• HOME
  • »
  • NEWS
  • »
  • crime
  • »
  • സമാന്തര ടെലഫോൺ എക്സ്ചേഞ്ച്: NIAയും EDയും അന്വേഷിച്ചേക്കും; പിടിയിലായത് ബന്ധുക്കൾ

സമാന്തര ടെലഫോൺ എക്സ്ചേഞ്ച്: NIAയും EDയും അന്വേഷിച്ചേക്കും; പിടിയിലായത് ബന്ധുക്കൾ

ഒരു വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ വയനാട് പൊഴുതനയിൽ ബിനാമി പേരിൽ നിർമിക്കുന്ന റിസോർട്ട് സന്ദർശിക്കാൻ വേഷം മാറിയെത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്

  • Last Updated :
  • Share this:
    കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതി പിടിയിലായതിന് പിന്നാലെ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയേക്കുമെന്ന് സൂചന. തീവ്രവാദബന്ധവും കോടികളുടെ സാമ്പത്തിക ഇടപാടും സംശയിക്കുന്ന കേസിൽ എൻഐഎയും ഇഡിയും വിവരങ്ങൾ ആരാഞ്ഞേക്കുമെന്നാണ് സൂചന. ചാലപ്പുറം സ്വദേശി പി പി ഷബീർ ആണ് കഴിഞ്ഞ ദിവസം പിടിയിലായത്. തീവ്രവാദബന്ധമടക്കം സംശയിക്കുന്ന കേസിൽ ഇ ഡി അന്വേഷണം ആവശ്യപ്പെട്ട് കോഴിക്കോട് സിറ്റി ക്രൈം ബ്രാഞ്ച് സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട്‌ നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം പാലക്കാട് പിടിയിലായ ആളുടെ ബന്ധുവാണ് ഇപ്പോൾ പിടിയിലായത്. ഇവരുടെ തന്നെ മറ്റൊരു ബന്ധു ബംഗളുരുവിലും സമാന്തര എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു.

    ഒരു വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ വയനാട് പൊഴുതനയിൽ ബിനാമി പേരിൽ നിർമിക്കുന്ന റിസോർട്ട് സന്ദർശിക്കാൻ വേഷം മാറിയെത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. ഷമീർ എന്ന പേരിൽ ഇയാൾ ഇവിടെ എത്താറുണ്ട് എന്ന വിവരം ലഭിച്ച പൊലീസ് വേഷം മാറി റിസോർട്ടിന് സമീപം താമസിക്കുകയായിരുന്നു. ഹരിയാന റജിസ്ട്രേഷൻ കാറിൽ വയനാട് പൊഴുതനയിലെ റിസോർട്ടിനു സമീപമെത്തിയ പ്രതിയെ പൊലീസ് സംഘം വാഹനം തടഞ്ഞു കസ്റ്റഡിയിലെടുക്കുകയായിരുന്നു.

    2021 ജൂലൈയിലാണ് കോഴിക്കോട് നഗരത്തിലെ 7 കേന്ദ്രങ്ങളിൽ സമാന്തര എക്സ്ചേഞ്ചുകൾ കണ്ടെത്തിയത്. ബെംഗളൂരു എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതിയായ ഇബ്രാഹിം പുല്ലാട്ടിൽ ഉൾപ്പടെ രണ്ട് പേരെ ഈ കേസിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട്ടെ സമാന്തര എക്സ്ചേഞ്ചുകളിൽ നിന്ന് കാശ്മീരിലേക്കും പാകിസ്താനിലേക്കും കോളുകൾ പോയെന്ന് അന്വേഷണ സംഘം കണ്ടെത്തി.

    മുഖ്യപ്രതിയെ പിടികൂടിയതോടെ തീവ്രവാദ ബന്ധം ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. രണ്ടാം പ്രതി നിയാസ് ഉൾപ്പെടെ കേസിൽ കൂടുതൽ പേർ പിടിയിലാവാനുണ്ട്. കേസിൽ 46 കോടിയുടെ അനധികൃത ഇടപാടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് ED അന്വേഷണത്തിന് ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം ശുപാർശ ചെയ്തത്. രാജ്യ സുരക്ഷയെ ബാധിക്കുന്ന കേസ് ആയതിനാൽ എൻഐഎ അന്വേഷണം വേണമെന്ന് നേരെത്തെ ക്രൈം ബ്രാഞ്ച് ശുപാർശ ചെയ്തിരുന്നുവെങ്കിലും നടപടിയുണ്ടായിരുന്നില്ല. എന്നാൽ മുഖ്യപ്രതി പിടിയിലായതോടെ എൻഐഎയും കേസെടുത്ത് അന്വേഷിച്ചേക്കുമെന്നാണ് സൂചന.
    Published by:Anuraj GR
    First published: