കണ്ണൂർ പരിയാരത്ത് കരാറുകാരനെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിലായി. തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ എം. കൃഷ്ണദാസ് (20) ആണ് അറസ്റ്റിലായത്.
സംഭവദിവസം ക്വട്ടേഷന്‍ നടപ്പിലാക്കാന്‍ കൃഷ്ണദാസിന്റെ അമ്മയുടെ പേരിലുള്ള കാറിലാണ് സംഘം കരാറുകാരന്റെ വീട്ടിൽ എത്തിയത് എന്നാണ് പോലീസിന്റെ കണ്ടെത്തൽ. പരിയാരം സ്വദേശിയായ കരാറുകാരൻ സുരേഷ് ബാബുവിനെ ആക്രമിക്കാനുള്ള ക്വട്ടേഷനാണ് സംഘം ഏറ്റെടുത്തത്.
കേസിൽ ക്വട്ടേഷൻ സംഘാംഗങ്ങളായ നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചൻ ഹൗസിൽ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേൻ ഹൗസിൽ അഭിലാഷ് (29), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ. രതീഷ് (39) നീലേശ്വരം പള്ളിക്കരയിലെ പി. സുധീഷ് (39) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് സംഭവത്തിൽ കൃഷ്ണദാസിന്റെ പങ്ക് വ്യക്തമായത്.
എസ്.ഐ. കെ.വി സതീശനും സംഘവും നീലേശ്വരം ബി.എസ്.എന്‍.എല്‍ ഓഫിസിന് സമീപത്തെ കണ്ണട വ്യാപാര സ്ഥാപനത്തില്‍ നിന്നാണ് പ്രതിയെ പിടികൂടുകയായിരുന്നു. കൊട്ടേഷൻ സംഘത്തെ സ്ഥലത്തെത്തിക്കാൻ ഉപയോഗിച്ച കാറും പൊലീസ് കണ്ടെടുത്തു.
പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.വി. ബാബുവിന്റെ നേതൃത്വത്തില്‍ എസ്.ഐ. കെ.വി. സതീശന്‍, എ.എസ്.ഐ. രാമചന്ദ്രന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ നൗഫല്‍ അഞ്ചില്ലത്ത്, സിവില്‍ പോലിസ് ഓഫിസര്‍ മഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Attack, Attack in kerala