കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പ് കേസിൽ സസ്പെൻഷനിലായ എറണാകുളം കലക്ടറേറ്റിലെ സെക്ഷൻ ക്ലാർക്ക് വിഷ്ണു പ്രസാദ്, സിപിഎം പ്രാദേശിക നേതാവ് എം.എം. അൻവർ എന്നിവർക്കെതിരെ ജാമ്യമില്ലാത്ത വകുപ്പിൽ പൊലീസ് കേസെടുത്തു. അഴിമതി തടയൽ നിയമവും സർക്കാർ ധനം ദുരുപയോഗം ചെയ്യൽ, ഏൽപ്പിച്ച പൊതു ഫണ്ട് വിശ്വാസ വഞ്ചന നടത്തി തട്ടിയെടുക്കൽ എന്നീ വകുപ്പുകളാണ് ചേർത്തിരിക്കുന്നത്.
പ്രളയം ബാധിക്കാത്ത കാക്കനാട് താമസിക്കുന്ന അൻവറിന്റെ അക്കൗണ്ടിലേക്ക് പ്രളയ ദുരിതാശ്വാസമായി പത്തര ലക്ഷം രൂപ എത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഇത്. അൻവറിന്റെ ഭാര്യ ഡയറക്ടർ ബോർഡ് അംഗമായ സഹകരണ ബാങ്കിലാണ് അൻവറിന്റെ അക്കൗണ്ട്.
ഫണ്ട് വെട്ടിപ്പിൽ ഇടനിലക്കാരനായി പ്രവർത്തിച്ചയാളെ നിലവില്‍ പ്രതി ചേർത്തിട്ടില്ല. വിഷ്ണുവിനെയും അന്‍വറിനെയും ചോദ്യം ചെയ്ത ശേഷമാകും കൂടുതൽ പ്രതികളെ ഉൾപ്പെടുത്തുക.തൃക്കാക്കര പൊലീസ് ഇൻസ്പെക്ടർ ആർ.ഷാബുവിനാണ് അന്വേഷണ ചുമതല. പ്രാഥമികാന്വേഷണത്തിനു ശേഷം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
അതേസമയം കലക്ടറേറ്റിലെ പ്രളയ ദുരിതാശ്വാസ ഫണ്ട് കൈകാര്യം ചെയ്തതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. പല ഫയലുകളും സൂപ്രണ്ടും ഡപ്യൂട്ടി കലക്ടറും കണ്ടിട്ടില്ലെന്നാണ് സൂചന.പ്രളയ ദുരിതാശ്വാസ ഫണ്ട് കൈകാര്യം ചെയ്യുന്ന പല ഫയലുകളും ക്ലാർക്ക് നേരിട്ടു തന്നെ കലക്ടർക്കു സമർപ്പിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.
ക്ലാർക്ക് എഴുതുന്ന ഫയൽ ജൂനിയർ സൂപ്രണ്ട് പരിശോധിച്ചു അഭിപ്രായം രേഖപ്പെടുത്തി ഡപ്യൂട്ടി കലക്ടർക്കു കൈമാറണം. ഫയൽ കുറ്റമറ്റതാക്കി കലക്ടർക്കു സമർപ്പിക്കേണ്ട ചുമതല ഡപ്യൂട്ടി കലക്ടർക്കാണ്. ഇതുണ്ടായില്ല, ഈ ഫയലുകളിൽ പലതും അടിയന്തര സാഹചര്യം പരിഗണിച്ചു കലക്ടർ ഒപ്പിടുകയും ചെയ്തിട്ടുണ്ട്. കലക്ടറേറ്റിലെ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട ഫയലുകളിൽ ഉന്നത ഉദ്യോഗസ്ഥരുടെ അലംഭാവം ഗൗരവമായി കണക്കാക്കപെടുമെന്ന് ഉറപ്പാണ് .
സംഭവം വിവാദമായതിനെ തുടർന്ന് അൻവറിനെ സിപിഎം സസ്പെൻഡ് ചെയ്തിരുന്നു.
Published by:Chandrakanth viswanath
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.