കൊച്ചി: അങ്കമാലിയിൽ പിസ്റ്റളുമായി രണ്ട് അതിഥി തൊഴിലാളികൾ പിടിയിലായ സംഭവത്തിൽ അന്വേഷണം വിപുലമാക്കി പൊലീസ്. ഉത്തർപ്രദേശ് സഹാറൻപൂർ സ്വദേശികളായ ബുർഹൻ അഹമ്മദ്, ഗോവിന്ദ് കുമാർ എന്നിവരെയാണ് അങ്കമാലി പോലീസ് അറസറ്റ് ചെയ്തത്. കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയുടെ ഹോസ്റ്റൽ നിർമ്മാണവുമായി ബന്ധപ്പെട്ട തൊഴിലാളിയാണ് ബുർഹാൻ. കരാറുകാരൻ 48000 രൂപയോളം നൽകാനുണ്ടെന്ന് ബുർഹാൻ പോലീസിനോട് പറഞ്ഞു. ഇതുവാങ്ങിയെടുക്കുന്നതിന് സുഹൃത്തായ ഗോവിന്ദ് കുമാറിനെ തോക്കുമായി ഉത്തർപ്രദേശിൽ നിന്നും വരുത്തുകയായിരുന്നു. 6 മാസം മുമ്പാണ് ബുർഹാൻ ഇവിടെ ജോലിക്ക് എത്തുന്നത്.
ആശുപത്രി നിർമ്മാണം നടക്കുന്ന സ്ഥലത്ത് ബുർഹാനെ തേടിയാണ് ഗോവിന്ദ് കമാർ എത്തുന്നത്. ഇയാളുടെ ബാഗ് കണ്ട് സംശയം തോന്നിയ ആശുപത്രി ജീവനക്കാർ ജില്ലാ പോലിസ് മേധാവി കെ . കാർത്തിക്കിനെ വിവരം അറിയിക്കകയായിരുന്നു. ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതികൾ പിടിയിലാകുന്നത്. ഇവരിൽ നിന്നും കത്തിയും, വയർക്കട്ടറും കണ്ടെടുത്തിട്ടുണ്ട്. വെടിമരുന്ന് നിറച്ച് ഉപയോഗിക്കുന്ന പഴയ പിസ്റ്റളാണ് ഇവരിൽ നിന്നും പിടികൂടിയത്. ഗോവിന്ദകുമാർ തോക്ക് ഉത്തർപ്രദേശിൽ നിന്നും പണം കൊടുത്ത് വാങ്ങിയതാണ്.
പ്രതികളുടെ പശ്ചാത്തലം സംബന്ധിച്ച് പോലീസ് അന്വേഷണം വിപുലമാക്കിയിട്ടുണ്ട്. ഇവർക്ക് നാട്ടിലുള്ള ബന്ധങ്ങളെക്കുറിച്ചും തോക്ക് ലഭിക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. പണം നൽകിയാണ് തോക്ക് വാങ്ങിയതെന്ന് ഗോവിന്ദ് കുമാർ പറഞ്ഞിട്ടുണ്ട്. എങ്കിലും ഇത് മുഴുവനായി വിശ്വസിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ പോലീസ് ഇതിനകം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നേരത്തെയും ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കുറ്റകൃത്യങ്ങൾ പെരുകുന്നതായും ഇവർക്ക് ആയുധങ്ങൾ ലഭിക്കുന്നതായും രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട് ഉണ്ടായിരുന്നു.
നേരത്തെ കോതമംഗലത്ത് നടന്ന ഡോക്ടർ മാനസ കൊലക്കേസിലും തോക്ക് വാങ്ങിയത് ഉത്തരേന്ത്യയിൽ നിന്നാണെന്ന് തെളിഞ്ഞിരുന്നു. ഇതും ഇതര സംസ്ഥാന തൊഴിലാളികൾ വഴിയാണ് കൈവശപ്പെടുത്തിയത്. തോക്കുകൾ മറ്റാർക്കെങ്കിലും വേണ്ടി കേരളത്തിൽ എത്തിച്ചു നൽകുന്ന തൊഴിലാളികൾ ഉണ്ടോയെന്നതും പുതിയ സാഹചര്യത്തിൽ പോലീസ് പരിശോധിക്കുന്നുണ്ട് . അറസ്റ്റിലായ ബുർഹാൻ അഹമ്മദും ഗോവിന്ദ് കുമാറും റിമാൻഡിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇവരുമായി നാട്ടിൽ നിന്ന് ആരെങ്കിലും ബന്ധപ്പെട്ടിരുന്നോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട് . ഇവരുടെ ഫോൺ കോൾ വിശദാംശങ്ങളും പരിശോധിച്ച് വരികയാണ് .
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.