ലൈംഗികാരോപണവും പണംതട്ടിപ്പും; മൈസൂരു ബിഷപ്പിനെതിരെ മാർപാപ്പയ്ക്ക് കത്തയച്ച് 37 വൈദികർ

ലൈംഗികാരോപണത്തിന് പുറമെ സാമ്പത്തിക തട്ടിപ്പ്, ഫണ്ട് വകമാറ്റൽ തുടങ്ങിയ പരാതിയും ബിഷപ്പിനെതിരെയുണ്ട്. സഭയുടെ ഫണ്ട് ബിഷപ്പും കൂട്ടരും ചേർന്ന് വകമാറ്റിയതായും ആരോപണമുണ്ട്

News18 Malayalam | news18-malayalam
Updated: November 7, 2019, 7:07 AM IST
ലൈംഗികാരോപണവും പണംതട്ടിപ്പും; മൈസൂരു ബിഷപ്പിനെതിരെ മാർപാപ്പയ്ക്ക് കത്തയച്ച് 37 വൈദികർ
Mysuru Bishop William
  • Share this:
ബംഗൂളൂരു: മുൻ ബിഷപ്പ് ഫ്രാങ്കോയ്ക്ക് ശേഷം കത്തോലിക്ക സഭയെ പ്രതിരോധത്തിലാക്കി മൈസൂരു ബിഷപ്പിനെതിരെ ലൈംഗികാരോപണം. ഇതുസംബന്ധിച്ച് മൈസൂരു അതിരൂപത ബിഷപ്പ് കെ.എ വില്യമിനെതിരെ 37 വൈദികർ മാർപാപ്പയ്ക്ക് കത്തയച്ചു. വില്യമും മറ്റൊരു വൈദികനായ ലെസ്ലി മോറിസും ചേർന്ന് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി ആരോപിച്ച് ഒരു യുവതി രംഗത്തെത്തിയിരുന്നു. അതേസമയം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ബിഷപ്പ് വില്യം പ്രതികരിച്ചത്.

അതിനിടെ മുംബൈ ആസ്ഥാനായ അസോസിയേഷൻ ഓഫ് കൺസേൻഡ് കാത്തലിക്സ് എന്ന സംഘടന ബിഷപ്പിനെതിരെ മൈസുരു പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിക്കാരിയായ യുവതിയുടെ വീഡിയോ ദൃശ്യങ്ങളും പൊലീസിന് നൽകിയിട്ടുണ്ട്. രൂപതയിലെ ഫാമിലി കമ്മീഷനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന യുവതിക്കുനേരെയാണ് ലൈംഗികപീഡനശ്രമമുണ്ടായത്. ഫീൽഡ് വർക്കിന്‍റെ പ്രതിദിന റിപ്പോർട്ട് സമർപ്പിക്കാൻ രൂപത ആസ്ഥാനത്ത് എത്തിയപ്പോഴാണ് ബിഷപ്പും വൈദികനും മോശമായി പെരുമാറിയത്. വൈദികൻ ലെസ്ലി മോറിസ്, ലൈംഗികബന്ധത്തിന് നിർബന്ധിച്ചതായാണ് ആരോപണം. ബിഷപ്പ് അപമര്യാദയായി പെരുമാറുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തതായി യുവതി പറയുന്നു. വഴങ്ങിയില്ലെങ്കിൽ ജോലിയിൽനിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി പറയുന്നു വില്യം ബിഷപ്പായി എത്തിയ 2017 മുതലാണ് തനിക്ക് ദുരനുഭവമുണ്ടായത്. 2018ൽ താൻ ജോലി രാജിവെക്കുകയും ചെയ്തു. പുതിയ ജോലിസ്ഥലത്തും ബിഷപ്പിന്‍റെ ആളുകളെ തന്നെ പിന്തുടരുകയും ശല്യപ്പെടുത്തുകയും ചെയ്തതായി യുവതി പറയുന്നു.

ലൈംഗികാരോപണത്തിന് പുറമെ സാമ്പത്തിക തട്ടിപ്പ്, ഫണ്ട് വകമാറ്റൽ തുടങ്ങിയ പരാതിയും ബിഷപ്പിനെതിരെയുണ്ട്. സഭയുടെ ഫണ്ട് ബിഷപ്പും കൂട്ടരും ചേർന്ന് വകമാറ്റിയതായും ആരോപണമുണ്ട്. സഭയുടെ സ്ഥാപനങ്ങളിൽ നിയമനത്തിനും വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രവേശനത്തിനും വൻതുക കോഴയായി വാങ്ങാറുണ്ട്. സ്വന്തമായി കാർ വാങ്ങുകയും പിന്നീട് അത് ഒരു യുവതിയുടെ പേരിലേക്ക് മാറ്റുകയും ചെയ്തതായും ബിഷപ്പിനെതിരെ ആരോപണമുണ്ട്. ബിനാമി പേരിൽ നിരവധി വസ്തുവകകൾ ബിഷപ്പ് സ്വന്തമാക്കിയതായും പരാതിയിൽ പറയുന്നുണ്ട്. കൂടാതെ ബിഷപ്പിനും ഭാര്യയും മക്കളുമുണ്ടെന്നും, നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

അതേസമയം തനിക്കെതിരെ വൈദികർ ഉൾപ്പടെ ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണെന്ന് മൈസൂരു ബിഷപ്പ് കെ.എ വില്യം പറയുന്നു. രൂപതയെ ക്രൈസ്തവരെയും അപകീർത്തിപ്പെടുത്താനുള്ള ചിലരുടെ ഗൂഢാലോചനയാണ് പരാതിക്ക് പിന്നിലെന്നും ബിഷപ്പ് ആരോപിച്ചു. ആരോപണങ്ങൾ തന്നെ ബാധിക്കില്ലെന്നും, മൈസൂരു രൂപതയെ സാമ്പത്തികമായി സ്വയംപര്യാപ്തതയിലെത്തിക്കാനും ഭരണത്തിൽ സുതാര്യതയുണ്ടാക്കാനുമുള്ള നടപടികൾ തുടരുമെന്നും ബിഷപ്പ് വ്യക്തമാക്കി.
First published: November 7, 2019, 7:07 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading