കോഴിക്കോട്: എളേറ്റില്‍ വട്ടോളിയില്‍ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട രണ്ട് ബൈക്കുകള്‍ അഗ്നിക്കിരയാക്കിയ സംഭവത്തില്‍ വീട്ടുടമയുടെ സഹോദരന് അറസ്റ്റില്‍. എളേറ്റില്‍ കായല്മൂലക്കല് സുഗേഷ് (38) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയായിരുന്നു സംഭവം.
സുഗേഷിന്റെ ജേഷ്ഠ സഹോദരന് ഗിരീഷിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്കൂട്ടറും ബൈക്കുമാണ് അഗ്നിക്കിരയാക്കിയത്. സംഭവത്തില്‍ കൊടുവള്ളി പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് സഹോദരന് തന്നെ പിടിയിലായത്.
ഗിരീഷിന്റെ ഭാര്യ പണം കടം വാങ്ങിയെന്നും എത്ര ചോദിച്ചിട്ടും തിരിച്ച് തരാന്‍ തയ്യാറായില്ലെന്നും സുഗേഷ് പോലീസിന് മൊഴി നല്കി. ഇതിലുള്ള വൈരാഗ്യത്തിലാണ് ഗിരീഷിന്റെ ഭാര്യയുടെ സ്കൂട്ടറിന് പെട്രോള്‍ ഒഴിച്ച് തീ കൊടുത്തത്. ഇതില്‍ നിന്ന് തൊട്ടുടുത്തുള്ള ബൈക്കിലേക്കും തീ പടരുകയായിരുന്നു. അയല്‍വാസികള്‍ ഓടിയെത്തിയാണ് തീ അണച്ചത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.