തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരെ കണ്ടെത്താൻ പൊലീസ് നടത്തിയ ഓപ്പറേഷൻ പി ഹണ്ടിൽ ഇതുവരെ 41 പേർ അറസ്റ്റിലായി. ഇവരിൽ ഡോക്ടറും ഐടി ജീവനക്കാരനും ഉൾപ്പെടുന്നു. ഇന്‍റർ പോളുമായി ചേർന്നാണ് കേരള പൊലീസ് ഓപ്പറേഷൻ പി ഹണ്ട് നടത്തിയത്. സംസ്ഥാന വ്യാപകമായി 464 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇതിൽ 339 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരെ മാത്രമല്ല, അത് കാണുകയും ഡൌൺലോഡ് ചെയ്യുകയും ചെയ്തവർക്കെതിരെയും പൊലീസ് നടപടിയെടുക്കുന്നുണ്ട്. അത്തരക്കാരുടെ ഫോണുകൾ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ രണ്ടുവർഷമായി നടത്തിയ റെയ്ഡുകളിൽ ആകെ 525 കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു. ഇത്രയും കാലയളവിനുള്ളിൽ 428 പേരെ പൊലീസ് അറസ്റ്റു ചെയ്തു. അറസ്റ്റിലായവരിൽ കൂടുതലും ഐടി രംഗത്ത് ജോലി ചെയ്യുന്നവരും പ്രൊഫഷണലുകളുമാണെന്ന് പൊലീസ് പറയുന്നു. എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലാണ് ഓപ്പറേഷൻ പി ഹണ്ട് റെയ്ഡുകൾ നടക്കുന്നത്.
പത്തനംതിട്ടയിൽനിന്നാണ് ഡോക്ടർ അറസ്റ്റിലായത്. തൃശൂരിലും വ്യാപകമായ അറസ്റ്റുകളാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായത്. പഴയന്നൂരിൽ സോഷ്യൽ മീഡിയ വഴി കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച ഒരാൾ അറസ്റ്റിലായി. ചേലക്കര മേപ്പാടം സ്വദേശിയായ പാറക്കൽ പീടികയിൽ ആഷിക്(30) എന്നയാളെ പഴയന്നൂർ പൊലീസാണ് അറസ്റ്റു ചെയ്തത്. ഇയാൾക്കൊപ്പം വടക്കേക്കാട് സ്വദേശി ഇഖ്ബാലിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.