തൃശൂർ (Thrissur) പട്ടേപ്പാടത്ത് ഐഎസ്എൽ ഫൈനൽ (ISL Final) മത്സരം കാണുന്നതിനിടയിലുള്ള തർക്കത്തെ തുടർന്ന് യുവാവിന്റെ നടു തല്ലിയൊടിച്ച സംഭവത്തിൽ വെള്ളാങ്ങല്ലൂർ സ്വദേശികളായ ഒൻപത് പേരെ ആളൂർ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടേപ്പാടം സ്വദേശികളായ പുളിപ്പറമ്പിൽ അൻസിൽ (25), കളത്തുപറമ്പിൽ ശ്രീനി (25), തെക്കുംകാട്ടിൽ പവൻ (20), പനങ്ങാട്ട് ആകർഷ് (22), കുരിയപ്പിള്ളി ഹുസൈൻ (22), രായം വീട്ടിൽ സാലിഹ് (22) മങ്കിടിയാൻ വീട്ടിൽ മിഥുൻ (22) വെള്ളാങ്ങല്ലൂർ വാഴക്കാമഠം സുൽഫിക്കർ (23), തുണ്ടത്തിൽപ്പറമ്പിൽ മുഹമ്മദ് ഷഹ്നാദ് (23) എന്നിവരെയാണ് ആളൂർ സി ഐ എം ബി സിബിന്റെ നേത്യത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
മാർച്ച് 20 ന് വൈകിട്ട് 9.30 ഓടെയായിരുന്നു സംഭവം. പട്ടേപ്പാടം സെന്ററിൽ താഷ്കന്റ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വലിയ സ്ക്രീനിൽ ഫൈനൽ മത്സരം പ്രദർശിപ്പിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ കേരളത്തിന് എതിരായി ഹൈദരാബാദ് ടീം ഗോൾ നേടിയപ്പോൾ ഹൈദരാബാദിന് ടീമിന് അനുകൂലമായി ജയ് വിളിച്ചുവെന്ന് ആരോപിച്ചാണ് പ്രതികൾ പട്ടേപ്പാടം കൈമാപറമ്പിൽ സുധീഷി(45 ) നെ മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നട്ടെല്ലിന് ഗുരുതര പരിക്കേറ്റ സുധീഷിനെ തൃശൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ എം ബി സിബിൻ, എസ് ഐമാരായ കെ എസ് സുബിന്ത്, എം കെ ദാസൻ, ഇ ആർ സിജുമോൻ, പ്രദീപ്, എ എസ് ഐ ഷാജൻ, സീനിയർ സി പി ഒ അജിത്ത് എന്നിവരാണ് എറണാകുളത്തു നിന്ന് പ്രതികളെ പിടികൂടിയത്. സംഭവത്തിന് ശേഷം മൊബൈൽ ഫോൺ ഓഫ് ചെയ്ത് മുങ്ങിയ പ്രതികൾ വാടകവീടെടുത്ത് ഒളിവിൽ കഴിയുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായത്.
സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങിയ ആൺകുട്ടിയെ കടന്നുപിടിച്ചു; ലോട്ടറി വിൽപനക്കാരൻ പിടിയിൽ
സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തടഞ്ഞുനിർത്തി ശല്യം ചെയ്യുകയും കടന്നുപിടിക്കുകയും ചെയ്ത ലോട്ടറി വിൽപനക്കാരൻ പിടിയിൽ. തൊടുപുഴ കോലാനി പഞ്ചവടിപ്പാലം ഭാഗം പാറയിൽ വീട്ടിൽ ശ്രീനിവാസനെ (57) ആണ് കിടങ്ങൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ ആർ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കിടങ്ങൂർ ആണ്ടൂർ കവല - ഇല്ലിക്കൽ താഴെ റോഡിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം.
സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ ഇയാൾ വഴിയിൽ തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്ന് ശല്യം ചെയ്യുകയും കടന്നുപിടിക്കുകയുമായിരുന്നു. ഭയന്നുവിറച്ചാണ് കുട്ടി വീട്ടിലെത്തിയത്. വിവരം അറിഞ്ഞ കുട്ടിയുടെ പിതാവ് കിടങ്ങൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
എസ് ഐ കുര്യൻ മാത്യു, എ എസ് ഐ മഹേഷ് കൃഷ്ണൻ, എ എസ് ഐ ജയചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ ജി ഷീജ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.