മൈസൂര്‍: വീടിനുള്ളില്‍ നിധിയുണ്ടെന്ന് വിശ്വസിപ്പിച്ച് മുറിയ്ക്കുള്ളില്‍ 20 അടി ആഴത്തില്‍ കുഴിയെടുത്ത് പൊല്ലാപ്പിലായിരിക്കുകയാണ് ചാമരാജനഗറിലെ അമ്മനപുര ഗ്രാമത്തിലെ സോമണ്ണ. മലയാളിയായ മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ചാണ് കുഴിയെടുത്തത്.
കുറച്ചു കാലം മുന്‍പ് വീട്ടിനുള്ളില്‍ കണ്ട പാമ്പിനെ തല്ലിക്കൊല്ലുകയും വീടിനുള്ളില്‍ വീണ്ടും പാമ്പുകളെ കണ്ടെത്തിയതാണ് സോമണ്ണയെ മന്ത്രവാദിയുടെ അടുത്തെത്തിച്ചത്. കേരളത്തില്‍ നിന്നുള്ള മന്ത്രവാദികളെ സോമണ്ണയ്ക്ക് പരിചയപ്പെടുത്തിയത് ബന്ധക്കളായിരുന്നു. വീടിനുള്ളില്‍ പൂജ നടത്തിയ മന്ത്രവാദി വീട്ടില്‍ നിധിയുണ്ടെന്നും, നിധിയ്ക്ക് കാവല്‍ നില്ക്കാനാണ മന്ത്രവാദികള്‍ എത്തിയതെന്നും സോമണ്ണയെയും ഭാര്യയേയും പറഞ്ഞു വിശ്വസിപ്പിച്ചു. പാമ്പുകളെ കണ്ട ഭാഗം കുഴിക്കണമെന്ന് മന്ത്രവാദി ദമ്പതികള്‍ക്ക് നിര്‍ദ്ദേശം നല്കി.
ഇതിന് ശേഷം പാമ്പുകളെ കണ്ട മുറിയില്‍ കുഴിയെടുക്കാന്‍ ആരംഭിച്ചു. സമീപവാസികള്‍ക്ക് സംശയുണ്ടാവാതിരിയ്ക്കാന് കുഴിയില്‍ നിന്നുള്ള മണ്ണ് മറ്റൊരു മുറിയിലേയ്ക്കാണ് മാറ്റിയത്. എന്നാല്‍ കുഴിയുടെ ആഴം കൂടിയതല്ലാതെ നിധി ഉണ്ടെന്നുള്ളതിന്റെ ലക്ഷണമൊന്നും ലഭിച്ചില്ല.
ഇവരുടെ വീട്ടില്‍ നിന്നുണ്ടാവുന്ന കുഴിയെടുക്കലിന്റെ ശബ്ദം ഗ്രാമവാസികളില്‍ സംശയം ജനിപ്പിച്ചതിനെ തുടര്‍ന്ന് അവര്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്.
സംഭവത്തില്‍ പരാതിയില്ലാത്തതിനാല്‍ കേസെടുക്കുന്നില്ലായെന്നും ഇത്തരം പ്രവര്്തതികളില് ഏര്‍പ്പെടരുതെന്ന് ദമ്പതികള്‍ക്ക് താക്കീത് നല്‍കിയതായി ചാമരാജനഗര്‍ ഈസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ ആനന്ദ് അറിയിച്ചു.
അതേ സമയം കുഴിയെടുക്കാന്‍ നിര്‍ദ്ദേശിച്ച മന്ത്രവാദി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയിരിക്കുകയാണെന്നാണ് ലഭിച്ച വിവരം. ഇപ്പോള്‍ വീടിനുള്ളിലെ കുഴി മൂടാനുള്ള ശ്രമത്തിലാണ് ദമ്പതികള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Fraud case, Karnataka, Treasure