• HOME
  • »
  • NEWS
  • »
  • crime
  • »
  • Palakkad | RSS പ്രവർത്തകൻ്റെ കൊലപാതകം: പ്രതികൾ സഞ്ചരിച്ച കാറിൻ്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു

Palakkad | RSS പ്രവർത്തകൻ്റെ കൊലപാതകം: പ്രതികൾ സഞ്ചരിച്ച കാറിൻ്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു

വെളുത്ത നിറത്തിലുള്ള പഴയമോഡൽ മാരുതി 800 കാറാണ്. ഡോറുകളുടെ ഗ്ലാസിൽ കറുത്ത കൂളിംഗ് ഫിലിം ഒട്ടിച്ചിട്ടുണ്ട്.

rss_worker_murder

rss_worker_murder

  • Share this:
പാലക്കാട്: ആർഎസ്എസ് (RSS) പ്രവർത്തകൻ സഞ്ജിത് കൊല്ലപ്പെട്ട കേസിൽ  പ്രതികൾ സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. പാലക്കാട് (Palakkad) ദേശീയപാതയ്ക്ക് സമീപം മാമ്പറത്ത് എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ കൊലപ്പെടുത്തിയ അക്രമിസംഘം സഞ്ചരിച്ചിരുന്ന കാറിന്റെ സിസിടിവി ചിത്രങ്ങളാണ് പൊലീസ് (Kerala Police) പുറത്തിവിട്ടത്. വെളുത്ത നിറത്തിലുള്ള പഴയമോഡൽ മാരുതി 800 (Maruti 800) കാറാണ്. ഡോറുകളുടെ ഗ്ലാസിൽ കറുത്ത കൂളിംഗ് ഫിലിം ഒട്ടിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലെ സിസിടിവികൾ പരിശോധിച്ചാണ് പ്രതികൾ സഞ്ചരിച്ച കാറിന്റെ വിവരങ്ങൾ ശേഖരിച്ചത്.

കാറിനെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ പാലക്കാട് ഡിവൈഎസ്പി പി സി ഹരിദാസിനെയോ, ടൗൺ സൗത്ത് ഇൻസ്‌പെക്ടർ ഷിജു എബ്രഹാമിനെയോ അറിയിക്കണമെന്നും പൊലീസ് വ്യക്തമാക്കി. ഫോൺ: 9497990095, 9497987146.

ഇതിന് പുറമെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചു. ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് നേതൃത്വം നൽകുന്ന പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചതായി എഡിജിപി വിജയ് സാഖറേ അറിയിച്ചു. പാലക്കാട് ഡിവൈഎസ്പി പി സി ഹരിദാസ്, ആലത്തൂർ ഡിവൈഎസ്പി കെ എം ദേവസ്യ, ടൗൺ സൗത്ത് ഇൻസ്‌പെക്ടർ ഷിജു എബ്രഹാം, മീനാക്ഷിപുരം ഇൻസ്‌പെക്ടർ ജെ മാത്യു, കസബ ഇൻസ്‌പെക്ടർ രാജീവ്, കൊഴിഞ്ഞാമ്പാറ ഇൻസ്‌പെക്ടർ എം ശശിധരൻ, നെന്മാറ ഇൻസ്‌പെക്ടർ എ ദീപകുമാർ, ചെർപ്പുളശ്ശേരി ഇൻസ്‌പെക്ടർ എം സുജിത്  എന്നിവരടങ്ങിയ 34 അംഗ സംഘത്തെയാണ് നിയോഗിച്ചത്.

ഭാര്യയുമായി ബൈക്കിൽ പോവുകയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ സംഘം വഴിയിൽ തടഞ്ഞ് വെട്ടിക്കൊന്നത്. ആർ.എസ്.എസ് തേനാരി മണ്ഡൽ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് എലപ്പുള്ളി എടുപ്പുകുളം സ്വദേശിയാണ് സഞ്ജിത്ത്. ഇന്നലെ രാവിലെ 8.45ന് ദേശീയ പാതയ്ക്ക് സമീപം മമ്പറത്തുവച്ചായിരുന്നു ആക്രമണം. സംഘത്തിലുണ്ടായിരുന്ന ഒരാൾ സഞ്ജിത്തിന്റെ ഭാര്യയെ ബലമായി തടഞ്ഞുനിറുത്തിയ ശേഷമാണ് കൊലപാതകം നടത്തിയത്.

Also Read-Palakkad | RSS പ്രവര്‍ത്തകന്റെ കൊലപാതകം; അന്വേഷിക്കാന്‍ എട്ട് സംഘങ്ങള്‍; പ്രതികള്‍ക്കായി അന്വേഷണം ഊർജിതമെന്ന് പൊലീസ്

സ്റ്റേഡിയം ബസ് സ്റ്റാൻഡിനു സമീപം സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഭാര്യ അർഷിതയെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു സഞ്ജിത്ത്. മറ്റൊരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷൻ ഏജന്റാണ് സഞ്ജിത്ത്. ഇവർക്ക് ഒമ്പതുമാസം പ്രായമുള്ള കുഞ്ഞുണ്ട്. പ്രസവശേഷം സ്വന്തം വീട്ടിലായിരുന്ന അർഷിത അവിടെ നിന്നാണ് ജോലിക്ക് പോകുന്നത്. സഞ്ജിത്ത് സ്ഥിരമായി വരുന്ന സമയവും വഴിയും നിരീക്ഷിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് കരുതുന്നത്.

RSS പ്രവര്‍ത്തകന്റെ കൊലപാതകം; NIA അന്വേഷിക്കണമെന്ന് ബിജെപി

പാലക്കാട് ആർഎസ്എസ്(RSS) പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം(Murder) പരിശീലനം സിദ്ധിച്ച തീവ്രവാദികളാണ് നടത്തിയതെന്ന് ബിജെപി(BJP) സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ(K Surendran). കൊലപാതകം നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല.  പൊലീസ് പക്ഷപാതപരമായി പെരുമാറുന്നു. എസ്ഡിപിഐ(SDPI) 2020 മുതൽ സഞ്ജിത്തിനെ വധിക്കാൻ നീക്കം നടത്തിയിരുന്നതായും കെ സുരേന്ദ്രൻ പറഞ്ഞു.

ബംഗളുരുവിലും മറ്റും നടന്ന കൊലപാതകങ്ങളുടെ രീതിയിലാണ് സഞ്ജിത്തിനെ കൊല ചെയ്തത്. കേസ് അന്വേഷണം എൻഐഎ യ്ക്ക് കൈമാറണം. സർക്കാരിനോട് ആവശ്യപ്പെടാൻ ഗവർണറെ നേരിട്ട് കണ്ട് കെ സുരേന്ദ്രൻ അഭ്യർഥിച്ചു. സംസ്ഥാന സർക്കാരിനോടും ഈ ആവശ്യം ഉന്നയിക്കുന്നു. എൻഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിയെ കാണുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രി അടക്കം എസ്ഡിപിഐ യെ സഹായിക്കുന്നു. കേരള പൊലീസിൻ്റെ കൈകളിൽ കൂച്ചുവിലങ്ങാണ്. രണ്ട് കൊലപാതകങ്ങളാണ് അടുത്ത ദിവസങ്ങളിൽ എസ്ഡിപിഐ ചെയ്തത്. പാലക്കാട് തന്നെ ഷൊർണ്ണൂർ നഗരസഭയിൽ എസ് ഡി പി ഐയുമായി സിപിഎമ്മിന് പരസ്യ ബന്ധമാണുള്ളത്. മഹാരാജാസിലെ അഭിമന്യു കേസ് ഉൾപ്പെടെ സിപിഎമ്മ് തേച്ച് മാച്ച് കളഞ്ഞെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
Published by:Anuraj GR
First published: