പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ (Sreenivasan Murder Case) കൊലപ്പെടുത്തിയ കേസില്‍ നാലുപേര്‍ പിടിയിലായതായി സൂചന. കൊലയാളിസംഘത്തിന് വാഹനം നല്‍കിയവരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. കേസിൽ കൊലയാളികൾക്ക് സഹായം ചെയ്തവരും സംരക്ഷണമൊരുക്കിയവരും ഗൂഢാലോചനയിൽ പങ്കെടുത്തവരുമായി 12 പ്രതികളുണ്ടാകുമെന്നാണ് അന്വേഷണസംഘം നൽകുന്ന ഏകദേശ സൂചന.
കൊലയ്ക്കായി നിരീക്ഷണം നടത്തിയവരെ ഉള്‍പെടെ പോലീസ് തിരയുന്നു. മറ്റ് ആർഎസ്എസ് നേതാക്കളെ ലക്ഷ്യമിട്ട് നീക്കം നടത്തിയതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. കേസില്‍ നേരിട്ട് പങ്കെടുത്ത പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് മുന്‍പ് പറഞ്ഞിരുന്നെങ്കിലും ആരെയും പിടികൂടാനായിട്ടില്ല.
പാലക്കാട് ജില്ലാ ആശുപത്രി പരിസരത്തുവെച്ചാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. കൊല്ലപ്പെട്ട പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ പോസ്റ്റുമോര്‍ട്ടം നടന്നത് ജില്ലാ ആശുപത്രിയിലായിരുന്നു.
ആ സമയം നിരവധി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അവിടെ തടിച്ചുകൂടിയിരുന്നു. ശ്രീനിവാസന്‍ വധക്കേസിലെ പ്രതികളും ആശുപത്രി പരിസരത്തുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് പൊലീസ് ഇവരെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ആശുപത്രി പരിസരത്തുനിന്ന് പ്രതികള്‍ സംഘടിച്ചെത്തിയാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് കരുതുന്നു.
Also Read-
സംഘർഷ സാധ്യത: പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ 24 വരെ നീട്ടി അതേസമയം, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി. ആര്‍എസ്എസ് പ്രവര്‍ത്തകരായ കള്ളിമുള്ളി പാറുക്കുട്ടിനിവാസില്‍ രമേശ് (42), മേനോന്‍പാറ കരിമണ്ണ് എടുപ്പുകുളം ആറുമുഖന്‍ (ആറു-27), കല്ലേപ്പുള്ളി ആലമ്പള്ളം കുറുപ്പത്ത് വീട്ടില്‍ ശരവണന്‍ എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കിയത്.
അറസ്റ്റിലായ മൂന്ന് പ്രതികളുമായും അന്വേഷണസംഘം കഴിഞ്ഞദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. കോരയാര്‍ ഒന്നാംപുഴയില്‍ മണ്ണുകാട്ട് നടത്തിയ തെളിവെടുപ്പില്‍ സംഘം സംഭവത്തിനുശേഷം ഒളിപ്പിച്ച നാല് വാളുകള്‍ കണ്ടെടുത്തു. തുടര്‍ന്ന്, എലപ്പുള്ളി പഞ്ചായത്ത് അതിര്‍ത്തിയിലെ മേലേപോക്കാംതോട് എന്ന സ്ഥലത്ത്, കൃത്യത്തിനുശേഷം സംഘം മൂന്നുദിവസം ഒളിവില്‍ക്കഴിഞ്ഞ കാട്ടിലും തെളിവെടുപ്പ് നടന്നു. ഇവിടെനിന്ന് രക്തംപുരണ്ട വസ്ത്രവും കണ്ടെടുത്തു. കോടതിയില്‍നിന്ന് കസ്റ്റഡിയില്‍ വാങ്ങിയശേഷമാവും അക്രമംനടന്ന സ്ഥലത്തുംമറ്റും തെളിവെടുപ്പ് നടത്തുകയെന്നും പോലീസ് പറഞ്ഞു.
Also Read-
ശ്രീനിവാസൻ വധക്കേസ്: ആറു പ്രതികളിൽ നാലുപേരെ തിരിച്ചറിഞ്ഞുഅറസ്റ്റിലായ രമേശാണ് സുബൈര്‍ വധത്തിന്റെ സൂത്രധാരനെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. കൃത്യത്തില്‍ നേരിട്ടുപങ്കെടുത്തത് അറസ്റ്റിലായ മൂവര്‍സംഘമാണെന്നും പൊലീസ് പറയുന്നു. തനിക്കെന്തെങ്കിലും അപകടം സംഭവിച്ചാല്‍ അതിന് ഉത്തരവാദി സുബൈറായിരിക്കുമെന്ന്, മരിക്കുന്നതിനുമുമ്പ് സഞ്ജിത്ത് ഉറ്റസുഹൃത്തായ രമേശിനോട് പറഞ്ഞിരുന്നു. ഇത് രമേശിന്റെ മൊഴിയാണെന്ന് എഡിജിപി പറഞ്ഞു. സഞ്ജിത്ത് കൊല്ലപ്പെട്ടശേഷം രമേശ് അവസരം കാത്തുകഴിയുകയായിരുന്നു. കൃത്യത്തിന് സഹായികളായി പലരെയും സമീപിച്ചെങ്കിലും ഒഴിഞ്ഞുമാറി. പിന്നീടാണ് ശരവണനും ആറുമുഖനും സഹായിക്കാന്‍ സന്നദ്ധരായതെന്നും രമേശ് മൊഴിനല്‍കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.