ഭാര്യയിൽ നിന്ന് അകന്ന് ജീവിക്കാൻ ഒഡീഷയിലെ ഒരു തൊഴിലാളി കണ്ടെത്തിയ മാർഗം മരണപെട്ടു എന്ന് വരുത്തി തീർത്ത് നാട് വിടുക എന്നതാണ്. ഒഡീഷയിലെ തെക്കൻ ഗജപതി ജില്ലയിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയാണ് ഭാര്യയിൽ നിന്ന് അകന്ന് ജീവിക്കാൻ വ്യാജമരണം ആസൂത്രണം ചെയ്തത്. ഇയാളെ മുംബൈയിൽ നിന്ന് ഒഡീഷ പോലീസ് കണ്ടെത്തുകയായിരുന്നു.
പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ, ബരിയാപദ ഗ്രാമത്തിൽ നിന്നുള്ള ശരത് പരിച എന്ന ആളാണ് ഭാര്യയിൽ നിന്ന് അകന്ന് ജീവിക്കാൻ വേണ്ടി നാടകീയ രംഗങ്ങൾ ഉണ്ടാക്കിയത്. ആദവ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത ശരത്തിനെ ഇപ്പോൾ ചോദ്യം ചെയ്തുവരികയാണ്.
മാർച്ച് 6 ന് ശരത് തന്റെ കുടുംബാംഗങ്ങളുമായി വീഡിയോ കോൾ ചെയ്തു, അതിൽ തമിഴ്നാട്ടിൽ ചിലർ തന്നെ മർദിച്ചതായി പറഞ്ഞു. തുടർന്ന്, ശരത്തിന്റെ മൊബൈൽ ഫോണിൽ നിന്ന് അയച്ച മൃതദേഹത്തിന്റെ ചിത്രം കുടുംബത്തിന് ലഭിച്ചു. സംഭവത്തെത്തുടർന്ന് പരിഭ്രാന്തരായ കുടുംബാംഗങ്ങൾ പോലീസിൽ പരാതി നൽകി. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഗജപതി പോലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു. മൊബൈൽ ഫോൺ ട്രാക്ക് ചെയ്‌തപ്പോൾ വീഡിയോ ചിത്രീകരിച്ചത് തമിഴ്‌നാട്ടിൽ നിന്നല്ലെന്നും മുംബൈയിൽ നിന്നാണ് ചിത്രീകരിച്ചതെന്നും കണ്ടെത്തി.
തുടർന്ന് ഗജപതിയിൽ നിന്നുള്ള പോലീസ് സംഘം മുംബൈയിൽ എത്തി അന്വേഷിച്ചു. അവിടെ നിന്നും കണ്ടെത്തിയ ശരത്തിനെ ഒഡീഷയിലെത്തിച്ചു. ഇയാളെ ആദവ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
“പ്രതിയെ ഞങ്ങൾ രക്ഷപ്പെടുത്തിയിട്ടുണ്ട്. തന്റെ കൊലപാതകത്തെക്കുറിച്ച് കിംവദന്തികൾ പ്രചരിപ്പിച്ച് അയാൾ ഞങ്ങളെ കുഴപ്പത്തിലാക്കുകയാണ് ചെയ്തത്. ഇയാളെ ഇപ്പോൾ ചോദ്യം ചെയ്തുവരികയാണ്. ഇയാൾക്കെതിരെ നിയമപ്രകാരമുള്ള നടപടിയെടുക്കും”, മോഹന ഐഐസി സുഭന്ത് കുമാർ പാണ്ഡ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.