കുന്ന അധ്യാപകനാണ് അറസ്റ്റിലായത്. വിദ്യാർഥിനിയുടെ ശരീരത്തിൽ തെറ്റായ ഉദ്ദേശത്തോടെ സ്പർശിക്കുകയും വാട്സാപ്പിൽ അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഡിസംബർ 14ന് വിദ്യാർഥിനിയും മാതാവും ചാണക്യപുരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
പരിശീലനത്തിനിടെ അധ്യാപകൻ മോശമായി സ്പർശിച്ചുവെന്ന് പരാതിയിൽ പറയുന്നു. ഡിസംബർ 14ന് വീണ്ടും അധ്യാപകൻ അപമര്യാദയായി പെരുമാറി. അരയിൽ കയറിപ്പിടിച്ച ശേഷം നെറ്റിയിൽ ചുംബിച്ചുവെന്നും വിദ്യാർഥിനി പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തതായും പ്രതിയെ അറസ്റ്റ് ചെയ്തതായും ഡിസിപി ഈഷ് സിംഗാള്‍ പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇൻസ്റ്റിറ്റ്യൂട്ടിലെ മറ്റ് വിദ്യാർഥികളുടെ മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.