ആത്മാര്‍ഥ സുഹൃത്തായ സഞ്ജിത്തിന്‍റെ ചിതയ്ക്ക് മുന്നില്‍ നിന്ന് സത്യം ചെയ്ത കാര്യം നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് പാലക്കാട് എലപ്പുള്ളി സുബൈര്‍ വധക്കേസ് പ്രതി രമേശ്. കൊലപാതക സംഘത്തിലേക്ക് കൂടുതലാളുകളുണ്ടായിരുന്നെങ്കിലും രണ്ട് തവണ പരാജയപ്പെട്ടതോടെ പലരും പിന്‍മാറി. പിടിക്കപ്പെടുമെന്ന് ഉറപ്പായിരുന്നിട്ടും സ്വന്തംനിലയില്‍ കൊലപാതകം നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് രമേശ് പോലീസിനോട് പറഞ്ഞു. കൊലപാതകത്തില്‍ തനിക്ക് യാതൊരു കുറ്റബോധവുമില്ലെന്നും രമേശ് അന്വേഷണസംഘത്തോട് പറഞ്ഞു. പോലീസ് പിന്തുടരുന്നുവെന്ന് മനസിലാക്കിയാണ് കൊലപാതകത്തിന് ശേഷം അധിക ദൂരെയല്ലാതെ ഒളിച്ചതെന്നും രമേശ് മൊഴി നല്‍കി.
നവംബര്‍ പതിനഞ്ചിനാണ് മമ്പ്രത്തിന് സമീപം ഭാര്യയ്ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. കൂട്ടുകാരനായ രമേശിനോട് കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് സഞ്ജിത്ത് തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും. കൊല്ലപ്പെട്ടാല്‍ സുബൈറാകും അതിന് കാരണമെന്നും സൂചിപ്പിച്ചിരുന്നു. ഇതാണ് സഞ്ജിത്തിന്റെ സംസ്ക്കാര സമയത്ത് രമേശിനെയും മറ്റ് സുഹൃത്തുക്കളെയും ശപഥമെടുക്കാന്‍ പ്രേരിപ്പിച്ചത്.
ഏപ്രില്‍ 8, 9 തിയതികളില്‍ സുബൈറിനെ കൊലപ്പെടുത്താന്‍ രമേശും സംഘവനും പദ്ധതിയിട്ടു. എന്നാല്‍ പോലീസ് സാന്നിധ്യം കാരണം ഇത് വിജയിച്ചില്ല. ഇതോടെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ പേടി കാരണം പിന്‍മാറി. ഒടുവില്‍ സ്വന്തം നിലയില്‍ സുബൈറിനെ വകവരുത്താന്‍ രമേശ് തീരുമാനിക്കുകയായിരുന്നു. വിഷുദിനത്തില്‍ പകൽ 1.45 നാണ് സുബൈറിനെ കൊലപ്പെടുത്തിയത്. തുടർന്നു കാറിൽ രക്ഷപ്പെട്ട പ്രതികൾ മണ്ണുക്കാട് കോരയാർ ഒന്നാംപുഴയിൽ നിർമാണം നടക്കുന്ന പാലത്തിന്റെ താൽക്കാലിക തടയണയ്ക്കു താഴെ വെള്ളത്തിൽ ആയുധം ഉപേക്ഷിച്ചു. മണൽ നിരത്തിയ ചാക്കുകൾക്കു താഴെയാണ് നാല് വാളുകൾ ഒളിപ്പിച്ചിരുന്നത്.
ശേഷം പ്രതികൾ കഞ്ചിക്കോട് വ്യവസായ മേഖലയിലെത്തി കാർ ഉപേക്ഷിച്ചു കോരയാര്‍ പുഴ കടന്ന് താഴെപ്പോക്കാന്തോട് വനമേഖലയിൽ ഒളിച്ചു. ഇവിടെയാണ് പ്രതികൾ ഒരു രാത്രിയും പകലും ഒളിച്ചത്. ഇതിനിടെ പ്രതികൾ ആറുമുഖന്റെ വീട്ടിലെത്തി ആവശ്യമായ വസ്ത്രവും മറ്റും ശേഖരിച്ചിരുന്നു. കടയിലെത്തി ഭക്ഷണസാധനങ്ങളും വെള്ളവും കരുതി വീണ്ടും വനത്തിലെത്തി കഴിച്ചുകൂട്ടി.
കൊലപാതക സമയത്തു ഇവർ ധരിച്ചിരുന്നതെന്നു കരുതുന്ന വസ്ത്രവും കണ്ടെത്തി. പിതാവ് അബൂബക്കറോടൊപ്പം ബൈക്കിൽ വീട്ടിലേക്കു വരുന്നതിനിടെയാണ് സുബൈര്‍ വെട്ടേറ്റു മരിച്ചത്. എതിരെ കാറിലെത്തിയ രമേശ് സുബൈർ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചു വീഴ്ത്തി. ഈ സമയം മറ്റൊരു കാറിൽ ആറുമുഖനും ശരവണനും സുബൈറിനെ പിന്തുടർന്നിരുന്നു. കാറിടിച്ചു സുബൈർ വീണതോടെ പ്രതികൾ പുറത്തിറങ്ങി തുടരെത്തുടരെ വെട്ടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
നവംബർ 15 ന് കൊല്ലപ്പെട്ട സഞ്ജിത്തിന്റെ കാർ ഉപയോഗിച്ചാണു രമേശ് സുബൈറിന്റെ ബൈക്ക് ഇടിച്ചു വീഴ്ത്തിയത്. ഇതിനിടെ കാർ തകരാറിലായതോടെ വാഹനം അവിടെ ഉപേക്ഷിച്ചു. സഞ്ജിത്ത് കൊല്ലപ്പെടും മുന്‍പ് തകരാര്‍ പരിഹരിക്കാന്‍ വര്‍ക് ഷോപ്പില്‍ നല്‍കിയിരുന്ന കാര്‍ രമേശിന്റെ കൈവശമാണുണ്ടായിരുന്നത്. ആത്മാര്‍ഥ സുഹൃത്തിന് നല്‍കിയ വാക്ക് പാലിച്ചെന്നാണ് പിടിയിലായ രമേശ് അന്വേഷണസംഘത്തോട് പറഞ്ഞത്.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.