കോട്ടയം: പാലായിൽ ചാരായവുമായി പിടികൂടിയ കെ എസ് ആർ ടി സി സ്റ്റേഷൻ മാസ്റ്ററെ സസ്പെൻഡ് ചെയ്തു. കെ എസ് ആർ ടി സി വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് സ്റ്റേഷൻ മാസ്റ്റർ മേലുകാവ് ഇല്ലിക്കൽ സ്വദേശി ജെയിംസ് ജോർജ് പിടിയിലായത്. തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്യാൻ സിഎംഡി ഉത്തരവിടുകയായിരുന്നു. കോർപറേഷന്റെ സൽപേരിന് കളങ്കം ഉണ്ടാക്കിയ പ്രവർത്തി ചെയ്യുകയും എക്സൈസ് അറസ്റ്റ് ചെയ്യുകയും ചെയ്തതിനെ തുടർന്നാണ് ജയിംസ് ജോർജിനെ സസ്പെൻഡ് ചെയ്യാൻ സിഎംഡി ഉത്തരവിട്ടത്.
നേരത്തെ ഇയാൾക്കെതിരെ എക്സൈസിന് വിവരം ലഭിച്ചിരുന്നു. എക്സൈസ് നിരീക്ഷിച്ചു വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഡിപ്പോയിലെത്തിയ കെ എസ് ആർ ടി സിയുടെ ആഭ്യന്തര വിജിലൻസ് സംഘം ജെയംസിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ഓഫീസ് മുറിയിൽ നിന്നാണ് ചാരായവും പിടികൂടിയത്. 500 മില്ലി ചാരായമാണ് ഇയാളുടെ കൈയിൽ നിന്ന് പിടിച്ചെടുത്തത്.
Also Read- നാലുദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച വീട്ടമ്മ അറസ്റ്റിൽ
നേരത്തെ ജെയിംസ് ജോർജ് ചാരായവുമായി ഓഫീസിലെത്തുന്നുവെന്ന വിവരം എക്സൈസിന് ലഭിച്ചിരുന്നു. ഇതേത്തുടർന്ന് പാലാ എക്സൈസ് പ്രിവന്‍റീവ് ഓഫീസർ ബി ആനന്ദ രാജിന്‍റെ നേതൃത്വത്തിലുള്ള സംഘം ജെയിംസിനെ കുറച്ചു നാളുകളായി നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം ഇയാളുടെ ഓഫീസിൽ ചാരായം ഉണ്ടെന്ന വിവരത്തെ തുടർന്ന് യാത്രാക്കാരെന്ന മട്ടിൽ വേഷം മാറി ആനന്ദ രാജും സംഘവും അവിടേക്ക് എത്തി ജെയിംസിനെ വളഞ്ഞെങ്കിലും ചാരായം കണ്ടെത്താനായില്ല. അരിച്ചുപെറുക്കി പരിശോധിച്ചിട്ടും ചാരായം കണ്ടെത്താനാകാതെ വന്നതോടെ എക്സൈസ് സംഘം പിൻവാങ്ങുകയും ചെയ്തു. എന്നാൽ ഇതിനു ശേഷമാണ് മിന്നൽ പരിശോധനയ്ക്കായി കെ എസ് ആർ ടി സി വിജിലൻസ് സംഘം ഡിപ്പോയിൽ എത്തിയത്. ഇവർ നടത്തിയ പരിശോധനയിൽ ചാരായം കണ്ടെത്തുകയും ചെയ്തു. അര ലിറ്റർ ചാരായമാണ് കണ്ടെത്തിയത്.
Also Read- അധ്യാപികയുടെ മാറിടത്തിൽ പിടിച്ച പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ഇതേത്തുടർന്ന് കെ എസ് ആർ ടി സി വിജിലൻസ് സംഘം പാലാ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണിനെ വിവരം അറിയിച്ചു. ഇദ്ദേഹത്തിന്‍റെ നിർദേശാനുസരണം ബി ആനന്ദ രാജും സംഘവും വീണ്ടും ഡിപ്പോയിലെത്തി ജെയിംസ് ജോണിനെതിരെ കേസെടുക്കുകയായിരുന്നു. ചാരായം കൈവശം വെച്ചെന്ന കുറ്റത്തിന് കേരള അബ്ക്കാരി ആക്ട് 1 1077, യു/എസ് 8(1), 8(2) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പ്രതിയെ തിങ്കളാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Kerala Excise, Ksrtc, Liquor seized, Pala, Pala KSRTC