മലപ്പുറം: കരിപ്പൂരിൽ മൂന്നു പേരിൽ നിന്നായി കസ്റ്റംസ് പിടികൂടിയത് ഒന്നേകാൽ കോടി രൂപയുടെ സ്വർണം. മലദ്വാരത്തിൽ ഒളിപ്പിച്ചാണ് രണ്ടു പേർ സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണ മിശ്രിതം കാർഡ് ബോർഡിൽ തേച്ചു പിടിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ചതും കസ്റ്റംസ് പിടികൂടി.
എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങളിൽ അലൈനിൽ നിന്നും വന്ന പാലക്കാട് കൂടല്ലൂർ സ്വദേശിയായ പട്ടിപ്പാറ സൈദലവി മകൻ ഷർഫുദീനിൽ (42) നിന്നും 1015 ഗ്രാം തൂക്കം വരുന്ന മിശ്രിത രൂപത്തിൽ ഉള്ള സ്വർണ്ണം ആണ് പിടിച്ചെടുത്തത്. മിശ്രിത രൂപത്തിൽ ഉള്ള സ്വർണ്ണം നാല് ക്യാപ്സ്യൂളുകളായാണ് ഇയാൾ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്.
ജിദ്ദയിൽ നിന്നും വന്ന മലപ്പുറം നിലമ്പൂർ സ്വദേശിയായ തോണ്ടിപ്പുറം ഹുസൈൻ മകൻ നിഷാജാണ് (33)പിടിയിലായ മറ്റൊരാൾ. ഇയാളിൽ നിന്നും 1062 ഗ്രാം സ്വർണ മിശ്രിതം ആണ് പിടിച്ചെടുത്തത്. 4 ക്യാപ്സ്യൂളുകളുടെ രൂപത്തിൽ ആണ് ഇയാള് സ്വർണ്ണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. സ്വർണ്ണമിശ്രിതം വേർതിരിച്ചെടുത്ത ശേഷം നിഷാജിന്റെയും ഷർഫുദീനിന്റെയും അറസ്റ്റും മറ്റു തുടർ നടപടികളും സ്വീകരിച്ചു.
Also Read- ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
ഇതു കൂടാതെ മറ്റൊരു സ്വർണക്കടത്ത് കൂടി കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ദുബായിൽ നിന്നും വന്ന കാസറഗോഡ് എരുത്തുംകടവ് സ്വദേശിയായ പുറത്തേകണ്ടം അബൂബേക്കർ അബ്ദുള്ള മകൻ മുഹമ്മദ് അഷറഫ് (29) ആണ് പിടിയിലായത്. ഇയാൾ കളിപ്പാട്ടങ്ങളുടെ കാർഡ്ബോർഡ് പെട്ടിയിലാണ് മിശ്രിത രൂപത്തിലുള്ള സ്വർണം ഒളിപ്പിച്ചു കൊണ്ടുവരാൻ ശ്രമിച്ചത്.
Also Read- ഭർത്താവിന്‍റെ വീട്ടിൽനിന്ന് 80 പവൻ സ്വർണവുമായി മുങ്ങിയ യുവതിയും കാമുകനും ആറുവർഷത്തിനുശേഷം പിടിയിൽ
അഷ്റഫിന്റെ ബാഗേജിന്റെ ഉള്ളിലുണ്ടായിരുന്ന കളിപ്പാട്ടങ്ങളുടെ കാർഡ്ബോർഡ് പെട്ടികൾ കസ്റ്റംസ്‍ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചപ്പോൾ ഈ പെട്ടികളിൽ അതിവിദഗദ്ധമായി സ്വർണ്ണമിശ്രിതം തേച്ചുപിടിപ്പിച്ചിട്ടുണ്ടെന്നു മനസ്സിലായി. അതിന്റെ അടിസ്ഥാനത്തിൽ 998 ഗ്രാം തൂക്കമുള്ള ഈ കാർഡ്ബോർഡ് കഷണങ്ങൾ പിടിച്ചെടുത്തു. അവയിൽ നിന്നും അതിലടങ്ങിയ സ്വർണം സ്വർണപണിക്കാരന്റെ സഹായത്തോടെ പിന്നീട് വേർതിരിച്ചെടുക്കുന്നതാണ്. ഈ മൂന്നു കേസുകളുമായി ബന്ധപ്പെട്ട് എയർ കസ്റ്റംസ്‍ സമഗ്ര അന്വേഷണം നടത്തി വരികയാണ്.
ജോയിന്റ് കമ്മിഷണർ ഡോ. എസ്. എസ്. ശ്രീജുവിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് കമ്മിഷണർ റഫീഖ് ഹസൻ, സൂപ്രണ്ടുമാരായ പ്രവീൺ കുമാർ കെ. കെ., പ്രകാശ് ഉണ്ണികൃഷ്ണൻ, ഫിലിപ്പ് ജോസഫ്, സ്വപ്ന വി. എം., ഇൻസ്‌പെക്ടർമാരായ കില്ലി സന്ദീപ്, നവീൻ കുമാർ, ഇ .രവികുമാർ , ഹെഡ് ഹവാൽദാർമാരായ കെ. സെൽവം, എലിസബത്ത് ഷീബ എന്നിവർ ചേർന്നാണ് ഈ കള്ളക്കടത്ത് പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.