• HOME
 • »
 • NEWS
 • »
 • crime
 • »
 • കൊറിയർ സർവീസ് വഴിയുള്ള ലഹരി കടത്തിൽ ഒരാൾ പിടിയിൽ ; പിന്നിൽ മലയാളി വിദ്യാര്‍ത്ഥികളുൾപ്പെട്ട ബാംഗ്ലൂര്‍ റാക്കറ്റ്

കൊറിയർ സർവീസ് വഴിയുള്ള ലഹരി കടത്തിൽ ഒരാൾ പിടിയിൽ ; പിന്നിൽ മലയാളി വിദ്യാര്‍ത്ഥികളുൾപ്പെട്ട ബാംഗ്ലൂര്‍ റാക്കറ്റ്

ലഹരിക്കടത്തുകാരായി മാറ്റപ്പെടുന്ന വിദ്യാർത്ഥികളുടെയും അതേ കോളേജിൽ പഠിക്കുന്ന ലഹരി ഉപയോഗിക്കുന്ന മറ്റ് വിദ്യാർത്ഥികളുടെയും ബാങ്ക് എടിഎം കാർഡ് ഉൾപ്പെടെ കൈക്കലാക്കി അതുവഴിയാണ് ഈ സംഘം പണമിടപാടുകൾ മുഴുവൻ നടത്തുന്നത്.

 • Share this:
  കൊല്ലം: ആശ്രാമത്തെ സ്വകാര്യ കൊറിയർ സർവീസ് വഴി ലഹരി മരുന്നായ എംഡിഎംഎ കടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. കൊല്ലം ഈസ്റ്റ് വില്ലേജിൽ ഉളിയക്കോവിൽ കടപ്പാക്കട നഗറിൽ താമസിക്കുന്ന അനന്തു എന്നറിയപ്പെടുന്ന ആകാശിനെയാണ് ഇന്നലെ എക്സൈസ് സംഘം പിടികൂടിയത്. കഴിഞ്ഞ മാസം 19ന് ആണ് സ്വകാര്യ കൊറിയർ വഴി 14.7166 ഗ്രാം എം.ഡി.എം.എ കടത്തിയത്. ഈ കേസിലെ ഒന്നും രണ്ടും പ്രതികളായ കരുനാഗപ്പള്ളി പന്മന സ്വദേശി നന്ദു കൃഷ്ണൻ (22), കൊല്ലം ഈസ്റ്റ് വില്ലേജിൽ ഉളിയക്കോവിൽ സ്വദേശി അനന്ത വിഷ്ണു എസ് (31) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.

  ബംഗ്ലൂരിലെ ഒരു പ്രമുഖ നഴ്‌സിംഗ് കോളേജിലെ വിദ്യാർത്ഥിയായ ആകാശ് പഠനകാലത്തിനിടയിലാണ് മയക്കുമരുന്ന് റാക്കറ്റുമായി പരിചയപ്പെടുന്നത്. കോളേജ് ഹോസ്റ്റൽ കേന്ദ്രീകരിച്ച് ചില മുൻ വിദ്യാർത്ഥികൾ നടത്തുന്ന ഈ റാക്കറ്റിലേക്ക് ലഹരി പാർട്ടികൾ വഴിയാണ് വിദ്യാർത്ഥികളെ കണ്ടെത്തുന്നത്. പിന്നീട് ഇവരെ ഉപയോഗിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുന്നു.

  ലഹരിക്കടത്തുകാരായി മാറ്റപ്പെടുന്ന വിദ്യാർത്ഥികളുടെയും അതേ കോളേജിൽ പഠിക്കുന്ന ലഹരി ഉപയോഗിക്കുന്ന മറ്റ് വിദ്യാർത്ഥികളുടെയും ബാങ്ക് എടിഎം കാർഡ് ഉൾപ്പെടെ കൈക്കലാക്കി അതുവഴിയാണ് ഈ സംഘം പണമിടപാടുകൾ മുഴുവൻ നടത്തുന്നത്. ആവശ്യക്കാരിൽ നിന്നും ഗൂഗിൾ പേ വഴി പണം ഈ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിക്കുകയും. എടിഎം കാർഡ് ഉപയോഗിച്ച് പിന്നീട് പിൻവലിച്ചെടുക്കുന്നതുമാണ് ഇവരുടെ രീതി. കേസുകളോ മറ്റോ വന്നാൽ തങ്ങളിലേക്ക് യാതൊരു വിധ അന്വേഷണവും എത്താതെയിരിക്കാനുള്ള അടവാണ് ഇതിന്റെ പിന്നിൽ. ഇതിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെല്ലാവരും തന്നെ മലയാളികളാണ് എന്നുള്ളത് നടുക്കമുണ്ടാക്കുന്ന വസ്തുതയാണ് എന്ന് എക്സൈസ് പറഞ്ഞു.

  also read : സ്‌കൂട്ടറിന്‍റെ സീറ്റ് കുത്തിത്തുറന്ന് മദ്യവും പണവും മോഷ്ടിച്ചു ; പ്രതികൾ പിടിയിൽ

  ചുരുങ്ങിയ കാലയളവിനുള്ളിൽത്തന്നെ ലക്ഷകണക്കിന് രൂപയുടെ ഇടപാടുകൾ ആണ് ഈ അക്കൗണ്ടുകൾ വഴി നടന്നിട്ടുള്ളത്. ഇത് സംബന്ധിച്ച രേഖകളെല്ലാം തന്നെ സൈബർ സെല്ലിൻറെ സഹായത്തോടെ കണ്ടെടുത്തു. സംഘത്തിലുള്ള കോളേജിലെ മറ്റ് വിദ്യാർത്ഥികളുടെയും ഒരു മുൻ വിദ്യാർത്ഥിയുടെയും നിർണ്ണായക വിവരങ്ങൾ ആകാശ് എക്‌സൈസിന് കൈമാറിയിട്ടുണ്ട്. ഇതിൻറെ അടിസ്ഥാനത്തിൽ തുടരന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

  മൂന്നാം പ്രതി ആകാശിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ബി. സുരേഷ് കൊല്ലം സ്പെഷ്യൽ സ്‌ക്വാഡിലെ എക്‌സൈസ് ഇൻസ്‌പെക്ടർ ബി, വിഷ്ണു പ്രിവന്റീവ് ഓഫീസർ മനോജ്‌ലാൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ വിഷ്ണു വിമൽ വൈശാഖ് ശാലിനി ശശി, ഡ്രൈവർ രാജഗോപാൽ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.
  Published by:Amal Surendran
  First published: