നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Oxford High School shooting | ഓക്സ്ഫഡ് ഹൈസ്‌കൂള്‍ വെടിവയ്പ്പ്: നരഹത്യയ്ക്ക് പ്രതിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു

  Oxford High School shooting | ഓക്സ്ഫഡ് ഹൈസ്‌കൂള്‍ വെടിവയ്പ്പ്: നരഹത്യയ്ക്ക് പ്രതിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു

  വെടിവെയ്പ്പിൽ 14 മുതല്‍ 17 വരെ പ്രായമുള്ള നാല് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും ഒരു അധ്യാപകനുള്‍പ്പടെ മറ്റ് ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   യുഎസിലെ ഒരു ഹൈസ്‌കൂളില്‍ നാല് വിദ്യാര്‍ത്ഥികളെ വെടിവെച്ചു കൊന്ന പതിനഞ്ചുകാരന്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. മനപൂര്‍വമല്ലാത്ത നരഹത്യ കുറ്റമാണ് ഇവരുടെ മേല്‍ ചുമത്തിയിരിക്കുന്നതെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അച്ഛന്‍ വാങ്ങിയ തോക്കുപയോഗിച്ചാണ് പതിനഞ്ചുകാരന്‍ സ്‌കൂളിലെ കുട്ടികളെ വെടിവെച്ചത്.

   വെടിവെയ്പ്പിൽ കുറ്റക്കാരനാണന്ന് സംശയിക്കപ്പെടുന്ന ഈഥന്‍ ക്രംബ്ലിയുടെ മാതാപിതാക്കളായ ജെയിസും ജെന്നിഫറും വെള്ളിയാഴ്ച വരെ ഒളിവില്‍ പോയിരിക്കുകയായിരുന്നു. എന്നാല്‍, ഓക്സ്ഫോര്‍ഡിലെ വെടിവയ്പ്പ് നടന്ന സ്ഥലത്തുനിന്ന് 40 മൈല്‍ അകലെയുള്ള ഡിട്രോയിറ്റിലെ ഒരു കെട്ടിടത്തില്‍ നിന്ന് പോലീസ് ഇവരെ കണ്ടെത്തി. വെടിവെയ്പ്പ് നടന്ന രാത്രിയില്‍ സ്വന്തം സുരക്ഷയെ കരുതിയാണ് മാതാപിതാക്കള്‍ നഗരം വിട്ടതെന്നും കുറ്റം നടന്നിടത്തേക്ക് അവര്‍ മടങ്ങിയെത്തുമെന്നും ക്രംബ്ലിയുടെ അഭിഭാഷകര്‍ മുമ്പ് പറഞ്ഞിരുന്നു.

   എന്നാല്‍, വെള്ളിയാഴ്ച ഓക്‌സ്‌ഫോര്‍ഡിന് സമീപമുള്ള ഒരു എടിഎമ്മിൽ നിന്ന് മാതാപിതാക്കള്‍ 4,000 ഡോളര്‍ പിന്‍വലിച്ചതും ഫോണ്‍ ഓഫ് ചെയ്തതും അവരുടെ തിരോധാനത്തിലെ ദുരൂഹത വര്‍ദ്ധിപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

   പ്രതിയുടെ മാതാപിതാക്കളുടെ മേല്‍ നാല് മനപൂര്‍വമല്ലാത്ത നരഹത്യകള്‍ക്കുള്ള കുറ്റം ചുമത്തുമെന്നും അവര്‍ അത് നേരിടേണ്ടി വരുമെന്നും ഓക്‌ലാന്‍ഡ് കൗണ്ടി പ്രോസിക്യൂട്ടര്‍ കാരെന്‍ മക്‌ഡൊണാള്‍ഡ് പിന്നീട് പ്രഖ്യാപിച്ചു.

   ഈ ദുരന്തത്തിന് കാരണമായത് ഇവരാണ് അതിനാല്‍ ഇവരും ഉത്തരവാദികളാണ്. മാത്രമല്ല തോക്കിന്റെ ഉടമകള്‍ക്കും ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ടെന്നുഉള്ള സന്ദേശം നല്‍കാന്‍ ഉദ്ദേശിച്ചു കൊണ്ടാണ് ഈ കുറ്റങ്ങൾ ചുമത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

   ഹൈസ്‌കൂളിലേക്ക് പ്രവേശിക്കുക മാത്രം ചെയ്തിട്ടുള്ള ഒരു കുട്ടിയാണ് വെടിവെയ്പ്പ് നടത്തിയിരിക്കുന്നത്. നവംബര്‍ 30ന് നടന്ന ഈ സംഭവത്തില്‍ മറ്റുള്ളവര്‍ക്കും ഉത്തരവാദിത്തമുണ്ട്. ഈ ദുരന്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ മാതാപിതാക്കള്‍ക്ക് കഴിയില്ലെന്ന് കൗണ്ടി ഷെരിഫ് മൈക്കിള്‍ ബൗച്ചാര്‍ഡ് പറഞ്ഞു.

   പ്രതിഷേധം ശക്തമായതോടെ പ്രതിയുടെ മാതാപിതാക്കളെ കണ്ടെത്തുന്നതിന് ആവശ്യമായ സൂചനകള്‍ നല്‍കുന്നവര്‍ക്ക് 10,000 ഡോളര്‍ യുഎസ് പോലീസ് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

   ഡിട്രോയിറ്റിന് വടക്ക് ഓക്‌സ്‌ഫോര്‍ഡ് ഹൈസ്‌കൂളില്‍ നടന്ന വെടിവെയ്പ്പിൽ 14 മുതല്‍ 17 വരെ പ്രായമുള്ള നാല് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും ഒരു അധ്യാപകനുള്‍പ്പടെ മറ്റ് ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു . ഏഥന്‍ ക്രംബ്ലിക്കെതിരെ കൊലപാതകം, ഭീകരവാദം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കൗമാരക്കാര്‍ സ്‌കൂളുകളില്‍ വെടിവയ്പ്പുകള്‍ നടത്തുന്നത് യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ പതിവ് സംഭവമായിരിക്കുകയാണ്. എന്നാല്‍ ഇതിന്റെ പേരില്‍ മാതാപിതാക്കളുടെ മേല്‍ കുറ്റം ചുമത്തുന്നത് അസാധാരണമാണ്.

   ഷൂട്ടിങ്ങിന് നാല് ദിവസം മുമ്പാണ് ജെയിംസ് ക്രംബ്ലി തന്റെ മകന്‍ ഉപയോഗിച്ചിരുന്ന 9 എംഎം സിഗ് സോവര്‍ സെമി ഓട്ടോമാറ്റിക് ഹാന്‍ഡ് ഗണ്‍ വാങ്ങിയത്. തോക്കുകള്‍ വാങ്ങുന്ന സമയത്ത് ഈഥന്‍ തന്റെ പിതാവിനൊപ്പം ഉണ്ടായിരുന്നു. തുടര്‍ന്ന് അവന്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ തോക്കിന്റെ ഒരു ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

   ആക്രമണത്തിന് തലേദിവസം രാത്രി സ്‌കൂളില്‍ വെടിവയ്പ്പിന് പദ്ധതിയിട്ടിരുന്നതായി ഈഥന്‍ ക്രംബ്ലി തന്റെ സെല്‍ ഫോണില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്തിരുന്നുവെങ്കിലും അത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

   അന്നുതന്നെ, സ്‌കൂളിലെ ഒരു അധ്യാപകന്‍ ഈഥന്‍ ക്രംബ്ലി തന്റെ സെല്‍ ഫോണില്‍ വെടിമരുന്നിനെക്കുറിച്ച് തിരയുന്നത് നിരീക്ഷിച്ച് സ്‌കൂള്‍ അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. ഇതെ തുടര്‍ന്ന് അവന്റെ അമ്മയെ സ്‌കൂള്‍ അധികൃതര്‍ ബന്ധപ്പെട്ടെങ്കിലും വോയ്സ്മെയിലുകളോടും ഇമെയില്‍ സന്ദേശങ്ങളോടും അവര്‍ പ്രതികരിച്ചില്ല.

   ഈഥന്‍ ക്രംബ്ലിയുടെ മേശപ്പുറത്ത് അപകടകരമായ ചിത്രം കണ്ട് ആശങ്ക തോന്നിയ ഒരു അധ്യാപിക വെടിവയ്പ്പ് നടന്ന ദിവസം മാതാപിതാക്കളെ സ്‌കൂളിലേക്ക് വിളിപ്പിച്ചിരുന്നു. സ്‌കൂള്‍ അധികൃതര്‍ ചിത്രം രക്ഷിതാക്കളെ കാണിക്കുകയും 48 മണിക്കൂറിനുള്ളില്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് എത്തിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍, മകനെ വീട്ടിലേക്ക് കൊണ്ടുപോകുന്നത് അവര്‍ എതിര്‍ത്തുവെന്നും അവന്‍ ക്ലാസിലേക്ക് മടങ്ങിയെന്നും മക്‌ഡൊണാള്‍ഡ് പറഞ്ഞു. പിന്നീട് ഒരു ബാത്ത്റൂമിൽ കയറി ബാഗില്‍ ഒളിപ്പിച്ച തോക്ക് പുറത്തെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു. ഈഥന്‍ ക്രംബ്ലി കുറഞ്ഞത് 30 റൗണ്ടുകളെങ്കിലും വെടിയുതിര്‍ക്കുകയും സഹപാഠികള്‍ ഓടിപ്പോയപ്പോള്‍ വീണ്ടും തിരനിറച്ച് വെടിവെയ്പ്പ് തുടരുകയും ചെയ്തതായുമാണ് റിപ്പോര്‍ട്ടുകള്‍.
   Published by:Naveen
   First published: