• HOME
  • »
  • NEWS
  • »
  • crime
  • »
  • കോട്ടയത്ത് വീട്ടുമുറ്റത്തിരുന്ന സ്കൂട്ടറുകൾ സാമുഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചു; ഒരാൾ കസ്റ്റഡിയിൽ

കോട്ടയത്ത് വീട്ടുമുറ്റത്തിരുന്ന സ്കൂട്ടറുകൾ സാമുഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചു; ഒരാൾ കസ്റ്റഡിയിൽ

സമീപത്തുണ്ടായിരുന്ന പാചക വാതക സിലിണ്ടറിലും കാറിലും തീ പടരാതിരുന്നതിനാൽ വൻ ദുരന്തമൊഴിവായി

  • Share this:

    കോട്ടയം: വൈക്കം തലയോലപ്പറമ്പിൽ വീട്ടുമുറ്റത്തിരുന്ന സ്കൂട്ടറുകൾ സാമുഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വൈക്കം വരിക്കാംകുന്ന് കവലയിൽ ബാർബർ ഷോപ്പ് നടത്തുന്ന പടിഞ്ഞാറെ കാലായിൽ ശെൽവരാജിന്റെ വീട്ടുമുറ്റത്തിരുന്ന രണ്ട് സ്ക്കൂട്ടറുകളാണ് കത്തി നശിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 2.30 ഓടെയാണ് വാഹനങ്ങൾ കത്തിച്ചതെന്നാണ് നിഗമനം.

    സമീപത്തുണ്ടായിരുന്ന പാചക വാതക സിലിണ്ടറിലും കാറിലും തീ പടരാതിരുന്നതിനാൽ വൻ ദുരന്തമൊഴിവായി. അപകട സമയത്ത് ശെൽവരാജും മാതാവും ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു. തീപിടുത്തമുണ്ടായതിനെ തുടർന്നുണ്ടായ ശക്തമായ ചൂടിൽ സമീപത്തിരുന്ന പാചക വാതക സിലിണ്ടറിന്റെ മീതെയുള്ള പ്ലാസ്റ്റിക് അടപ്പ് ഉരുകിപ്പോയെങ്കിലും തീ പടർന്നില്ല. സ്കൂട്ടറിലുണ്ടായിരുന്ന വീടിന്റെ ആധാരവും, ബാങ്ക് പാസ്ബുക്കും ഉൾപ്പെടെ രേഖകളെല്ലാം തീപിടുത്തത്തില്‍ കത്തിനശിച്ചു.

    വിവരമറിഞ്ഞ് ഫയർഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്. കൊല്ലത്തു നിന്ന് വരിക്കാംകുന്നിലെത്തി തങ്ങി നാട്ടിൻപുറത്തെ കൂലിപണിയെടുക്കുന്ന ഒരാൾ ശെൽവരാജുമായി കഴിഞ്ഞ ദിവസം വഴക്കുണ്ടാക്കിയിരുന്നു. മദ്യപിച്ച് വഴക്കുണ്ടാക്കുന്ന ഇയാളാവാം വീട്ടിലെത്തി സ്കൂട്ടറുകൾ കത്തിച്ചതെന്നാണ് സംശയം. ഇയാളുടേതെന്ന് സംശയിക്കുന്ന സി സി ടി വി ദൃശ്യങ്ങളും കിട്ടി. ആരോപണ വിധേയനായ കൊല്ലം സ്വദേശിയെ തലയോലപറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

    Published by:Vishnupriya S
    First published: