കൊച്ചി: വ്ലോഗറായ യുവതിയെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത സംശയിച്ച് പൊലീസ്. കണ്ണൂര്‍ സ്വദേശിനിയും യൂട്യൂബ് വ്ലോഗറുമായ നേഹയെയാണ് (27) കൊച്ചിയിൽ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഫ്ലാറ്റിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തതോടെയാണ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്. നേഹയ്ക്കൊപ്പം താമസിച്ചിരുന്ന യുവാവിനെ പൊലീസ് അന്വേഷിക്കുന്നുണ്ട്.
കുറച്ചുകാലമായി ഭര്‍ത്താവില്‍ നിന്ന് അകന്നു കഴിയുകയായിരുന്ന നേഹ ആറു മാസം മുന്‍പാണു കൊച്ചിയില്‍ എത്തിയത്. ജോലി അന്വേഷിച്ച് വന്ന നേഹ അതിനിടെ മറ്റൊരു യുവാവുമായി അടുപ്പത്തിലായി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയാണ് യുവാവ് നേഹയ്ക്കൊപ്പം താമസിച്ചുവന്നത്. എന്നാൽ അടുത്തിടെ ഇയാള്‍ നാട്ടില്‍ പോയതിനു പിന്നാലെ വിവാഹത്തില്‍ നിന്നു പിന്മാറി. ഇതറിഞ്ഞതോടെ യുവതി ജീവനൊടുക്കിയതാകാമെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കളില്‍ ചിലര്‍ പറയുന്നു. ഇവര്‍ ആത്മഹത്യ ചെയ്യുമെന്നു കാണിച്ച് സുഹൃത്തുക്കളില്‍ ചിലര്‍ക്ക് അയച്ച വാട്സാപ്പ് സന്ദേശം പൊലീസ് കണ്ടെത്തെയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ സ്ഥലത്തെത്തിയ സുഹൃത്തുക്കളില്‍ ഒരാളാണു വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നതും നേഹയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ഇതിനിടെ, കറുത്ത കാറില്‍ സ്ഥലത്തെത്തിയ മൂന്നു യുവാക്കളെ സംശയം തോന്നി പരിശോധിച്ച പൊലീസ് 15 ഗ്രാം എംഡിഎംഎ കണ്ടെത്തി. യുവതി മരിച്ചു കിടന്ന ഫ്ലാറ്റില്‍ നടത്തിയ പരിശോധനയിലും ലഹരി മരുന്ന് കണ്ടെത്തിയിരുന്നു. ഇതോടെ ഈ യുവാക്കൾ നേഹയുടെ ഫ്ലാറ്റിൽ എത്തിയിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
കാറിലുണ്ടായിരുന്ന രണ്ടു പേരെ വിട്ടയച്ച പൊലീസ് ഒരാള്‍ക്കെതിരെ മാത്രമാണു കേസെടുത്തിരിക്കുന്നത്. മറ്റുള്ളവര്‍ക്ക് ലഹരി ഇടപാടില്‍ പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്. ഫ്ലാറ്റില്‍ സ്ഥിരമായി ലഹരി വില്പന നടന്നതായും അസമയത്ത് ആളുകള്‍ വന്നു പോയിരുന്നതായും സമീപവാസികള്‍ പറയുന്നു. യുവതിയുടെ മരണത്തിന് പിന്നിൽ ലഹരി മരുന്ന് ഇടപാടുമായി ബന്ധമുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
വയനാട്ടിൽ സ്വകാര്യ റിസോർട്ടിൽ യുവതിയും യുവാവും തൂങ്ങിമരിച്ച നിലയിൽ
കൽപ്പറ്റ: വയനാട് ബത്തേരി മണിച്ചിറക്കടുത്ത് സ്വകാര്യ റിസോർട്ടിൽ യുവതിയേയും യുവാവിനെയും മരിച്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പളളി അമരക്കുനി പോത്തനാമലയിൽ നിഖിൽ പ്രകാശ് (26), ശശിമല മാടപ്പള്ളിക്കുന്ന് വെള്ളംകുന്നിൽ ബബിത (22) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മണിച്ചിറയിലെ സ്വകാര്യ റെസിഡൻസിയിലെ മുറിയിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
Also Read-
Malappuram | അവിവാഹിതയായ 45കാരിയെ വെട്ടിയശേഷം അയൽവാസി വിഷം കഴിച്ചു; ഇരുവരും ഗുരുതരാവസ്ഥയിൽ
ഇന്ന് ഉച്ചയോടെ റിസോർട്ടിലെ ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. യുവതിയും യുവാവും തമ്മിൽ ഏറെ കാലമായി പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇവരുടെ ബന്ധത്തെ വീട്ടുകാർ എതിർത്തിരുന്നതായാണ് സൂചന. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.