പത്തനംതിട്ട: കലഞ്ഞൂരിൽ യുവാവിന്‍റെ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവത്തിൽ അയൽവാസി അറസ്റ്റിലായി. കലഞ്ഞൂര്‍ കടുത്ത സ്വദേശിയാണ് പിടിയിലായത്. ഭാര്യയുമായി യുവാവിന് ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് സൂചന.
സംഭവത്തിൽ അന്വേഷണം നടത്തിവരികയായിരുന്ന കൂടല്‍ പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് യുവാവിന്‍റെ മൃതദേഹം കൊലപാതകണമാണെന്ന് വ്യക്തമായത്. ചൊവ്വാഴ്ച കല്ലട കനാലിലാണ് 28 കാരനായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്.
പ്ലംബിങ് തൊഴിലാളിയായ യുവാവിനെ രണ്ടുദിവസമായി കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. അതിനിടെയാണ് പുലർച്ചെയോടെ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്ന് വ്യക്തമായിരുന്നു. വസ്ത്രങ്ങളില്ലാത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ മുറിവുകളുണ്ടായിരുന്നില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞിരുന്നു.
എന്നാൽ പൊലീസിന്‍റെ ഇൻക്വസ്റ്റിൽ തലയ്ക്ക് പിന്നില്‍ വെട്ടേറ്റ മുറിവുകളുണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി പൊലീസ് കാത്തിരുന്നത്. പോസ്റ്റുമോർട്ടത്തിൽ യുവാവിന്‍റെ മരണം കൊലപാതകമാണെന്ന് വ്യക്തമാകുകയായിരുന്നു. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നിഗമനം.
കൂടാതെ മൃതദേഹം കണ്ടെത്തിയ കനാലിന്‍റെ ഭാഗത്തുനിന്ന് 400 മീറ്റർ അകലെയായി രക്തക്കറ കണ്ടെത്തിയിരുന്നു. സമീപത്തെ പാറയിൽനിന്ന് രക്തക്കറ വെള്ളമൊഴിച്ച് കഴുകാനും ശ്രമം നടന്നതായി പൊലീസ് കണ്ടെത്തി. അനന്തുവും സുഹൃത്തുക്കളും മിക്ക ദിവസങ്ങളിലും രാത്രിയിൽ കനാലിന് സമീപത്ത് കൂടിയിരിക്കാറുണ്ടായിരുന്നു. പൊലീസിനെ ആക്രമിച്ചത് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായിരുന്നു കൊല്ലപ്പെട്ട യുവാവ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.