• HOME
  • »
  • NEWS
  • »
  • crime
  • »
  • മോഷണശ്രമത്തിനിടെ ഫോൺ നഷ്ടമായി; ചിക്കൻ കടയിൽ പൊലീസ് ഒരുക്കിയ കെണിയിൽ പ്രതി പിടിയിൽ

മോഷണശ്രമത്തിനിടെ ഫോൺ നഷ്ടമായി; ചിക്കൻ കടയിൽ പൊലീസ് ഒരുക്കിയ കെണിയിൽ പ്രതി പിടിയിൽ

പത്തുവര്‍ഷത്തിലേറെയായി ഇരുവരും ചേർന്ന് നൂറിലധികം മോഷണങ്ങൾ നടത്തിയെങ്കിലും പിടിയിലാകുന്നത് ഇതാദ്യമായാണ്...

  • Last Updated :
  • Share this:
    കൊല്ലം: ആളില്ലെന്ന് കരുതി വീട്ടിൽ കയറി സ്വർണം മോഷ്ടിക്കാൻ ശ്രമിച്ച രണ്ടുപേരെ തന്ത്രപൂർവ്വം കുടുക്കി പൊലീസ്. കൊല്ലം നിലമേലിലാണ് സംഭവം. തിരുവനന്തപുരം വെടിവെച്ചാംകോവിൽ അറപ്പുരവീട്ടിൽ രാജേഷ്, രാജേഷിന്റെ സഹായി വെള്ളായണി സ്വദേശി സുഭാഷ് എന്നിവരാണ് പിടിയിലായത്. മോഷണം നടത്തുമ്പോൾ വീട്ടുകാർ വരുന്നത് കൊണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഫോൺ നഷ്ടമായതാണ് കേസിൽ പൊലീസിന് തുമ്പായത്.

    കൊല്ലം നിലമേൽ എം.സി റോഡിന് സമീപം കണ്ണംകോടുളള വീട്ടിലെ പിൻവശത്തെ വാതിൽ പൊളിച്ചാണ് പ്രതികൾ വീടിനുള്ളിൽ കടന്നത്. അലമാരയിൽനിന്ന് സ്വർണം എടുക്കുന്നതിനിടെ പുറത്തുപോയിരുന്ന വീട്ടുകാർ സ്ഥലത്തെത്തി. ആളനക്കം കേട്ട് പിൻവശത്തെ വാതിൽ വഴി ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാക്കളിൽ ഒരാളുടെ ഫോൺ കളഞ്ഞുപോകുകയായിരുന്നു.

    വീട്ടുകാർ പൊലീസിൽ പരാതി നൽകിയതോടെ, ചടയമംഗലം പൊലീസ് സ്ഥലത്തെത്തി. പരിശോധനയിൽ മോഷ്ടാക്കളുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരു ചിക്കൻ കടയിലെ ബംഗാൾ സ്വദേശിയുമായി പ്രതികൾ ഫോൺ വിളിക്കുന്ന കാര്യം പൊലീസ് ശ്രദ്ധയിൽപ്പെട്ടു.

    തുടർന്ന് ചിക്കൻകടയിലെ ബംഗാൾ സ്വദേശിയെക്കൊണ്ട് രാജേഷിന്‍റെ രണ്ടാമത്തെ ഫോൺ നമ്പരിലേക്ക് പൊലീസ് വിളിപ്പിക്കുകയായിരുന്നു. ഫോൺ കളഞ്ഞുകിട്ടിയിട്ടുണ്ടെന്നും കടയിൽ എത്തിയാൽ കൈമാറാമെന്നും അറിയിച്ചു. ഇതനുസരിച്ച് രാജേഷ് ചിക്കൻകടയിലെത്തി. സമീപത്ത് കാത്തുനിൽക്കുകയായിരുന്ന മഫ്ത്തിയിലുള്ള പൊലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു.

    Also Read- 'കടുവക്കുഞ്ഞിന് 25 ലക്ഷം രൂപ'; പൂച്ചക്കുഞ്ഞുങ്ങളെ പെയിന്റടിച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

    കഴിഞ്ഞ പത്തുവർഷമായി തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി നൂറിലധികം മോഷണം നടത്തിയ രണ്ടുപേരാണ് പിടിയിലായതെന്ന് ചടയമംഗലം പൊലീസ് പറഞ്ഞു. മരപ്പണിക്കാരനായ രാജേഷിന് അനായാസം വാതിലുകൾ കുത്തിത്തുറക്കാനുള്ള വിദ്യകൾ അറിയാം. ഇത്തരത്തിൽ വീടുകളിലെയും കടകളുടെയും പിൻവാതിൽ തകർത്താണ് സംഘം മോഷണം നടത്തിയിരുന്നത്. രാജേഷ് മോഷ്ടിക്കുന്ന സാധനങ്ങൾ വിറ്റ് കാശാക്കി നൽകിയിരുന്നത് സുഭാഷ് ആയിരുന്നു. പത്തുവര്‍ഷത്തിലേറെയായി ഇരുവരും ചേർന്ന് മോഷണം നടത്തിവരികയായിരുന്നെങ്കിലും ആദ്യമായാണ് ഇവർ പിടിയിലാകുന്നതെന്ന് ചടയമംഗലം പൊലീസ് പറഞ്ഞു.
    Published by:Anuraj GR
    First published: