കൊല്ലം: ചികിത്സയ്ക്കായി എത്തിച്ച റിമാന്‍ഡ് പ്രതി ആശുപത്രിയിൽ നിന്ന് പൊലീസിനെ വെട്ടിച്ചുകടന്നു. പിന്നീട് പിങ്ക് പൊലീസ് സംഘം പ്രതിയെ സാഹസികമായി പിടികൂടി. പത്തനാപുരം പിടവൂര്‍ കമുകുംചേരി മണിഭവനം വീട്ടില്‍ ജി. രതീഷ് കുമാര്‍ (43- രാജീവ്) ആണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. പത്തനാപുരം എം.എല്‍.എ കെ ബി ഗണേഷ് കുമാറിന്‍റെ ഓഫിസ് അടിച്ച് തകര്‍ത്ത് ജീവനക്കാരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പത്തനാപുരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞുവരുകയായിരുന്നു രതീഷ് കുമാർ.
വെള്ളിയാഴ്ച രാവിലെ ജില്ലാ ജയിലില്‍ നിന്ന് ജയില്‍- പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം ചികിത്സക്കായി ജയില്‍ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയില്‍ ഇയാളെ എത്തിച്ചിരുന്നു. ഏഴ് പ്രതികളെയാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ പരിശോധനയ്ക്ക് കാത്തു നിൽക്കുന്നതിനിടെയാണ് രതീഷ് കുമാർ പ്രിസണ്‍ ഓഫിസറെ വെട്ടിച്ച് കടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത്.
ഉടൻ തന്നെ വിവരം പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചു. പ്രതി രക്ഷപ്പെട്ട വിവരം അറിഞ്ഞ ജില്ല പോലീസ് മേധാവി ടി. നാരായണന് സിറ്റി പരിധിയിലെ മുഴുവന്‍ പൊലീസ് സേനയെയും അലര്‍ട്ട് ചെയ്തു. ഈ സമയം കൊല്ലം നഗരത്തിൽ പെട്രോളിങ് നടത്തുകയായിരുന്നു പിങ്ക് പൊലീസ് സംഘം റിമാൻഡ് പ്രതിയെ കണ്ടു. പൊലീസ് കണ്ടെന്ന് മനസിലാക്കിയ ഇയാൾ ഓടിരക്ഷപെടാൻ ശ്രമിച്ചു. എന്നാൽ പിങ്ക് പൊലീസ് സംഘം ഇയാളെ പിന്തുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു.
പിങ്ക് പൊലീസ് സംഘത്തിലെ സീനിയർ സി. പി. ഒ സിന്ധു, സി. പി. ഒ വിദ്യ, ദ്രുതകര്‍മസേനയിലെ സി. പി. ഒ മനേഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടിയത്. രതീഷ് കുമാറിനെതിരെ തടവ് ചാടിയതിന് കൊല്ലം ഈസ്റ്റ് പൊലീസ് കേസ് എടുത്തു.
പാറാവ് ഡ്യുട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ മുഖത്ത് ഇടിച്ചയാൾ പിടിയിൽ
പാറാവ് ഡ്യുട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ മുഖത്ത് ഇടിക്കുകയും മറ്റൊരു ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. നേര്യമംഗലം തലക്കോട് മറ്റത്തില്‍ വീട്ടില്‍ ബിനു (കുട്ടായി 44) എന്നയാളെയാണ് ഊന്നുകല്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഊന്നുകല്‍ പോലീസ് സ്‌റ്റേഷനില്‍ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസിലെ പ്രതിയാണ് ഇയാൾ.
Also Read- രോഗിയുമായി പോയ കാർ ഇടിച്ചു; കിഴക്കമ്പലത്ത് മൂന്ന് സ്ത്രീകൾ മരിച്ചു
ഊന്നുകൽ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ഗുണ്ടാ ലിസ്റ്റിൽ ഉള്‍പ്പെട്ടയാളും നിരവധി കേസുകളിലെ പ്രതിയുമാണ് ബിനുവെന്ന് പോലിസ് പറഞ്ഞു. രാത്രി പോലിസ് സ്‌റ്റേഷനില്‍ ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ ഇയാള്‍ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥന്റെ മുഖത്ത് ഇടിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച സ്‌റ്റേഷന്‍ റൈറ്ററെയും ഇയാള്‍ ആക്രമിച്ചു.
കഴിഞ്ഞ ദിവസം രാത്രിയിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് കോതമംഗലം കോടതിയില്‍ ഹാജരാക്കി. ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഊന്നുകല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ കെ ജി റിഷികേശന്‍ നായര്‍, എ എസ് ഐ അഷറഫ്, സി പി ഒ മാരായ ജിജോ മാത്യു, ഷനില്‍ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കസ്റ്റഡിയിൽ എടുക്കാൻ എത്തിയ പൊലീസ് സംഘത്തെ വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ചെങ്കിലും വിദഗ്ദ്ധമായി പ്രതിയെ പിടികൂടുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Kerala police, Kollam, Pink police