കോട്ടയം: പാലായിലെ കെ എസ് ആർ ടി സി സ്റ്റേഷൻ മാസ്റ്ററെ ചാരായവുമായി പിടികൂടി. കെ എസ് ആർ ടി സി വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് സ്റ്റേഷൻ മാസ്റ്റർ മേലുകാവ് ഇല്ലിക്കൽ സ്വദേശി ജെയിംസ് ജോർജ് പിടിയിലായത്. നേരത്തെ ഇയാൾക്കെതിരെ എക്സൈസിന് വിവരം ലഭിച്ചിരുന്നു. എക്സൈസ് നിരീക്ഷിച്ചു വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഡിപ്പോയിലെത്തിയ കെ എസ് ആർ ടി സിയുടെ ആഭ്യന്തര വിജിലൻസ് സംഘം ജെയംസിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ഓഫീസ് മുറിയിൽ നിന്നാണ് ചാരായവും പിടികൂടിയത്.
നേരത്തെ ജെയിംസ് ജോർജ് ചാരായവുമായി ഓഫീസിലെത്തുന്നുവെന്ന വിവരം എക്സൈസിന് ലഭിച്ചിരുന്നു. ഇതേത്തുടർന്ന് പാലാ എക്സൈസ് പ്രിവന്‍റീവ് ഓഫീസർ ബി ആനന്ദ രാജിന്‍റെ നേതൃത്വത്തിലുള്ള സംഘം ജെയിംസിനെ കുറച്ചു നാളുകളായി നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം ഇയാളുടെ ഓഫീസിൽ ചാരായം ഉണ്ടെന്ന വിവരത്തെ തുടർന്ന് യാത്രാക്കാരെന്ന മട്ടിൽ വേഷം മാറി ആനന്ദ രാജും സംഘവും അവിടേക്ക് എത്തി ജെയിംസിനെ വളഞ്ഞെങ്കിലും ചാരായം കണ്ടെത്താനായില്ല. അരിച്ചുപെറുക്കി പരിശോധിച്ചിട്ടും ചാരായം കണ്ടെത്താനാകാതെ വന്നതോടെ എക്സൈസ് സംഘം പിൻവാങ്ങുകയും ചെയ്തു. എന്നാൽ ഇതിനു ശേഷമാണ് മിന്നൽ പരിശോധനയ്ക്കായി കെ എസ് ആർ ടി സി വിജിലൻസ് സംഘം ഡിപ്പോയിൽ എത്തിയത്. ഇവർ നടത്തിയ പരിശോധനയിൽ ചാരായം കണ്ടെത്തുകയും ചെയ്തു. അര ലിറ്റർ ചാരായമാണ് കണ്ടെത്തിയത്.
ഇതേത്തുടർന്ന് കെ എസ് ആർ ടി സി വിജിലൻസ് സംഘം പാലാ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണിനെ വിവരം അറിയിച്ചു. ഇദ്ദേഹത്തിന്‍റെ നിർദേശാനുസരണം ബി ആനന്ദ രാജും സംഘവും വീണ്ടും ഡിപ്പോയിലെത്തി ജെയിംസ് ജോണിനെതിരെ കേസെടുക്കുകയായിരുന്നു. ചാരായം കൈവശം വെച്ചെന്ന കുറ്റത്തിന് കേരള അബ്ക്കാരി ആക്ട് 1 1077, യു/എസ് 8(1), 8(2) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പ്രതിയെ തിങ്കളാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കും.
അമ്മയെ മർദിച്ച യുവാവിനെ തടയാനെത്തിയ ബന്ധുവിനെ ചവിട്ടിക്കൊന്നു
അമ്മയെ മർദ്ദിക്കുന്നത് തടാനെത്തിയ വലിയച്ഛനെ അടിച്ചുകൊന്ന സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം ബാലരാമപുരം കോഴോട് ചിറയില്‍ ദീപാരാധനയില്‍ രാമചന്ദ്രന്‍ (62) ആണ് അടിയും ചവിട്ടുമേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. രാമചന്ദ്രനെ മര്‍ദിച്ചു കൊലപ്പെടുത്തിയ സന്ദീപ് (30) എന്നയാളെ നാട്ടുകാര്‍ തടഞ്ഞുവെച്ചു പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സന്ദീപിൽ നിന്ന് മർദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായ അമ്മ സുധയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിരിക്കുകയാണ്.
ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവമുണ്ടാകുന്നത്. ഭാര്യയുടെ അനുജത്തിയായ സുധയെ അവരുടെ മകൻ സന്ദീപ് മർദ്ദിക്കുന്നത് കണ്ടാണ് രാമചന്ദ്രൻ അവിടേക്ക് എത്തിയത്. അമ്മയെ മർദ്ദിക്കുന്നതിൽനിന്ന് യുവാവിനെ പിടിച്ചു മാറ്റിയ രാമചന്ദ്രൻ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിന്നാലെ എത്തി സന്ദീപ് ചവിട്ടി വീഴ്ത്തുകയായിരുന്നു. തുടർന്ന് രാമചന്ദ്രനെ സന്ദീപ് ക്രൂരമായി മർദ്ദിച്ചു. ചെവിയിലും മുഖത്തും വയറിലും നിരവധി തവണ ചവിട്ടുകയും ചെയ്തു.
Also Read- നാലുദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു; ആദ്യ വിവാഹം മറച്ചുവെച്ച് വിവാഹം കഴിച്ച വീട്ടമ്മ അറസ്റ്റിൽ
സന്ദീപിന്‍റെ മർദ്ദനത്തിൽ തീർത്തും അവശനായി അബോധാവസ്ഥയിലായ രാമചന്ദ്രനെ പൊലീസ് സ്ഥലത്തെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ രാമചന്ദ്രന്‍റെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു. അവിവാഹിതനായ സന്ദീപിന് മാനസികപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇയാൾക്കെതിരെ കൊലക്കുറ്റം ഉൾപ്പടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ സന്ദീപിനെ റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Kerala Excise, Ksrtc, Liquor seized, Pala, Pala KSRTC