ന്യൂസ് 18 മാധ്യമപ്രവർത്തകന് കുത്തേറ്റു; നാല് പേർ അറസ്റ്റിൽ
ന്യൂസ് 18 മാധ്യമപ്രവർത്തകന് കുത്തേറ്റു; നാല് പേർ അറസ്റ്റിൽ
വാക്കു തർക്കത്തിനിടെ അൽബാർ ഈറ്റ്സ് റെസ്റ്റോറന്റ് ഉടമ സയേദ് അലി അഹമ്മദാണ് ചക്രപാണിയെ കുത്തിപരുക്കേൽപ്പിച്ചത്. അലി അഹമ്മദും സഹോദരനും റെസ്റ്റോറന്റിലെ ജീവനക്കാരുമാണ് അറസ്റ്റിലായിരിക്കുന്നത്.
ഗുവാഹത്തി: അസമിൽ ന്യൂസ് 18 മാധ്യമ പ്രവർത്തകനെ കുത്തിയ സംഭവത്തിൽ നാല് പ്രതികൾ പിടിയിൽ. അസമിലെ റിപ്പോർട്ടർ ചക്രപാണി പരഷാറിനാണ് കുത്തേറ്റത്. വാക്കു തർക്കത്തിനിടെ അൽബാർ ഈറ്റ്സ് റെസ്റ്റോറന്റ് ഉടമ സയേദ് അലി അഹമ്മദാണ് ചക്രപാണിയെ കുത്തിപരുക്കേൽപ്പിച്ചത്. അലി അഹമ്മദും സഹോദരനും റെസ്റ്റോറന്റിലെ ജീവനക്കാരുമാണ് അറസ്റ്റിലായിരിക്കുന്നത്. ഇവര്‍ക്കെതിരെ കൊലപാതക ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.
വൈകിട്ട് ഇടവേള സമയത്ത് റെസ്റ്റോറന്റിലെത്തിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ന്യൂസ് 18 ഓഫീസ് പ്രവർത്തിക്കുന്ന അതേ കെട്ടിടത്തിൽ തന്നെയായിരുന്നു റെസ്റ്റോറന്റും. വാക്കു തർക്കത്തിൽ തുടങ്ങിയ പ്രശ്നമാണ് പിന്നീട് ആക്രമണത്തിൽ കലാശിച്ചത്. ചക്രപാണിയെ വലിച്ചിഴച്ച ശേഷം റെസ്റ്റോറന്റ് ഉടമ മൂന്നു തവണ കുത്തി. ഗുരുതരമായി പരുക്കേറ്റ ചക്രപാണിയെ കസേര കൊണ്ട് ആക്രമിക്കുകയും ചെയ്തു. അതിനുശഷം അദ്ദേഹത്തെ റെസ്റ്റോറന്റിൽ നിന്ന് പുറത്തേക്ക് തള്ളി.
റെസ്റ്റോറന്റ് ഉടമ അലി അഹമ്മദ്, സഹോദരന് നീരജ് അഹമ്മദ്, രണ്ട് ജീവനക്കാരായ ഭാബേഷ് ദാസ്, നിതിൻ ശർമ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഗുരുതരമായി പരുക്കേറ്റ ചക്രപാണിയെ ജിഎൻആർസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം അപകടനില തരണം ചെയ്തെന്നാണ് ആശുപത്രിയിൽ നിന്നുള്ള വിവരങ്ങൾ.
അതേസമയം റെസ്റ്റോറന്റ് ഉടമ ഗ്യാസ് തുറന്നുവിട്ട ശേഷം തീയിടാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിന്റെ സത്യാവസ്ഥ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. ആക്രമണത്തെ ജേണലിസ്റ്റ് അസോസിയേഷൻ അപലപിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.