തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞ സംഭവത്തിൽ ഡ്യൂട്ടി ഡോക്‌ടർക്കെതിരെ കേസെടുത്തു. ജീവന് ഭീഷണിയാകുന്ന തരത്തിൽ പ്രവർത്തിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ സംഭവം അന്വേഷിച്ച് നടപടിയെടുക്കാൻ ആരോഗ്യ മന്ത്രി വീണ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു.
മാർച്ച് 27 നാണ് നെയ്യാറ്റിൻകരയിലെ ജനറൽ ആശുപത്രിയിൽ വെച്ച് അവണാകുഴി സ്വദേശി പ്രജിത്തിന്റെ ഭാര്യ കാവ്യയുടെ പ്രസവം നടന്നത്. പ്രസവ സമയത്ത് ശ്രദ്ധയില്ലാതെ കുഞ്ഞിനെ വലിച്ചെടുത്തത് മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് കുഞ്ഞിന്റെ അമ്മ പറയുന്നത്. പ്രസവം നടക്കുമ്പോൾ ജൂനിയർ ഡോക്ടർമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും നഴ്സുമാരാണ് പ്രസവമെടുത്തതെന്നും ആരോപണം.
Also read-പ്രസവം എടുത്തതിൽ വീഴ്ച; നവജാത ശിശുവിന്റെ ഇടതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടതായി പരാതി
പ്രസവിച്ചയുടനെ കുഞ്ഞിന് ഇടത് കൈ അനക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഇക്കാര്യം അറിയിച്ചപ്പോൾ രണ്ടാഴ്ച കഴിഞ്ഞാൽ ശരിയാകുമെന്നാണ് നെയ്യാറ്റിൻകരയിലെ ആശുപത്രി അധികൃതർ പറഞ്ഞത്. അവിടെയുള്ള മറ്റൊരു ഡോക്ടറാണ് മറ്റൊരു ആശുപത്രിയിൽ കാണിക്കാൻ പറയുകയായിരുന്നു. അങ്ങനെ എസ്എടി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. കുഞ്ഞിനെ പ്രസവത്തിനിടെ ശ്രദ്ധയില്ലാതെ വലിച്ചെടുത്തതാണ് കൈ എല്ല് പൊട്ടാൻ കാരണമായതെന്നാണ് ആശുപത്രിയിൽ നിന്ന് പറഞ്ഞത്. നിലവിൽ എല്ല് പൊട്ടൽ ശരിയായെങ്കിലും ഞരമ്പിന്റെ പ്രശ്നം മാറിയില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.