പാലക്കാട്: സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾ വെയ്ക്കാൻ കൈക്കൂലി ആവശ്യപ്പെട്ട സപ്ലൈകോ മാനേജറെ (Supplyco Manager) വിജിലൻസ് അറസ്റ്റ് (Vigilance) ചെയ്തു. പാലക്കാട് വടവന്നൂർ സപ്ലൈക്കോ സൂപ്പർ മാർക്കറ്റ് മാനേജർ മണികണ്ഠനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. എറണാകുളം കേന്ദ്രീകരിച്ച് മൂന്ന് സ്ത്രീകൾ നടത്തുന്ന ത്രീ വീസ് കമ്പനിയുടെ ഉല്പന്നങ്ങൾ വിൽക്കുന്നതിനാണ് മാനേജർ കൈക്കൂലി ആവശ്യപ്പെട്ടത്.
സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾ വില്പനയ്ക്ക് വെക്കാൻ പത്തു ശതമാനം കമ്മീഷൻ നൽകണമെന്നായിരുന്നു ആവശ്യം. കൈക്കൂലി നൽകാനാവില്ലെന്ന് കമ്പനി ഉടമകൾ അറിയിച്ചു. സംഭവത്തിൽ കമ്പനി മാർക്കറ്റിംഗ് സ്റ്റാഫ് വിഷ്ണു പ്രസാദ് വിജിലൻസിന് പരാതി നൽകിയിരുന്നു. വിജിലൻസിൻ്റെ നിർദ്ദേശ പ്രകാരം 13,986 രുപയുടെ സാധനങ്ങൾ വടവന്നൂർ സൂപ്പർ മാർക്കറ്റിംഗിലേക്ക് വിതരണം ചെയ്തു. ഇതിനായി 1400 രൂപ വാങ്ങാൻ ശ്രമിച്ചപ്പോഴാണ് വിജിലൻസ് സപ്ലൈകോ - മാനേജർ മണികണ്ഠനെ അറസ്റ്റ് ചെയ്തത്. മറ്റു ജില്ലകളിലും ഈ കമ്പനിയുടെ ഉല്പപന്നങ്ങൾ വിതരണം ചെയ്യുന്നുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ആദ്യമാണെന്ന് കമ്പനി അധികൃതർ പറയുന്നു.
ത്രീവീസ് - മൂന്നു സഹോദരിമാരുടെ സംരംഭം
എറണാകുളം സ്വദേശി വർഷ, സഹോദരിമാരായ വിസ്മയ, വൃന്ദ എന്നിവർ ചേർന്ന് നടത്തുന്ന കമ്പനിയാണിത്. എംബിഎ പാസായ വർഷ 2019 ലാണ് സഹോദരിമാർക്കൊപ്പം ഈ സംരംഭം ആരംഭിക്കുന്നത്. തുടക്കത്തിൽ പെരുങ്കായം മാത്രമായിരുന്നു ഉൽപന്നമെങ്കിലും ഇപ്പോൾ കായത്തിനു പുറമേ മുളക്, മഞ്ഞൾ, മല്ലി, ഗോതമ്പ് തുടങ്ങി വിവിധതരം പൊടികളും ഉൾപ്പടെ മുപ്പതോളം ഉല്പന്നങ്ങൾ വിപണിയിലുണ്ട്. ചെറിയൊരു വാടക വീട്ടിൽ നിന്നും തുടങ്ങിയ സംരംഭം മികച്ച നേട്ടമാണ് കൈവരിച്ചിട്ടുള്ളത്.
ഇത്തരം സ്വയം സംരംഭങ്ങൾക്ക് സർക്കാർ പ്രോത്സാഹിപ്പിയ്ക്കുമ്പോഴാണ് ഉല്പന്നങ്ങൾ വെക്കാൻ കമ്മീഷൻ ആവശ്യപ്പെട്ട് സപ്ലൈകോ ഉദ്യോഗസ്ഥൻ അനുമതി നിഷേധിച്ചത് വന്നത്.
75000 രൂപയുടെ സ്വർണം വാങ്ങിയ യുവതി 2 ലക്ഷം രൂപയുടെ ആഭരണങ്ങളുമായി മുങ്ങി
സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ എത്തിയ യുവതി 2 ലക്ഷം രൂപയുടെ ആഭരണങ്ങളുമായി മുങ്ങി. മൂന്നാറിലെ ജിഎച്ച് റോഡിലുള്ള ആഭണശാലയിൽ തിങ്കളാഴ്ച്ച രാവിലെ 10.20 ഓടെയായിരുന്നു സംഭവം. കോയമ്പത്തൂർ സ്വദേശിയാണെന്നും പേര് രേശ്മയെന്നും പരിചയപ്പെടുത്തിയാണ് യുവതി ജ്വല്ലറിയിൽ എത്തിയത്. മലേഷ്യയിലാണ് ജോലി ചെയ്യുന്നതെന്നും പറഞ്ഞു. 3 ജോടി കമ്മലും ഒരു ബ്രേസ്ലെറ്റും ഒരു ലോക്കറ്റും വാങ്ങിയ യുവതി ഇതിന്റെ വിലയായ 77,500 രൂപ നൽകുകയും ചെയ്തു.
ഇതിനു ശേഷമായിരുന്നു മോഷണം. 36 ഗ്രാമിന്റെ രണ്ട് മാലകൾ എടുത്ത് പരിശോധിച്ച യുവതി വില ചോദിച്ചതിനു ശേഷം വൈകിട്ട് എത്തി മാല വാങ്ങാമെന്ന് അറിയിച്ചു. ഭർത്താവും മക്കളും ഹോട്ടലിലാണെന്നും അവർക്കൊപ്പം വന്ന് ബാക്കി തുക നൽകാമെന്ന് പറഞ്ഞ് അഡ്വാൻസായി 9000 രൂപയും നൽകി. ഇതിനു ശേഷം കടയിൽ നിന്ന് പോയെങ്കിലും വൈകിട്ട് തിരിച്ചെത്തിയില്ല.
രാത്രി ജ്വല്ലറി അടക്കുന്നതിന് മുമ്പ് സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് 38 ഗ്രാം തൂക്കമുള്ള രണ്ട് മാലകൾ കാണാനില്ലെന്ന് ജീവനക്കാർക്ക് മനസ്സിലായത്. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് രാവിലെ വന്ന യുവതി മാല ബാഗിൽ വെക്കുന്നതായി കണ്ടത്. കടയുടമയുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.