• HOME
 • »
 • NEWS
 • »
 • crime
 • »
 • Crime |പെട്രോള്‍ പമ്പില്‍ ഫോണ്‍ വിളി വിലക്കിയ ജീവനക്കാരനു നേരെ ഗുണ്ടാ ആക്രമണം; പോലീസ് എത്താന്‍ വൈകിയെന്ന് പരാതി

Crime |പെട്രോള്‍ പമ്പില്‍ ഫോണ്‍ വിളി വിലക്കിയ ജീവനക്കാരനു നേരെ ഗുണ്ടാ ആക്രമണം; പോലീസ് എത്താന്‍ വൈകിയെന്ന് പരാതി

പലതവണ വെട്ടാനുള്ള ശ്രമം തടയുന്നതിനിടെ ആണ് അനന്തുവിന് കയ്യില്‍ വെട്ടേല്‍ക്കുന്നത്.

 • Share this:
  വിഴിഞ്ഞം: പോലീസ് സ്റ്റേഷന് സമീപത്തെ പെട്രോള്‍ പമ്പില്‍(petrol pump) ഇന്ധനം നിറയ്ക്കുന്നതിനിടെ ഫോണ്‍ വിളി വിലക്കിയ ജീവനക്കാരനു നേരെ ഗുണ്ടാ ആക്രമണം(goonda attack). ആക്രമണത്തില്‍ ജീവനക്കാരന് കൈക്ക് വെട്ടേറ്റു. വിഴിഞ്ഞം ജംക്ഷനു സമീപമുള്ള ഷാ പെട്രോളിയം പമ്പില്‍ ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. വിഴിഞ്ഞം തെന്നൂര്‍ക്കോണം കരയടിവിള അമ്പ്രാഞ്ചിവിളയില്‍ അനന്തുവിനാണ്(24) ഇടതു കൈമുട്ടില്‍ വെട്ടേറ്റത്.

  സംഭവത്തില്‍ വിഴിഞ്ഞം ടൗണ്‍ ഷിപ് കോളനി സ്വദേശി സഫറുളളഖാനെതിരെ(28) വധശ്രമത്തിന് കേസെടുത്തു. പ്രതി നിരീക്ഷണ വലയത്തിലായെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നും പോലീസ് സൂചന നല്‍കി. സഫറുള്ള വിഴിഞ്ഞം കോവളം,ബാലരാമപുരം, വിതുര തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ കൊലപാതക ശ്രമം അടക്കം വിവിധ കേസുകളില്‍ പ്രതിയാണ്.

  പെട്രോള്‍ നിറയ്ക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചത് വിലക്കിയതാണ് പ്രകോപന കാരണം എന്നു പൊലീസ് പറഞ്ഞു. പ്രതി സഞ്ചരിച്ചിരുന്ന ബാലരാമപുരം സ്വദേശിയുടെ ബൈക്ക് പൊലീസ് കണ്ടെടുത്തു.

  സുഹൃത്തിനൊപ്പം ബൈക്കിനു പിന്നിലിരുന്നു പമ്പിലെത്തിയ സഫറുളളഖാന്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചത് അപകട സാധ്യത മുന്‍ നിര്‍ത്തി ജീവനക്കാരന്‍ വിലക്കി. തുടര്‍ന്ന് ഇയാള്‍ അനന്തുവിനെ അസഭ്യം പറഞ്ഞു. ഭീഷണിപ്പെടുത്തി മടങ്ങിയ പ്രതി അല്പസമയത്തിന് ശേഷം തിരിച്ചെത്തി അനന്തുവിനെ ആക്രമിക്കുകയായിരുന്നു.

  പലതവണ വെട്ടാനുള്ള ശ്രമം തടയുന്നതിനിടെ ആണ് അനന്തുവിന് കയ്യില്‍ വെട്ടേല്‍ക്കുന്നത്. പമ്പിലുള്ളവരും നാട്ടുകാരുള്‍പ്പെടെയുള്ളവരും ഓടിയെത്തിയാണ് ആക്രമിയെ തടഞ്ഞത്.

  Also read: Kitex camp violence | കിഴക്കമ്പലം കിറ്റെക്സ് തൊഴിലാളികളുടെ ആക്രമണം; നാലുപേരെ പോലീസ് കസ്റ്റഡിയിൽ വിട്ടു

  ഗുണ്ടാ ആക്രമണം നടന്ന പമ്പും പൊലീസ് സ്റ്റേഷനുമായുള്ള അലം വിളിപ്പാടകലെ മാത്രമായിരുന്നിട്ടും പോലീസ് സംഭവ സ്ഥലത്ത് എത്താന്‍ വൈകി എന്ന് പമ്പ് അധികൃതര്‍ പരാതിപ്പെട്ടു. വാക്കുതര്‍ക്കമുയര്‍ന്ന ആദ്യ സംഭവമുണ്ടായപ്പോള്‍ തന്നെ തങ്ങള്‍ പൊലീസില്‍ വിവരം അറിയിച്ചുവെങ്കിലും പൊലീസ് എത്തിയില്ല. ആക്രമണം നടന്ന് പരിക്കേറ്റ ആളെ ആശുപത്രിയില്‍ കൊണ്ടു പോയ ശേഷമാണ് പോലീസ് സ്ഥലത്ത് എത്തിയതെന്നും പമ്പ് അധികൃതര്‍ പരാതി ഉന്നയിച്ചു.

  പതിനൊന്നു വയസ്സുകാരനെ വഴിയിൽ തടഞ്ഞു നിർത്തി മർദിച്ചു; ചോദ്യം ചെയ്ത കുടുംബാംഗങ്ങളെ വീട്ടിൽ കയറി ആക്രമിച്ചു

  തിരുവനന്തപുരം: പതിനൊന്ന് വയസ്സുകാരനെ വഴിയിൽ തടഞ്ഞു നിർത്തി മർദിച്ചത് ചോദ്യം ചെയ്ത കുടുംബാംഗങ്ങൾക്കെതിരെ വീട്ടിൽ കയറി ആക്രമണം.

  ആക്രമണത്തിൽ വട്ടിയൂർക്കാവ് നെട്ടയം കല്ലിംഗവിള സ്വദേശിയായ അനിൽകുമാർ, ശ്യാമള, മകൻ അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെ നടന്ന സംഭവമാണ് ഒടുവിൽ ആക്രമണത്തിൽ കലാശിച്ചത്. ബാലസംഘത്തിന്റെ പരിപാടിയിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങി വരുമ്പോഴായിരുന്നു അഭിജിത്തിനെ ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. സൈക്കിളിൽ വരുകയായിരുന്ന അഭിജിത്തിനെ വീടിന് സമീപത്ത് വെച്ച് അയൽവാസിയായ യുവാവ് തടയുകയും തുടർന്ന് മർദിക്കുകയുമായിരുന്നു.

  ഇക്കാര്യം അഭിജിത്ത് വീട്ടിലെത്തി പറഞ്ഞതിനെ തുടർന്ന് മർദിച്ചയാളും കുട്ടിയുടെ വീട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് രാത്രി എട്ടുമണിയോടെ അയൽവാസിയായ യുവാവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകൾ അഭിജിത്തിന്റെ വീട്ടിലെത്തി വീട്ടുകാരെ ആക്രമിക്കുകയായിരുന്നു.

  ആക്രമണത്തിൽ പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അനിൽകുമാറിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. മൂക്കിനാണ് അനിൽകുമാറിന് പരിക്കേറ്റത്. അഭിജിത്തിന് മുഖത്തും ശ്യാമളയ്ക്ക് കൈക്കുമാണ് പരിക്കേറ്റത്. പ്രദേശവാസികളായ അഞ്ച് പേർക്കെതിരെ കേസെടുത്തതായി വട്ടിയൂർക്കാവ് എസ്.ഐ. ജയപ്രകാശ് പറഞ്ഞു.
  Published by:Sarath Mohanan
  First published: