• HOME
  • »
  • NEWS
  • »
  • crime
  • »
  • ബിജെപിയിൽ നിന്ന് രാജിവെച്ച് യുഡിഎഫ് ആയി ഉപതെരഞ്ഞെടുപ്പിൽ ജയിച്ച പഞ്ചായത്ത് അംഗത്തിന് മർദനം

ബിജെപിയിൽ നിന്ന് രാജിവെച്ച് യുഡിഎഫ് ആയി ഉപതെരഞ്ഞെടുപ്പിൽ ജയിച്ച പഞ്ചായത്ത് അംഗത്തിന് മർദനം

വർഷങ്ങളായി ബിജെപിയുടെ സജീവ പ്രവർത്തകനായിരുന്ന ബൈജു അടുത്തിടെ നേതൃത്വവുമായുള്ള അഭിപ്രായവ്യാത്യാസങ്ങൾ കാരണം ബിജെപിയിൽ നിന്ന് രാജി വെച്ചിരുന്നു

  • Share this:
ആലപ്പുഴ: ബിജെപിയിൽ നിന്ന് രാജിവെച്ച് യുഡിഎഫ് സ്വതന്ത്ര അംഗമായി ഉപതെരഞ്ഞെടുപ്പിൽ ജയിച്ച പഞ്ചായത്ത് അംഗത്തെ ക്രൂരമായി മർദ്ദിച്ചു. ആലപ്പുഴ മുതുകുളത്താണ് വാർഡ് അംഗത്തിന് മർദ്ദനമേറ്റത്. ടി. എസ് ബൈജുവിനെയാണ് ഒരു സംഘം ആളുകൾ മർദ്ദിച്ചത്. ബിജെപി അംഗമായിരുന്ന ബൈജു പാർട്ടിയിൽ നിന്ന് രാജിവച്ച ശേഷം യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിക്കുകയായിരുന്നു. മർദനത്തിൽ ബൈജുവിന്‍റെ കാലൊടിഞ്ഞു. ഇരുമ്പ് വടി കൊണ്ടുള്ള ആക്രമണത്തിൽ ബൈജുവിൻ്റെ കൈക്കും കാലിനും ഗുരുതര പരിക്കേറ്റു.

ഇക്കഴിഞ്ഞ ബുധനാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിൽ മുതുകുളം പഞ്ചായത്തിലെ നാലാം വാർഡിൽ നിന്ന് മത്സരിച്ച ബൈജു 103 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയാണ് ജയിച്ചത്. വ്യാഴാഴ്ച വോട്ടെണ്ണലിന് പിന്നാലെ വൈകിട്ട് നടന്ന ആഹ്ലാദപ്രകടത്തിനിടെയാണ് ബൈജുവിന് മർദ്ദനമേറ്റത്.

ശരീരമാസകലം മർദ്ദനമേറ്റ ബൈജുവിനെ ഹരിപ്പാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈജുവിന്‍റെ ഒരു കാലിന് ഒടിവ് സംഭവിച്ചതായി എക്സ്റേ പരിശോധനയിൽ വൈക്തമായി. കൂടാതെ കൈക്കും പരുക്കുകളുണ്ട്.

Also Read- തദ്ദേശ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫിന് നേട്ടം; സിപിഎമ്മിന്റെ ആറും ബിജെപിയുടെ രണ്ടും സീറ്റ് പിടിച്ചെടുത്തു

2020ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി അംഗമായി ബൈജു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വർഷങ്ങളായി ബിജെപിയുടെ സജീവ പ്രവർത്തകനായിരുന്ന ബൈജു അടുത്തിടെ നേതൃത്വവുമായുള്ള അഭിപ്രായവ്യാത്യാസങ്ങൾ കാരണം ബിജെപിയിൽ നിന്ന് രാജി വെച്ചിരുന്നു. വാർഡ് മെംപർ സ്ഥാനവും രാജിവെച്ച് സ്വതന്ത്രനായി തെരഞ്ഞെടുപ്പിനെ നേരിടുകയും ജയിക്കുകയുമായിരുന്നു. ഇദ്ദേഹത്തെ പിന്തുണച്ച് യുഡിഎഫ് രംഗത്തുവരികയായിരുന്നു. ബൈജു 487 വോട്ടും എൽഡിഎഫ് സ്ഥാനാർഥി മധുകുമാർ 384 വോട്ടും നേടി. ബിജെപി സ്ഥാനാർഥി ജയേഷ് ജനാർദ്ദന് കിട്ടിയത് 69 വോട്ട് മാത്രമായിരുന്നു

ബൈജുവിനെ ആക്രമിച്ചതിന് പിന്നിൽ ബിജെപിയാണ് യുഡിഎഫ് ആരോപിച്ചു. എന്നാൽ അക്രമം നടത്തിയവരെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നുമാണ് പൊലീസ് അറിയിക്കുന്നത്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

'അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം': കെ സുധാകരൻ

മുതുകുളം പഞ്ചായത്തിലെ ഇന്ന് ഫലം അറിഞ്ഞ നാലാം വാർഡിലെ മെമ്പർ ജി.എസ് ബൈജുവിനെ ആക്രമിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ശക്തമായി ആവശ്യപ്പെടുന്നതായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.

ബിജെപിയുടെ വർഗീയ ഫാസിസ്റ്റ് നിലപാടുകളിൽ മനം മടുത്ത് പാർട്ടി വിട്ട ബിജുവിന് പൂർണ്ണ പിന്തുണ ആലപ്പുഴയിലെയും മുതുകുളത്തെയും മുഴുവൻ കോൺഗ്രസ്സ് പ്രവർത്തകരും നൽകിയതാണ്. ശക്തമായ മത്സരത്തിൽ നൂറിലേറെ വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ബിജുവിനെ ജനാധിപത്യ മത്സരത്തിൽ തോൽപിക്കാൻ കഴിയാത്ത ഭീരുക്കളാണ് ഇരുട്ടിൻ്റെ മറവിൽ അദേഹത്തെ ആക്രമിച്ചിരിക്കുന്നത്.

ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധിക്കാണ് ബിജെപി ഗുണ്ടകളുടെ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റത്.
തെരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയാതെ പോയാൽ വാളെടുക്കുന്ന സംസ്കാരം ഈ നാടിന് ചേർന്നതല്ല. പതിവു പോലെ പ്രതികളെ രക്ഷിക്കാൻ നോക്കിയാൽ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കേരള പോലീസിനെ ഓർമപ്പെടുത്തുന്നതായും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

മുതുകുളത്ത് യുഡിഎഫ് ഹർത്താൽ

മുതുകുളം പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് മുതുകുളത്ത് യുഡിഎഫ് ഹർത്താൽ ആചരിക്കുകയാണ്. രുമ്പുവടി ഉപയോഗിച്ച് ബൈജുവിനെ ആക്രമിക്കുകയായിരുന്നു.
Published by:Anuraj GR
First published: