കണ്ണൂര്‍: മുസ്ലീംലീഗ് പ്രവർത്തകനായ പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന സി.പി.എം പ്രവർത്തകന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഷിനോസിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതിനിടെ കൊലപാതകത്തിനു പിന്നാലെ സിപിഎം ഓഫീസുകള്‍ക്ക് നേരേയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് 12 യൂത്ത് ലീഗ് പ്രവര്‍ത്തകരും അറസ്റ്റിലായി. വിലാപയാത്രയില്‍ പങ്കെടുത്ത 12 ലീഗ് പ്രവര്‍ത്തകരെയാണ് ചൊക്ലി പൊലീസ് വ്യാഴാഴ്ച പിടികൂടിയത്. തീയിട്ട് നശിപ്പിച്ച സിപിഎം ഓഫീസുകള്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചു.
മേഖലയിൽ സമാദാനം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ഇന്ന് സമാധാനയോഗം വിളിച്ചിട്ടുണ്ട്. രാവിലെ 11 മണിക്ക് കളക്ടറേറ്റിലാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. ആക്രമണത്തിൽ തകർന്ന സി.പി.എം ഓഫീസുകൾ പി.ജയരാജന്‍, എം.വി. ജയരാജന്‍ എന്നിവർ സന്ദർശിച്ചു.
Also Read
യൂത്ത് ലീഗ് പ്രവർത്തകന്റെ കൊലപാതകം: പ്രദേശത്ത് സംഘർഷം; സിപിഎം ഓഫീസുകൾക്ക് തീയിട്ടുകഴിഞ്ഞ ദിവസം മന്‍സൂറിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര മോന്താലില്‍നിന്നു പുറപ്പെട്ടതിനു പിന്നാലെയാണ് സിപിഎം ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമണമുണ്ടായത്. ബാവാച്ചി റോഡിലെ സി.പി.എം. പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസും പെരിങ്ങത്തൂര്‍ ബ്രാഞ്ച് ഓഫീസും വൈദ്യുതി ഓഫീസിനു സമീപത്തെ ആച്ചുമുക്ക് ലോക്കല്‍ കമ്മിറ്റി ഓഫീസും അടിച്ചുതകര്‍ത്തു തീയിട്ടു. കടവത്തൂര്‍ ഇരഞ്ഞീന്‍കീഴില്‍ ഇ.എംഎസ്. സ്മാരക വായനശാലയും കൃഷ്ണപ്പിള്ള മന്ദിരമായ ഇരഞ്ഞീന്‍കീഴില്‍ ബ്രാഞ്ച് ഓഫീസും അക്രമികള്‍ തീവെച്ച് നശിപ്പിച്ചു. ഡി.വൈ.എഫ്.ഐ. പെരിങ്ങളം മേഖലാ ഖജാന്‍ജി കെ.പി. ശുഹൈലിന്റെ വീടിന് നേരെയും ആക്രമണമുണ്ടായി.
Also Read
മുസ്ലീംലീഗ് പ്രവർത്തകന്റെ കൊലപാതകം; പാനൂരിൽ ഇന്ന് സമാധന യോഗംചൊവ്വാഴ്ച, വോട്ടെടുപ്പിന് പിന്നാലെയാണ് പാനൂർ പുല്ലൂക്കര മുക്കിൽ പീടികയിൽ മൻസൂറിനും സഹോദരൻ മുഹ്സിനെതിരെയും ആക്രമണമുണ്ടായത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ബൈക്ക് തടഞ്ഞ് നിർത്തിയായിരുന്നു ആക്രമണം. ബുധനാഴ്ച പുലർച്ചെയാണ് മൻസൂർ മരിച്ചത്. സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് യുഡിഎഫ് ആരോപിച്ചു. സംഭവത്തിൽ ഒരു സിപിഎം പ്രവർത്തകൻ പിടിയിലായിട്ടുണ്ട്.
മൻസൂർ കൊല്ലപ്പെട്ടത് ബോംബ് സ്ഫോടനത്തിലാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പ്രാഥമിക സൂചന. ബോംബ് പൊട്ടി ഇടതു കാല്‍മുട്ടിന് താഴെയുണ്ടായ മുറിവാണ് മരണ കാരണമെന്നും രക്തം വാര്‍ന്നു പോയതാവാം മരണകാരണം എന്നുമാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മന്‍സൂറിന്‍റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുകയായിരുന്നു.
മൻസൂർ കൊല്ലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ പകയാണെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു. പത്തിലധികം പേരടങ്ങിയ സംഘമാണ് കൊല നടത്തിയതെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഒരാളെ ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരുകയാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി. രാഷ്ട്രീയ പകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് സംശയിക്കുന്നതെന്നും കൂടുതല്‍ അന്വേഷണത്തിന് ശേഷമേ ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണങ്ങള്‍ നടത്താന്‍ സാധിക്കുകയുള്ളുവെന്നും കമ്മീഷണര്‍ പറഞ്ഞു.
മൻസൂറിന്റെ കൊലപാതകത്തിന് പിന്നിൽ കൃത്യമായ ആസൂത്രണം ഉണ്ടെന്നതിന്റെ ശബ്ദരേഖ ഇതിനിടെ പുറത്തുവന്നു. തക്കം നോക്കി കൊലപ്പെടുത്തിയെന്ന മൻസൂറിന്‍റെ കുടുംബത്തിന്‍റെ പരാതിയും അന്വേഷണ പരിധിയിൽ വരുമെന്നും കമ്മീഷണർ പറഞ്ഞു. വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ ആറിന് രാത്രി എട്ടു മണിയോടെയാണ് പാനൂരില്‍ ലീഗ് പ്രവര്‍ത്തകന് നേരെ ആക്രമണമുണ്ടായത്. ഓപ്പണ്‍ വോട്ട് സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.