• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder |നിലമ്പൂരിലെ വയോധികന്റെ മരണം കൊലപാതകം; പ്രതിയെ പിടികൂടിയത് പോലീസിന്റെ പഴുതടച്ച അന്വേഷണം

Murder |നിലമ്പൂരിലെ വയോധികന്റെ മരണം കൊലപാതകം; പ്രതിയെ പിടികൂടിയത് പോലീസിന്റെ പഴുതടച്ച അന്വേഷണം

കൊലപാതകത്തിന് ശേഷം നാട് വിട്ട പ്രതി പിന്നീട് സംഭവസ്ഥലത്ത് എത്തി ഒരു രാത്രി തങ്ങി. രൂക്ഷ ഗന്ധം വന്നതോടെ അഴുകിയ മൃതദേഹത്തിൽ മണ്ണെണ്ണ ഒഴിച്ചു.

  • Share this:
നിലമ്പൂരിലെ വയോധികന്റ മരണം കൊലപാതകമാണെന്നു പ്രതിയെ പിടികൂടി തെളിയിച്ച് നിലമ്പൂർ പോലീസ്. നിലമ്പൂർ എം.എൽ.എ ഓഫീസിന് സമീപം താമസിച്ചിരുന്ന തെക്കെപ്പുറം ദണ്ഡപാണി (72) ആയിരുന്നു കൊല്ലപ്പെട്ടത്. സംഭവത്തിൽനിലമ്പൂർ കല്ലേമ്പാടം സ്വദേശി ചെറുക്കുത്ത് ചന്ദ്രൻ (59) ആണ്  അറസ്റ്റിലായത്.

ഈ മാസം 13 നായിരുന്നു  ദണ്ഡപാണിയുടെ മൃതദേഹം വീടിനകത്ത് അഴുകിയ നിലയിൽ കണ്ടെത്തിയത്. വീട് സ്ഥിരമായി പൂട്ടി കിടക്കുന്നതിനാൽ അയൽവാസികളാരും അവിടേക്ക് പോയിരുന്നില്ല. രണ്ട് വർഷം മുമ്പ് ഭാര്യ മരിച്ചതിന് ശേഷം ദണ്ഡപാണി ഒറ്റക്ക് ആയിരുന്നു. രണ്ടു മക്കളിൽ ഒരാൾ കോഴിക്കോടും, മറ്റൊരാൾ കുടുംബസമേതം നിലമ്പൂരിലെ ഫ്ലാറ്റിലും ആണ് താമസം.

മകൻ ബാബുവാണ് മൃതദേഹം അഴുകി, ദുർഗന്ധം വമിക്കുന്ന നിലയിൽ കാണപ്പെട്ട വിവരം പോലീസിൽ അറിയിച്ചത്. മൃതദേഹം കിടന്നിരുന്ന കട്ടിലിൽ പാതി മുറിഞ്ഞ സിമൻറ് കട്ടയും അതിൽ രക്തം പുരണ്ടതായും കൂടുതൽ പരിശോധന നടത്തിയതിൽ ഒരു പോസ്റ്റ് കാർഡിൽ ഒരു കുറിപ്പും കണ്ടെത്തിയിരുന്നു.  മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്മാർട്ടം പരിശോധനയിലും കൊലപാതകത്തിൻ്റെ  സാധ്യത വ്യക്തമായതോടെ പോലീസ് അതീവ രഹസ്യമായി അന്വേഷണം തുടങ്ങി.

മുമ്പ് സ്വർണ്ണകച്ചവടവും മറ്റു ബിസിനസുകളും നടത്തിയിരുന്ന ദണ്ഡപാണിയുടെ വീട്ടിൽ വിലപിടിപ്പുള്ള മുതലുകൾ ഉണ്ടാവാൻ സാധ്യതയുള്ളതായി പോലീസ് സംശയിച്ചു. വീട്ടിൽ നടത്തിയ പരിശോധനയിൽ ലോക്കറിൽ ഉണ്ടായിരുന്ന നാല് ലക്ഷത്തോളം വിലവരുന്ന സ്വർണ്ണാഭരണങ്ങൾ  ഒന്നും തന്നെ നഷ്ട്ടപ്പെട്ടിട്ടില്ല എന്നും കണ്ടെത്തി. ദണ്ഡപാണി യുടെ സുഹൃത്തുക്കളേയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തതും  പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചതുമാണ് അന്വേഷണത്തിൽ നിർണായകം ആയത്. ഇടക്ക് ദണ്ഡപാണിയുടെ കൂടെ താമസിക്കാറുള്ള വ്യക്തി ആയിരുന്നു പ്രതി ചന്ദ്രൻ. ഇയാൾ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു സ്ഥലം വിട്ടുവെന്ന് പോലീസ് കണ്ടെത്തി.

സംഭവശേഷം ചന്ദ്രൻ ഗൂഡല്ലൂരിലുള്ള ബന്ധുവീട്ടിൽ പതിവില്ലാതെ ഒരാഴ്ച്ച താമസിച്ചിരുന്നതായും അവിടെയുള്ള ലോഡ്ജിൽ ഒരു ദിവസം തങ്ങിയതായും വിവരം കിട്ടി. ലോഡ്ജിലെ രജിസ്റ്ററിലെ ഒപ്പും സംഭവസ്ഥത്ത് നിന്നും കിട്ടിയ പോസ്റ്റ് കാർഡിലെ ഒപ്പും സമാനമായി കണ്ടതോടെ അന്വേഷണം ചന്ദ്രനിൽ കേന്ദ്രീകരിച്ചായി. തുടർന്ന് അന്വേഷണ സംഘം ഗൂഡല്ലൂർ, ബത്തേരി, മൈസൂർ, നാടുകാണി, എന്നിവിടങ്ങളിലെത്തി ചന്ദ്രനെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. അതിനിടെ മഞ്ചേരി ഭാഗത്ത് കണ്ടതായി വിവരം കിട്ടിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനിടക്ക് നിലമ്പൂർ ടൗണിൽ നിന്ന് തന്നെ പ്രതിയെ പിടികൂടി. കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

അന്ന് നടന്നത് ഇങ്ങനെ..... മൂന്ന് വിവാഹം കഴിച്ച ചന്ദ്രൻ നിലവിൽ ഭാര്യമാരെ ഉപേക്ഷിച്ച് ഒറ്റക്കാണ് താമസം. സ്ഥിരം മദ്യപാനിയായ ചന്ദ്രൻ 2009 ൽ വണ്ടൂർ പോലീസ് സ്റ്റേഷനിൽ മൊബൈൽ മോഷണ കേസിൽ പിടിയിലായി 6 മാസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.  പത്ത് വർഷത്തോളം ജോലി ചെയ്തിരുന്ന ഗുഡല്ലൂരിലെ ഹോട്ടലിൽ സാധനങ്ങൾ നശിപ്പിച്ച് അര ലക്ഷത്തോളം രൂപയുടെ നാശനഷ്ടം വരുത്തിയ സംഭവവും അടുത്തിടെ നിലമ്പൂരിലെ ഒരു ഡ്രൈവിങ് സ്കൂളിലെ കാർ മോഷ്ടിച്ച് കടത്താനും ശ്രമം നടത്തിയിരുന്നു.

ഒരു വർഷം മുൻപ് ദണ്ഡപാണിയെ പരിചയപ്പെട്ട  ചന്ദ്രൻ ഇടക്ക് രാത്രിയിൽ തങ്ങാൻ ദണ്ഡപാണിയുടെ വീട്ടിൽ എത്താറുണ്ടായിരുന്നു. അവിടെ താമസിക്കുന്ന ദിവസങ്ങളിൽ ചന്ദ്രൻ ദണ്ഡപാണിക്ക് ഭക്ഷണം വച്ചു നൽകാറുമുണ്ട്. ജനുവരി 28ന് പകൽ സമയത്ത് ചന്ദ്രനോട് ദണ്ഡപാണി രണ്ട് ദിവസം മണ്ണാർകാടേക്ക് പോവുകയാണെന്നും  വീട്ടിൽ നിന്നും ഇറങ്ങി പോവാൻ പറയുകയും ചെയ്തു. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ഇറങ്ങിപ്പോയ ചന്ദ്രൻ രാത്രിയിൽ വീണ്ടും തിരിച്ചെത്തി ഉറങ്ങുകയായിരുന്ന ദണ്ഡപാണിയെ വീടിൻ്റെ പിറകുവശത്തു നിന്നും പാതി മുറിഞ്ഞ സിമൻ്റ് കട്ട എടുത്തു കൊണ്ട് വന്ന് തലക്ക് ശക്തിയായി ഇടിച്ച് കൊല്ലുക ആയിരുന്നു. തുടർന്ന് അവിടെ ഉണ്ടായിരുന്ന വെള്ളി ആഭരണം എടുത്തു. താക്കോൽ ഉപയോഗിച്ച് ലോക്കർ തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് അവിടെ നിന്നു കിട്ടിയ കുറച്ചു പണവും ദണ്ഡപാണി ഉപയോഗിച്ച തോൾ സഞ്ചിയും എടുത്ത് സ്ഥലം വിടുക ആയിരുന്നു.

ഒരാഴ്ചയോളം ഗൂഡല്ലൂരിലെ ബന്ധുവീട്ടിലും ലോഡ്ജിലും താമസിച്ച് നിലമ്പൂരിൽ മടങ്ങിയെത്തി സംഭവസ്ഥലം സന്ദർശിച്ച് ഒരു ദിവസം വീണ്ടും അവിടെ തങ്ങുകയും ചെയ്തു. അഴുകിതുടങ്ങിയ മൃതദേഹത്തിൽ നിന്നും ദുർഗന്ധം അസഹ്യമായപ്പോൾ അവിടെയുണ്ടായിരുന്ന മണ്ണെണ്ണ ചന്ദ്രൻ മൃതദേഹത്തിൽ ഒഴിച്ചു. അവിടുന്നെടുത്ത വെള്ളിയാഭരണം എടക്കരയിലെ ജ്വല്ലറിയിൽ വിൽക്കുകയും ചെയ്തു. പതിനാലാം തിയതി പത്രങ്ങളിൽ മരണ വാർത്ത കണ്ടതോടെ മൊബൈൽ സ്വിച്ച് ഓഫാക്കി സ്ഥലം വിട്ടു.

പിന്നീട് പെരിന്തൽമണ്ണയിലെ ബസ് സ്റ്റാൻ്റിൽ അന്തിയുറങ്ങി. പകൽ സമയങ്ങളിൽ മഞ്ചേരി ബാർ പരിസരങ്ങളിൽ മോഷ്ടിച്ച തൈലവും എണ്ണയും വിൽപ്പന നടത്തി മദ്യപിച്ച് നടക്കുകയായിരുന്നു. രഹസ്യവിവരത്തേ തുടർന്ന് പ്രത്യേക അന്വേഷണ സംഘം പിന്തുടരുന്നതറിഞ്ഞ ചന്ദ്രൻ തമിഴ് നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിൽ ആണ് നിലമ്പൂർ ബസ് സ്റ്റാൻഡ്  പരിസരത്തു നിന്നും പിടിയിലായത്.  പിടിയിലായ പ്രതി കുറ്റം സമ്മതിച്ചു. സി ഐ പി വിഷ്ണു അറസ്റ്റ് രേഖപ്പെടുത്തി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം സംഭവസ്ഥലത്ത് എത്തിച്ച് തെളിവുകൾ ശേഖരിച്ചു. പ്രതി കൊല നടത്തിയ രീതിയും മോഷണം നടത്തിയ രീതിയും പോലീസിനോട് വിവരിച്ചു.പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസിൻ്റെ  നിർദ്ദേശപ്രകാരം ഡിവൈഎസ്പി സജു കെ എബ്രഹമിൻ്റെ നേത്യത്വത്തിൽ സി ഐ പി.വിഷ്ണു, എസ് ഐ നവീൻ ഷാജ്, എം അസൈനാർ, എ എസ് ഐമാരായ അൻവർ സാദത്ത്, അനിൽ.കെ, സി പി ഓ മാരായ ഷീബ, സുനിൽ എൻ. പി, അഭിലാഷ് കൈപ്പിനി, ആഷിഫ് അലി കെ.ടി, ടി. നിബിൻ ദാസ്, ജിയോ ജേക്കബ്, നൗഷാദ് കെ., എന്നിവരാണ് കേസ് അന്വേഷിച്ചത്.
Published by:Sarath Mohanan
First published: